പഞ്ചാബ് : വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന പാക്കിസ്ഥാനില്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്നത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ദുഷ്ക്കരമാക്കുന്നു. കാലവര്‍ഷം കനത്തതിനെ തുടര്‍ന്ന് വെള്ളം പൊങ്ങിയ പാക്കിസ്ഥാനിലെ സിന്ധു നദീ തടത്തില്‍ 1600 ലേറെ പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലപ്പെട്ടത്. ഇരുപതു ലക്ഷം പേര്‍ക്കെങ്കിലും കിടപ്പാടം നഷ്ടപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഒന്നരക്കോടി പേരുടെയെങ്കിലും ജീവിതത്തെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. ഇത് മൊത്തം ജനസംഖ്യയുടെ എട്ടു ശതമാനം വരും.
വെള്ളപ്പൊക്ക ബാധിത പ്രദേശത്ത് പകര്‍ച്ച വ്യാധികള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ദുഷ്ക്കരമായി. സ്വാത് താഴ്വരയില്‍ നിന്നും കോളറ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടെ 7 കോളറ കേസുകള്‍ എങ്കിലും കണ്ടെത്തി എന്നാണു ഇവിടെ പ്രവര്‍ത്തനം നടത്തുന്ന ഒരു ജര്‍മ്മന്‍ സന്നദ്ധ സംഘം പറയുന്നത്.
ജലത്തിലൂടെ പകരുന്ന രോഗങ്ങള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. 36,000 പേര്‍ക്കെങ്കിലും ഇതിനോടകം അതിസാരം പിടിപെട്ടിട്ടുണ്ട്. ഇത് അത്യന്തം ആപല്‍ക്കരമായ പ്രവണതയാണെന്ന് ഐക്യ രാഷ്ട്ര സഭ വിലയിരുത്തുന്നു. ഇതിനെതിരെ പ്രതിരോധ മരുന്ന് വിതരണം ഊര്‍ജ്ജിതമായി നടത്തുകയാണ് ഐക്യ രാഷ്ട്ര സഭയുടെ ദുരിതാശ്വാസ സംഘങ്ങള്‍.
വമ്പിച്ച കൃഷി നാശമാണ് പാക്കിസ്ഥാനില്‍ സംഭവിച്ചിരിക്കുന്നത്. ഏഴു ലക്ഷം ഹെക്ടര്‍ കൃഷിയെങ്കിലും നഷ്ടമായതായി കണക്കാക്കുന്നു. ഏതാണ്ട് ഒരു ബില്യന്‍ ഡോളറിന്റെ കൃഷി നാശമാണിത്. അരി, ചോളം, പരുത്തി, കരിമ്പ് എന്നിങ്ങനെ രാജ്യത്തെ പ്രധാന കയറ്റുമതി വിളകളെല്ലാം തന്നെ നഷ്ടമായി. ആഭ്യന്തര വിപണിയില്‍ ഭക്ഷ്യ വിലകള്‍ കുതിച്ചുയര്‍ന്നിട്ടുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കാലാവസ്ഥ, ദുരന്തം, പാക്കിസ്ഥാന്
എല്ലാരും ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ e പത്രം അയല്‍ക്കാരന്റെ ദുരിതത്തെ പറ്റി ആകുലപ്പെടുന്നു. ഒറ്റപ്പെട്ട ഈ സ്വരത്തിന് ഏറെ കരുത്തുണ്ട്. സധൈര്യം മുന്നേറുക. അഭിവാദ്യങ്ങള്‍!