ന്യൂഡല്‍ഹി : ഇന്ത്യയുടെ അഭിമാനമായ ലോക ചെസ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിന്റെ ഇന്ത്യന്‍ പൌരത്വം ചോദ്യം ചെയ്തു അപമാനിച്ച നടപടിയില്‍ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി കപില്‍ സിബല്‍ അദ്ദേഹത്തോട് മാപ്പ് ചോദിച്ചു. ഹൈദരാബാദ് സര്‍വകലാശാല ആനന്ദിന് നല്‍കാന്‍ തീരുമാനിച്ച ഡോക്ടറേറ്റ് ബിരുദം കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ ഇവിടെ നടന്ന അന്താരാഷ്‌ട്ര ഗണിത ശാസ്ത സമ്മേളനത്തില്‍ വെച്ച് അദ്ദേഹത്തിന് സമ്മാനിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ 6 വര്‍ഷത്തിലേറെയായി ആനന്ദ് ഭാര്യ അരുണയുമൊത്ത് സ്പെയിനില്‍ ആണ് താമസം. ലോക ചെസ് മല്‍സര രംഗത്തെ മിക്ക മല്‍സരങ്ങളും യൂറോപ്പിലാണ് നടക്കുന്നത് എന്നതിനാല്‍ മല്‍സരങ്ങളില്‍ പങ്കെടുക്കുവാനും പരിശീലനത്തിനും മറ്റും സ്പെയിനില്‍ താമസിക്കുന്നതാണ് ഏറെ സൗകര്യം. 2003ല്‍ ഒരു വിദേശിക്ക് നല്‍കാവുന്ന സ്പെയിനിന്റെ പരമോന്നത ബഹുമതിയായ “ജാമിയോ ദോ ഓറോ” എന്ന സിവിലിയന്‍ പുരസ്കാരം നല്‍കി സ്പെയിന്‍ ആനന്ദിനെ ആദരിക്കുകയുണ്ടായി.
ആനന്ദിന്റെ ഭാര്യ അരുണ ആനന്ദിന്റെ ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് അയച്ചു കൊടുത്തിട്ടും കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം ആനന്ദിന്റെ ഡോക്ടറേറ്റ് ബിരുദത്തിനു അനുമതി നല്‍കിയില്ല. ഇതില്‍ പ്രതിഷേധിച്ച് നേരത്തെ ആനന്ദ് ഡോക്ടറേറ്റ് നിഷേധിച്ചു എങ്കിലും കേന്ദ്ര മന്ത്രി കപില്‍ സിബല്‍ മാപ്പ് ചോദിച്ച സ്ഥിതിക്ക് ആനന്ദ് ബഹുമതി സ്വീകരിക്കും എന്ന് തന്നെയാണ് കരുതുന്നത് എന്ന് സര്‍വകലാശാലാ അധികൃതര്‍ പറഞ്ഞു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കായികം