ന്യൂഡല്‍ഹി : ഉപയോക്താക്കള്‍ കൈമാറുന്ന ബ്ലാക്ക്ബെറി സന്ദേശങ്ങള്‍ പരിശോധിക്കാന്‍ അവരുടെ പിന്‍ നമ്പരും കോഡും ഇന്ത്യന്‍ സര്‍ക്കാരിന് കൈമാറാന്‍ ബ്ലാക്ക്ബെറി കമ്പനി സമ്മതിച്ചു. യു.എ.ഇ. അടക്കമുള്ള പല രാഷ്ട്രങ്ങളും സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടും ഉപയോക്താക്കളുടെ സ്വകാര്യത ഉയര്‍ത്തി പിടിച്ചു ഇത്തരമൊരു ആവശ്യം അനുവദിക്കാതിരുന്ന കാനഡയിലെ റിസേര്‍ച് ഇന്‍ മോഷന്‍ (Research In Motion) കമ്പനിക്ക് ഇന്ത്യയിലെ വന്‍ പിപണിയെ അവഗണിക്കാന്‍ കഴിയില്ല എന്നതിന്റെ സൂചനയാണിത് എന്നാണു ഈ കാര്യത്തില്‍ വിദഗ്ദ്ധരുടെ നിരീക്ഷണം.
ഇന്ത്യക്ക് പുറമേ യു.എ.ഇ., സൗദി അറേബ്യ, ഇന്‍ഡോനേഷ്യ, ബഹറൈന്‍ എന്നീ രാജ്യങ്ങളും ഇതേ ആവശ്യം ബ്ലാക്ക്ബെറി കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. കമ്പനി വഴങ്ങാത്തതിനെ തുടര്‍ന്ന് സൗദി അറേബ്യ ബ്ലാക്ക്ബെറിയുടെ പ്രവര്‍ത്തനം ഇന്ന് മുതല്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം പിന്നീട് മാറ്റുകയും തിങ്കളാഴ്ച വരെ പ്രവര്‍ത്തനം തുടരാന്‍ കമ്പനിയെ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. യു.എ.ഇ. യാകട്ടെ ഒക്ടോബര്‍ 11 കഴിഞ്ഞാല്‍ രാജ്യത്ത് ബ്ലാക്ക്ബെറിയുടെ സേവനം ലഭ്യമാകില്ല എന്നാണു അറിയിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം വരെ തങ്ങളുടെ ഉപഭോക്താക്കളുടെ സ്വകാര്യതയില്‍ കടന്നു കയറാന്‍ ലോകത്തെ ഒരു സര്‍ക്കാരിനെയും അനുവദിക്കില്ല എന്നും ഇന്റര്‍നെറ്റ് എന്താണ് എന്ന് അറിവില്ലാത്തത് കൊണ്ടാണ് വിദേശ സര്‍ക്കാരുകള്‍ ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നത് എന്നൊക്കെയായിരുന്നു കമ്പനി പറഞ്ഞു കൊണ്ടിരുന്നത്.
കമ്പനി അധികൃതര്‍ ഇന്ന് ആഭ്യന്തര മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയിലാണ് കമ്പനി നിലപാട് മാറ്റി സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്റര്‍നെറ്റ്, ദേശീയ സുരക്ഷ, മനുഷ്യാവകാശം