മനുഷ്യനെ ആദ്യമായി ചന്ദ്രനില്‍ എത്തിച്ച അപ്പോളോ 11 അതിലെ സഞ്ചാരികളായ നീല്‍ ആംസ്ട്രോങ്, മൈക്കല്‍ കോളിന്‍സ്, എഡ്വിന്‍ ആല്‍ഡ്രിന്‍ എന്നിവരുമായി തിരികെ ഭൂമിയിലേക്ക് വരുന്ന 1969 ജൂലൈ 23ന് പേടകം സമുദ്രത്തില്‍ പതിക്കുന്നതിന് മുന്‍പായി അവസാന ഘട്ട വാര്‍ത്താ വിനിമയം നടത്തേണ്ട നാസയുടെ ഗ്വാമിലെ ട്രാക്കിങ് നിലയത്തിന്റെ മേധാവി ഞെട്ടിപ്പിക്കുന്ന ഒരു തകരാറ് കണ്ടു പിടിച്ചു. നാസയുടെ വാര്‍ത്താ വിനിമയ സംവിധാനത്തെ അപ്പോളോയുമായി ബന്ധിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന ശക്തി കൂടിയ ആന്റിനയുടെ ബെയറിങ് തകരാര്‍ ആയതിനാല്‍ ആന്റിന പ്രവര്‍ത്തന രഹിതം ആയിരിക്കുന്നു. അവസാന ഘട്ട സന്ദേശങ്ങള്‍ കൈമാറാതെ പേടകം സുരക്ഷിതമായി ഇറക്കാനാവില്ല. ആന്റിന പ്രവര്‍ത്തനക്ഷമം ആക്കണം എങ്കില്‍ അത് അഴിച്ചെടുത്ത് അതിന്റെ ബെയറിങ് മാറ്റണം. അതിനുള്ള സമയവുമില്ല. പേടകം ഉടന്‍ ഭൂമിയുടെ അന്തരീക്ഷത്തിലെത്തും. ട്രാക്കിങ് നിലയം മേധാവി ചാള്‍സ് ഫോഴ്സിന് അപ്പോഴാണ് ഒരു ആശയം തോന്നിയത്. കേടായ ബെയറിങ്ങിനു ചുറ്റും കുറച്ച് ഗ്രീസ് തേച്ചു പിടിപ്പിക്കാന്‍ കഴിഞ്ഞാല്‍ തല്‍ക്കാലം പ്രശ്നം പരിഹരിക്കാന്‍ കഴിയും. ആപ്പോഴാണ് അടുത്ത പ്രശ്നം. ബെയറിങ്ങിലേക്ക് എത്താനുള്ള വിടവിന് വെറും രണ്ടര ഇഞ്ച് മാത്രമേ വലിപ്പമുള്ളൂ. ട്രാക്കിങ് നിലയത്തിലെ സാങ്കേതിക വിദഗ്ദ്ധര്‍ക്കാര്‍ക്കും അതിലൂടെ കൈ കടത്താന്‍ കഴിയുന്നില്ല. ചാള്‍സിന് മറ്റൊരു ആശയം തോന്നി. ഉടന്‍ ഒരാളെ തന്റെ വീട്ടിലേക്ക് വിട്ടു തന്റെ 10 വയസ്സുള്ള മകന്‍ ഗ്രെഗ്ഗിനെ കൂട്ടി കൊണ്ടു വന്നു. ഗ്രെഗ്ഗ് തന്റെ ചെറിയ കൈ വിടവിലൂടെ ഇട്ട് ബെയറിങ്ങില്‍ ഗ്രീസ് പുരട്ടി. അതോടെ ആന്റിന പ്രവര്‍ത്തന ക്ഷമം ആവുകയും ചെയ്തു. അപ്പോളോ 11 അടുത്ത ദിവസം സുരക്ഷിതമായി വെള്ളത്തില്‍ പതിക്കുകയും ചെയ്തു.
ഗ്രെഗ്ഗ് ഇതോടെ ഒരു ഹീറോ ആയി മാറി. അപ്പോളോ 11 ദൌത്യത്തില്‍ ഗ്രെഗ്ഗ് വഹിച്ച പങ്കിന് നന്ദി പറഞ്ഞു കൊണ്ട് നീല്‍ ആംസ്ട്രോങ് സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പ് അന്‍പതുകാരനായ ഗ്രെഗ്ഗ് ഇപ്പോഴും ഒരു നിധി പോലെ കാത്ത് സൂക്ഷിച്ച് വെച്ചിരിക്കുന്നു.
മനുഷ്യന്‍ ചന്ദ്രനില്‍ കാല്‍ കുത്തിയതിന്റെ നാല്‍പ്പതാം വാര്‍ഷികത്തില്‍ ഗ്രെഗ് വീണ്ടും ആ ഓര്‍മ്മകള്‍ അയവിറക്കുന്നു. അന്നത്തെ യുവാക്കളുടെ എല്ലാം സ്വപ്നം ആയിരുന്നത് പോലെ ഗ്രെഗ്ഗും ഒരു ബഹിരാകാശ സഞ്ചാരിയാവാന്‍ ആഗ്രഹിച്ചു എങ്കിലും തന്റെ കാഴ്ച ശക്തിയുടെ അപാകത മൂലം തനിക്ക് അതിന് കഴിഞ്ഞില്ല. ഇപ്പോള്‍ ഒരു ജിംനാസ്റ്റിക് സ്കൂള്‍ നടത്തുന്ന ഇദ്ദേഹം ശൂന്യാകാശ ഗവേഷണവും വാര്‍ത്തകളും സസൂക്ഷ്മം പഠിക്കുന്നു. ഇനിയും കൂടുതല്‍ ചന്ദ്ര യാത്രകള്‍ നടത്തി കാണണം എന്ന് ആഗ്രഹിക്കുന്ന ഗ്രെഗ് അടുത്ത ലക്ഷ്യമായി മനുഷ്യന്‍ ചൊവ്വയിലും പോകണം എന്ന് കരുതുന്നു.
- ജെ.എസ്.