അബൂജ: ഏറെ കാലത്തെ നിയമ യുദ്ധത്തിനൊടുവില്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ മരുന്നുപരീക്ഷണത്തെത്തുടര്‍ന്ന് മരിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് വന്‍കിട അമേരിക്കന്‍ മരുന്ന് കമ്പനിയായ ഫൈസര്‍ നഷ്ടപരിഹാരത്തുകയുടെ ആദ്യവിഹിതം കൈമാറി. മരിച്ച നാലുകുട്ടികളുടെ രക്ഷിതാക്കളാണ് ആദ്യഘട്ടത്തില്‍ 1,75,000 ഡോളര്‍ വീതം നഷ്ടപരിഹാരം ഏറ്റുവാങ്ങിയത്. പതിനഞ്ച് വര്ഷം മുന്‍പാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. നൈജീരിയയിലെ കാനോ സംസ്ഥാനത്തെ മസ്തിഷ്‌കജ്വരം ബാധിച്ച 200 ഓളം കുട്ടികളില്‍ 1996ലാണ് ഫൈസര്‍ മരുന്നുപരീക്ഷണം നടത്തിയത്. പുതിയ മരുന്നായ ട്രോവനൊപ്പം താരതമ്യത്തിനായി നേരത്തേ നിലവിലുണ്ടായിരുന്ന മറ്റൊരു മരുന്നും നല്‍കി. ഇവരില്‍ 11 കുട്ടികള്‍ മരണത്തിന് കീഴടങ്ങിയതോടെ പരീക്ഷണം വിവാദമായത്. ലോകത്തെ ഏറ്റവും വലിയ ഔഷധഗവേഷണ നിര്‍മാണസ്ഥാപനങ്ങളില്‍ ഒന്നാണ്. ഇവര്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിതരണം ചെയ്ത ട്രോവന്‍ എന്ന മരുന്നു കഴിച്ച അഞ്ച് കുട്ടികളും അതേ കമ്പനിയുടെ നേരത്തേ നിലവിലുണ്ടായിരുന്ന മറ്റൊരു മരുന്ന് കഴിച്ച ആറ് കുട്ടികളുമാണ് മരിച്ചത്. കൂടാതെ ഒട്ടേറെ കുട്ടികള്‍ക്ക് കാഴ്ച നഷട്പ്പെടുകയും, ബധിരരാകുകയും ചെയ്തിരുന്നു.
എന്നാല്‍ മരുന്ന് കഴിച്ചതുകൊണ്ടല്ല കുട്ടികള്‍ മരിച്ചത് എന്നാണ് കേസ് ഒത്തുതീര്‍പ്പിലെത്തിയതിന് ശേഷവും കമ്പനി അവകാശപ്പെടുന്നത്. മരുന്നു കഴിച്ചിരുന്നില്ലെങ്കില്‍ മരണസംഖ്യ ഇതിനേക്കാളും ഉയരുമായിരുന്നുവെന്നും കമ്പനി വാദിക്കുന്നു. അതിനിടെ, നൈജീരിയയിലെ അന്നത്തെ അറ്റോര്‍ണി ജനറലിനെ അഴിമതിക്കേസിലേക്ക് വലിച്ചിഴയ്ക്കാന്‍ ഫൈസര്‍ ശ്രമം നടത്തിയിരുന്നതായി വിക്കി ലീക്‌സ് വെബ്‌സൈറ്റ് ഈയിടെ വെളിപ്പെടുത്തുകയുണ്ടായി. അറ്റോര്‍ണി ജനറലിനെ സമ്മര്‍ദത്തിലാക്കി കേസ് ഒഴിവാക്കാനായിരുന്നു ഫൈസറിന്റെ ശ്രമമെന്നാണ് റിപ്പോര്‍ട്ട്. നൈജീരിയയിലെ പരീക്ഷണത്തിന് ശേഷം ട്രോവന്‍ യൂറോപ്പിലും അമേരിക്കയിലും വില്‍ക്കാന്‍ ഫൈസര്‍ നീക്കം നടത്തിയെങ്കിലും മരുന്ന് കഴിച്ചവര്‍ കരള്‍രോഗം ബാധിച്ച് മരിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് യൂറോപ്പില്‍ ഈ മരുന്നിന് വിലക്കേര്‍പ്പെടുത്തി. കര്‍ശന നിയന്ത്രണങ്ങളോടെയാണ് അമേരിക്കയില്‍ ട്രോവന്‍ വില്‍ക്കുന്നത്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തട്ടിപ്പ്, വൈദ്യശാസ്ത്രം