Tuesday, July 13th, 2010

അല്‍ഷീമേഴ്സ് രോഗം – സുപ്രധാന കണ്ടെത്തലുമായി ഡോ. മാധവ്‌ തമ്പിശെട്ടി

madhav-thambisetty-epathramലണ്ടന്‍ : അല്‍ഷീമേഴ്സ് രോഗത്തിനു ഉപോല്‍ബലകം ആവുന്ന ഒരു പ്രോട്ടീന്‍ വേര്‍തിരിച്ചെടുത്ത് കോഴിക്കോട്ടു കാരനായ ഡോക്ടര്‍ മാധവ്‌ തമ്പിശെട്ടി അല്‍ഷീമേഴ്സ് രോഗ ഗവേഷണ രംഗത്ത്‌ ഒരു ചരിത്ര നേട്ടം കൈവരിച്ചു. പ്ലാസ്മയില്‍ കാണപ്പെടുന്ന ക്ലസ്റ്ററിന്‍ (Clusterin/apolipoprotein J) എന്ന പ്രോട്ടീന്‍ അല്‍ഷീമേഴ്സ് രോഗത്തിന്റെ തീവ്രതയും, രോഗ നിര്‍ണ്ണയവും, രോഗത്തിന്റെ പുരോഗതിയുമായും ബന്ധപ്പെടുത്തിയതാണ് ഈ സുപ്രധാന കണ്ടെത്തല്‍. കിംഗ്സ് കോളജ്‌ ഓഫ് ലണ്ടനിലെ മനോരോഗ ചികില്‍സാ വിഭാഗത്തില്‍ ഗവേഷണം നടത്തുന്ന മലയാളി ശാസ്ത്രജ്ഞന്‍ ഡോക്ടര്‍ മാധവ്‌ തമ്പിശെട്ടിയും സംഘവും നടത്തിയ കണ്ടെത്തല്‍, അല്‍ഷീമേഴ്സ് രോഗ ലക്ഷണങ്ങള്‍ പ്രകടമാവുന്നതിനു മുന്‍പേ രോഗം കണ്ടെത്തുന്നതിനും, രോഗ ചികിത്സയ്ക്കും മറ്റും സഹായകരമാവും എന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.

ക്ലസ്റ്ററിന്‍ എന്ന പ്രോട്ടീന്റെ അളവ് പ്ലാസ്മയില്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നത് ഭാവിയില്‍ അല്‍ഷീമേഴ്സ് രോഗം വരുന്നതിന്റെ മുന്നോടിയാണ് എന്നാണു ഗവേഷണ ഫലം സൂചിപ്പിക്കുന്നത്. കിംഗ്സ് കോളജ് ഓഫ് ലണ്ടനില്‍ 689 ഓളം പേരില്‍ നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍ സാധ്യമായത്. ഇതില്‍ 464 പേര്‍ അല്‍ഷീമേഴ്സ് രോഗികളും, 115 പേര്‍ക്ക് ചെറിയ തോതിലുള്ള തിരിച്ചറിവില്ലായ്മയും (ഡിമെന്‍ഷ്യ – Dimentia), ബാക്കിയുള്ളവര്‍ രോഗമില്ലാത്തവരുമായിരുന്നു. “ആര്‍ക്കൈവ്സ് ഓഫ് ജനറല്‍ സൈക്ക്യാട്രി” എന്ന ജേണലിലാണ് ഈ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചു വന്നത്. ഇവിടെ ക്ലിക്ക്‌ ചെയ്‌താല്‍ ഈ ഗവേഷണത്തിന്റെ റിപ്പോര്‍ട്ട് വായിക്കാം.

പ്ലാസ്മയിലെ ക്ലസ്റ്ററിന്റെ അളവ് മാത്രം കണക്കിലെടുത്ത് രോഗ സാദ്ധ്യത നിര്‍ണ്ണയിക്കാന്‍ ആവില്ലെങ്കിലും ഇത് പോലുള്ള മറ്റു പ്രോട്ടീനുകളെ കൂടി കണ്ടെത്തുന്നതിനുള്ള ആദ്യ പടിയാണ് ഈ കണ്ടെത്തല്‍. രോഗ നിര്‍ണ്ണയത്തിനു മാത്രമല്ല, രോഗത്തെ പ്രതിരോധിക്കാനുള്ള മരുന്നുകള്‍ കണ്ടെത്തുന്നതിനും ഇത്തരം കണ്ടെത്തലുകള്‍ സഹായകമാവും എന്ന് ഡോക്ടര്‍ മാധവ്‌ വിശദീകരിക്കുന്നു.

ലോകമെമ്പാടും മൂന്നര കോടി പേരാണ് ഡിമെന്‍ഷ്യ മൂലം കഷ്ടത അനുഭവിക്കുന്നത്. മസ്തിഷ്കം ഉപയോഗ ശൂന്യമായി ഓര്‍മ്മ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഡിമെന്‍ഷ്യ. ഡിമെന്‍ഷ്യയുടെ ഏറ്റവും അധികം കാണപ്പെടുന്ന രൂപമാണ് “തന്മാത്ര” എന്ന മോഹന്‍ലാല്‍ സിനിമയിലൂടെ മലയാളികള്‍ അടുത്തറിഞ്ഞ അല്‍ഷീമേഴ്സ് രോഗം.

mohanlal-thanmathra-alzheimers-epathram

അല്‍ഷീമേഴ്സ് രോഗിയായി "തന്മാത്ര" യില്‍ മോഹന്‍ലാല്‍

കോഴിക്കോട്‌ സര്‍വകലാശാലയിലെ ലൈഫ്‌ സയന്‍സ് വിഭാഗം മേധാവിയി വിരമിച്ച പ്രൊഫസര്‍ ഡോക്ടര്‍ ടി. രാമകൃഷ്ണ യുടെയും കോഴിക്കോട്‌ പ്രോവിടന്‍സ്‌ വിമന്‍സ്‌ കോളജിലെ രസതന്ത്രം അദ്ധ്യാപികയായിരുന്ന പ്രൊഫസര്‍ ഡോക്ടര്‍ എസ്. വത്സലയുടെയും മകനാണ് ഡോക്ടര്‍ മാധവ്‌. കോഴിക്കോട്‌ കേന്ദ്രിയ വിദ്യാലയത്തിലാണ് (Central School, West Hill, Calicut) മാധവ്‌ സ്ക്കൂള്‍ വിദ്യാഭാസം നേടിയത്. തുടര്‍ന്ന് ഇദ്ദേഹം കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ നിന്നും എം. ബി. ബി. എസ്. പാസ്സായി ഡോക്ടറായി. ഹൌസ് സര്‍ജന്സിക്ക് ശേഷം 1995ല്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ ഫെലിക്സ് സ്കോളര്‍ഷിപ്പോടു കൂടി ക്ലിനിക്കല്‍ ഫാര്‍മക്കോളോജിയില്‍ (Clinical Pharmacology) പി. എച്ച്. ഡി. നേടി.

1998ല്‍ അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ എമോറി സര്‍വകലാശാലയില്‍ ന്യൂറോളജിയില്‍ പരിശീലനം നേടി. 2004ല്‍ കിംഗ്സ് കോളജ്‌ ലണ്ടനില്‍ അല്‍ഷീമേഴ്സ് രോഗ ഗവേഷണത്തിന് യു.കെ. യിലെ അല്‍ഷീമേഴ്സ് സൊസൈറ്റിയുടെ ഫെല്ലോഷിപ്പ് ലഭിച്ചു. 2007 മുതല്‍ അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തില്‍ സ്റ്റാഫ്‌ ക്ളിനീഷ്യന്‍ ആയി സേവനം അനുഷ്ഠിച്ചു വരുന്നു.

ഡോക്ടര്‍ മാധവുമായി e പത്രം നടത്തിയ പ്രത്യേക അഭിമുഖത്തില്‍ നിന്ന്:

ഒരു ഡോക്ടറായ താങ്കള്‍ക്ക് എങ്ങനെയാണ് ഗവേഷണത്തില്‍ താല്പര്യം ഉണ്ടായത്?

കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ പഠിക്കുന്ന കാലത്ത് തന്നെ ഗവേഷണത്തില്‍ താല്പര്യം ഉണ്ടായിരുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനവും അതിന്റെ ഘടനയും എന്നും എന്റെ ഇഷ്ട വിഷയമായിരുന്നു. ഈ താല്പര്യം അച്ഛനമ്മമാരില്‍ നിന്നും ലഭിച്ചതാണ്. കുട്ടിക്കാലത്ത് പലപ്പോഴും അച്ഛനും അമ്മയും രോഗങ്ങളെ കുറിച്ചും രോഗ കാരണങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യുന്നതും തര്‍ക്കിക്കുന്നതും കേട്ടാണ് ഞാന്‍ വളര്‍ന്നത്‌. രസതന്ത്രത്തിന്റെ കാഴ്ചപ്പാടിലൂടെ രോഗ കാരണങ്ങളെ വിശകലനം ചെയ്യുന്ന അമ്മയും, ഒരു ഭിഷഗ്വരന്റെ വീക്ഷണ കോണിലൂടെ രോഗാവസ്ഥയില്‍ തലച്ചോറിനുണ്ടാകുന്ന മാറ്റങ്ങളെ വിശദീകരിക്കുന്ന അച്ഛനും തമ്മില്‍ വീട്ടില്‍ നടക്കാറുള്ള സംവാദങ്ങള്‍ ഈ വിഷയത്തില്‍ ആഴത്തില്‍ ചിന്തിക്കാനും കൂടുതല്‍ മനസ്സിലാക്കാനും എന്നെ പ്രേരിപ്പിച്ചു. ഇത്തരം ചര്‍ച്ചകളില്‍ ഇരുവര്‍ക്കും ഏറെ താല്പര്യമുള്ള ഒരു രോഗമായിരുന്നു അല്‍ഷീമേഴ്സ്.

തലച്ചോറില്‍ ചില രാസ പദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കുന്ന വ്യതിയാനങ്ങള്‍ രോഗ കാരണമാവുന്നു എന്ന അമ്മയുടെ വാദം അച്ഛന്റെ പരീക്ഷണ ശാലയില്‍ പരീക്ഷണ ജീവികളില്‍ പരീക്ഷിച്ചു നോക്കാന്‍ അവസരം ലഭിച്ചതോടെ ഈ വിഷയത്തില്‍ എന്റെ താല്പര്യം പതിന്മടങ്ങ്‌ വര്‍ദ്ധിച്ചു. എന്നാല്‍ ഗവേഷണത്തില്‍ ഔപചാരികമായ പരിശീലനം ഇല്ലാത്തത് എന്നെ വിഷമിപ്പിച്ചു.

സ്വന്തമായി ഗവേഷണം എപ്പോഴാണ് തുടങ്ങിയത്?

ഹൌസ് സര്‍ജന്‍സി ചെയ്യുന്ന കാലത്താണ് ഇതിനൊരു അവസരം ലഭിച്ചത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ രാജീവ്‌ ഗാന്ധി വേനല്‍ക്കാല ഗവേഷണ ഫെല്ലോഷിപ്പിന് അപേക്ഷിച്ച എനിക്ക് പ്രൊഫസര്‍ കെ. ആര്‍. കെ. ഈശ്വരന്റെ മോളിക്യൂളര്‍ ബയോ ഫിസിക്സ് വിഭാഗത്തിലെ പരീക്ഷണ ശാലയില്‍ ഗവേഷണത്തിനുള്ള ഫെല്ലോഷിപ്പ് ലഭിച്ചു. അങ്ങനെ ആദ്യമായി സ്വന്തമായി ശാസ്ത്ര പരീക്ഷണങ്ങള്‍ ചെയ്യാന്‍ പഠിച്ചു.

ആദ്യമായി പ്രസിദ്ധീകരിച്ച ഗവേഷണ പേപ്പര്‍?

പ്രൊഫസര്‍ കെ. ആര്‍. കെ. ഈശ്വരന്റെ പരീക്ഷണ ശാലയിലെ ഗവേഷണത്തെ തുടര്‍ന്ന് എന്റെ മാതാ പിതാക്കളോടൊപ്പം “ന്യൂറോ റിപ്പോര്‍ട്ട്‌” എന്ന ജേണലില്‍ ഒരു പേപ്പര്‍ പ്രസിദ്ധീകരിച്ചു. തലച്ചോറില്‍ അലുമിനിയത്തിന്റെ സാന്നിദ്ധ്യം അല്‍ഷീമേഴ്സ് രോഗികളുടെതിനു സമാനമായ അവസ്ഥ ജനിപ്പിക്കുന്നതിനെ പറ്റിയായിരുന്നു ഈ പേപ്പര്‍.

അല്‍ഷീമേഴ്സ് ഗവേഷണത്തെ പറ്റി?

കിംഗ്സ് കോളജ്‌ ലണ്ടനില്‍ അല്‍ഷീമേഴ്സ് ഗവേഷണം തുടങ്ങിയത് മുതല്‍ എന്നെ അലട്ടിയിരുന്ന വിഷയം രോഗം ഏറെ പുരോഗമിച്ചതിനു ശേഷം മാത്രമാണ് ലക്ഷണമായ ഓര്‍മ്മക്കുറവ് കാണപ്പെടുന്നത് എന്നതായിരുന്നു. അപ്പോഴേയ്ക്കും തലച്ചോറില്‍ ഏറെ നാശം സംഭവിച്ചിട്ടുണ്ടാവും. ചിലവേറിയ ബ്രെയിന്‍ സ്കാന്‍ ആണ് നേരത്തെ അല്‍ഷീമേഴ്സ് രോഗം കണ്ടു പിടിക്കാനുള്ള വഴി. ഇതിനു പകരം ചെലവ് കുറഞ്ഞ ഒരു രക്ത പരിശോധനയിലൂടെ തലച്ചോറിനു ഏറെ നാശം സംഭവിക്കുന്നതിനുമുന്‍പ് രോഗ നിര്‍ണ്ണയം നടത്താന്‍ കഴിഞ്ഞാല്‍ അത് ഏറെ ഉപകാരപ്രദമാകും. ഇതായിരുന്നു ഞങ്ങളുടെ ഗവേഷണത്തിന്റെ ലക്‌ഷ്യം. ഈ ലക്ഷ്യവുമായി കിംഗ്സ് കോളജിലെ പ്രൊഫസര്‍ സിമോണ്‍ ലവ്സ്റ്റോണ്‍ ന്റെ മേല്‍നോട്ടത്തില്‍ നടത്തിയ പരീക്ഷണങ്ങളിലാണ് ക്ലസ്റ്ററിന്‍ എന്നാ പ്രോട്ടീന്‍ അല്‍ഷീമേഴ്സ് രോഗത്തിന്റെ തീവ്രതയുമായും രോഗ ലക്ഷണമായ ഓര്‍മ്മക്കുറവുമായും തലച്ചോറിനുണ്ടായ നാശത്തിന്റെ തോതുമായും അടുത്ത്‌ ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയത്. നേരത്തെയുള്ള രോഗ നിര്‍ണ്ണയത്തിനു ഏറെ സഹായകരമാവും ഈ കണ്ടെത്തല്‍ എന്നതാണ് ഇത് ലോക ശ്രദ്ധ നേടാന്‍ കാരണം.

എന്താണ് താങ്കളുടെ അടുത്ത ലക്‌ഷ്യം?

അടുത്ത ലക്‌ഷ്യം ഇന്ത്യയില്‍ അല്‍ഷീമേഴ്സ് രോഗ ഗവേഷണത്തിനുള്ള പരിപാടികള്‍ ആരംഭിക്കുക എന്നതാണ്. പ്രായമാവുന്നതുമായി ബന്ധപ്പെടുത്തി ഇത്തരം ഓര്‍മ്മക്കുറവും രോഗാവസ്ഥകളും തള്ളിക്കളയുന്ന പതിവ് ഇന്ത്യയിലുണ്ട്. ഒക്സ്ഫോര്‍ഡ് സര്‍വകലാശാലയും ബ്രിട്ടീഷ്‌ അക്കാദമിയുമായി ചേര്‍ന്ന് കോഴിക്കോട്‌ സര്‍വകലാശാലയില്‍ ഞങ്ങള്‍ ഒരു പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. പ്രായമായവരില്‍ നടത്തുന്ന “7 മിനിറ്റ്‌ സ്ക്രീന്‍” എന്ന് അറിയപ്പെടുന്ന മലയാള ഭാഷയിലുള്ള ഒരു ലളിതമായ പരിശോധനയാണിത്. ഓര്‍മ്മക്കുറവ്‌ പ്രാരംഭ ഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞ് കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കാന്‍ ഈ ലളിതമായ പരിശോധനയ്ക്ക് കഴിയും. “ന്യൂറോളജി ഇന്ത്യ” എന്ന ജേണലില്‍ ഈ പഠനം പ്രസിദ്ധീകരിക്കുകയുണ്ടായി.

ഭാവി പരിപാടികള്‍ എന്താണ്?

ഇന്ത്യയില്‍ ഗവേഷണം ചെയ്യുന്നത് എന്നും എന്റെ ഒരു സ്വപ്നമാണ്. പ്രായമാവുന്നതുമായി ബന്ധപ്പെട്ടുള്ള രോഗങ്ങളെ കുറിച്ച് സമഗ്രമായ ഒരു ഗവേഷണം നടത്തി ഇവയ്ക്കുള്ള ചികില്‍സാ വിധികള്‍ വികസിപ്പിച്ചെടുക്കുക എന്നതാണ് ലക്‌ഷ്യം.

കുടുംബം?

അച്ഛന്‍ : ഡോക്ടര്‍ ടി. രാമകൃഷ്ണ. കോഴിക്കോട്‌ സര്‍വകലാശാലയിലെ ലൈഫ്‌ സയന്‍സ് വിഭാഗം മേധാവിയായി വിരമിച്ചു.
അമ്മ : ഡോക്ടര്‍ എസ്. വത്സല. കോഴിക്കോട്‌ പ്രോവിഡന്‍സ്‌ വിമന്‍സ്‌ കോളജിലെ രസതന്ത്രം അദ്ധ്യാപികയായിരുന്നു.
ഭാര്യ : ബിദ്യ റായ്‌
മകന്‍ : അദ്വൈത്‌ കൃഷ്ണ (10 മാസം)
സഹോദരി : ശിവരന്ജനി. ലണ്ടന്‍ സ്ക്കൂള്‍ ഓഫ് ഇക്കോണമിക്സില്‍ ലെക്ചറര്‍

താങ്കളുടെ മറ്റ് ഇഷ്ട വിഷയങ്ങള്‍ എന്തൊക്കെയാണ്?

ക്രിക്കറ്റാണ് എന്റെ ഇഷ്ട വിഷയം. ക്രിക്കറ്റ്‌ കളിക്കുന്നതും, കാണുന്നതും, ചിന്തിക്കുന്നതും, വായിക്കുന്നതും എഴുതുന്നതും എനിക്കിഷ്ടമാണ്. rediff.com എന്ന വെബ് സൈറ്റില്‍ ഞാന്‍ ക്രിക്കറ്റിനെ കുറിച്ച് നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.

ലണ്ടനിലെ ലോര്‍ഡ്സ് ക്രിക്കറ്റ്‌ ഗ്രൌണ്ടിലെ അംഗീകൃത ക്രിക്കറ്റ്‌ ലേഖകന്‍ കൂടിയാണ് ഞാന്‍.

വായനയും എന്റെ ഇഷ്ട ഹോബി ആണ്.

ഈയിടെയായി പുതിയൊരു ഹോബിയുമുണ്ട് – പാചകം. ഭാര്യ ആസാം സ്വദേശിനിയാണെങ്കിലും പഠിച്ചത് ബാംഗളൂരില്‍ ആയതിനാല്‍ ദക്ഷിണേന്ത്യന്‍ ഭക്ഷണം ഇഷ്ടമാണ്. ഇത്തവണ കേരളത്തില്‍ പോയാല്‍ “മലബാറി” ഭക്ഷണത്തിന്റെ യഥാര്‍ത്ഥ സ്വാദ്‌ എന്തെന്ന് ഭാര്യക്ക് കാണിച്ചു കൊടുക്കണം.

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഹോട്ടല്‍ കോഴിക്കോട്ടെ “പാരഗണ്‍” ആണ്. പാരഗണ്‍ ഹോട്ടലിനടുത്ത് ഒരു മുറി കിട്ടിയിരുന്നെങ്കില്‍ എന്ന് ചിലപ്പോഴൊക്കെ തമാശയ്ക്ക് ചിന്തിക്കും. അപ്പോള്‍ പിന്നെ മൂന്നു നേരം അവിടെ നിന്നും ഭക്ഷണം കഴിക്കാമല്ലോ.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • സ്വതന്ത്ര വിദേശ നയം : വീണ്ടും ഇന്ത്യയെ പ്രകീര്‍ത്തിച്ച് ഇമ്രാന്‍ ഖാന്‍
 • ദിനേശ്‌ ഗുണവര്‍ധനെ ശ്രീലങ്കയുടെ പുതിയ പ്രധാന മന്ത്രി
 • ഗോട്ടബയ രാജ പക്സെ ശ്രീലങ്കന്‍ പ്രസിഡണ്ട് സ്ഥാനം രാജി വെച്ചു
 • ക്രിപ്‌റ്റോ കറന്‍സി : തീവ്രവാദത്തിനും കള്ളപ്പണ ഇടപാടുകള്‍ക്കും ഉപയോഗിക്കാന്‍ സാദ്ധ്യത
 • മുംബൈ ഭീകരാക്രമണം : ഹാഫിസ് സഈദിന് 32 വര്‍ഷം തടവ്
 • ശ്രീലങ്കയിൽ അടിയന്തരാവസ്ഥ
 • ഇന്ത്യയുടെ വിദേശ നയം ജനങ്ങള്‍ക്കു വേണ്ടിയുള്ളത് : ഇമ്രാന്‍ ഖാന്‍
 • ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു
 • കൊവിഡ് ഗുരുതര രോഗമല്ല : ഡെന്മാർക്കിൽ നിയന്ത്രണങ്ങള്‍ നീക്കി
 • ഒമിക്രോൺ വളരെ വേഗത്തിൽ പടരും : ജാഗ്രതാ നിര്‍ദ്ദേശവുമായി W H O
 • വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് : ഹര്‍നാസ് സന്ഥു കിരീടം ചൂടി
 • കെൻടക്കിയിൽ ചുഴലിക്കാറ്റ്
 • മാധ്യമ പ്രവർത്തകർക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം
 • സാഹിത്യത്തിനുള്ള നോബൽ സമ്മാനം താൻസാനിയൻ എഴുത്തുകാരന്
 • ഭൗതിക ശാസ്ത്ര നോബല്‍ സമ്മാനം മൂന്നു പേര്‍ക്ക്
 • സർക്കാർ ഉദ്യോഗസ്ഥർക്ക് താലിബാന്‍റെ പൊതു മാപ്പ്
 • താലിബാൻ വീണ്ടും അധികാരത്തിലേക്ക്
 • കൊവിഡ് : മൂന്നാം തരംഗ ത്തിന്റെ പ്രാരംഭ ഘട്ടത്തില്‍
 • തീവ്ര വ്യാപന ശേഷിയുളള ഡെല്‍റ്റ വകഭേദം കൂടുതല്‍ അപകടകാരി : രോഗ ലക്ഷണ ങ്ങളില്‍ മാറ്റം
 • വാക്സിനു പകരം ഗുളിക : പരീക്ഷണവുമായി ഫൈസര്‍ • വെനീസില്‍ വെള്ളപ്പൊക്കം...
  ഇന്ത്യൻ വംശജനും പത്നിക്കു...
  ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
  ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
  ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
  പഴ്‌സ് എടുക്കാന്‍ മറന്ന യ...
  ചൈന ഇന്റർനെറ്റ് നശീകരണത്ത...
  മർഡോക്കിന്റെ കുറ്റസമ്മതം...
  നരേന്ദ്ര മോഡിക്ക് വിസ നൽക...
  ഈമെയിൽ ചോർത്തൽ : മർഡോക്ക്...
  മ്യാന്‍‌മറില്‍ സ്യൂചിക്ക്...
  കൊല്ലപ്പെട്ട അമേരിക്കന്‍ ...
  അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
  അമേരിക്കൻ സൈനിക സാന്നിദ്ധ...
  റേഡിയോ പ്രക്ഷേപണത്തിന്റെ ...
  അമേരിക്കന്‍ പോലീസ്‌ മുസ്ല...
  വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
  ഇന്ത്യ ഇറാനോടൊപ്പം...
  ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
  ഡച്ചുകാരും ബുര്‍ഖ നിരോധിക...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine