ടാന്‍സാനിയ : അമിതമായി യാത്രക്കാരെ കയറ്റിയ ഒരു കപ്പല്‍ ടാന്‍സാനിയയിലെ ഒരു വിനോദ സഞ്ചാര ദ്വീപിലേക്കുള്ള യാത്രാമദ്ധ്യേ മുങ്ങി പോയി. 600 ലേറെ യാത്രക്കാരാണ് എം. വി. സ്പൈസ് ഐലാണ്ടേഴ്സ് എന്ന കപ്പലില്‍ ഉണ്ടായിരുന്നത്. 45 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. നൂറു കണക്കിന് ആളുകളെ പറ്റി വിവരമൊന്നുമില്ല. 230 പേരെ രക്ഷപ്പെടുത്തി. കാണാതായ 370 പേരും മരിച്ചിരിക്കാനാണ് സാദ്ധ്യത. ഇതില്‍ ഏറെയും കുട്ടികളാണ്.
അമിതഭാരം താങ്ങാനാവാതെ കപ്പല്‍ ചെരിയുകയായിരുന്നു എന്നാണ് രക്ഷപ്പെട്ടവര്‍ വിവരിക്കുന്നത്. ചെരിഞ്ഞ കപ്പലിന്റെ വശത്ത് കൂടെ വെള്ളം അകത്തേക്ക് ഇരച്ചു കയറി. വെള്ളത്തില്‍ മുങ്ങിയ എന്‍ജിന്‍ നിശ്ചലമായതോടെ കപ്പലിന്റെ നിലനില്‍പ്പ് ദുഷ്ക്കരമാവുകയും കപ്പല്‍ മുങ്ങുകയുമാണ് ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം.
പെമ്പ ദ്വീപ്
ലോകത്തിലെ ഏറ്റവും മികച്ച സ്കൂബ ഡൈവിംഗ് കേന്ദ്രമാണ് ഇത്രയേറെ യാത്രക്കാരെയും വഹിച്ചു കപ്പല്‍ യാത്ര തിരിച്ച പെമ്പ ദ്വീപ്. ടാന്‍സാനിയയുടെ ഏറ്റവും പ്രധാന വരുമാന മാര്‍ഗ്ഗമാണ് വിനോദ സഞ്ചാരം.
- ജെ.എസ്.