സാവോപോളോ : അംഗോളന്‍ സുന്ദരി ലൈല ലോപസ് 2011 ലെ മിസ് യൂണിവേഴ്സായി തിരഞ്ഞെടുക്കപ്പെട്ടു. ബ്രസീലിയന്‍ പട്ടണമായ സാവോ പോളോയില്‍ നടന്ന മത്സരത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 88 സുന്ദരിമാരെ പിന്തള്ളിയാണ് ഇരുപത്തഞ്ചുകാരിയായ ലൈല ലോപസ് കിരീടം നേടിയത്. 2010ലെ മിസ് യൂണിവേഴ്സ് ജേത്രി സിമെന നവരേറ്റ വിജയിയെ കിരീടമണിയിച്ചു. മിസ് ഉക്രൈന്‍ ഒലേസ്യ സ്റ്റെഫാങ്കോ ഫസ്റ്റ് റണ്ണറപ്പായും മിസ് ബ്രസീല്‍ പ്രിസില്ല മഷാഡോ സെക്കന്റ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. അംഗോളയിലെ ബെങ്കുവേലയില്‍ 1986 ഫെബ്രുവരി 26 നു ജനിച്ച ലൈല ലുലിഅന ഡാ കോസ്റ്റ വിയേറ ലോപസ് എന്ന ലൈല ലോപസ് 2011ലെ മിസ് അംഗോളയായും മിസ് യൂണിവേഴ്സായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മിസ് യൂണിവേഴ്സ് കിരീടം ചൂടുന്ന നാലാമത്തെ ആഫ്രിക്കന്‍ വംശജയാണ് ഈ അഞ്ചടി പത്തരയിഞ്ച് ഉയരമുള്ള അംഗോളന്‍ സുന്ദരി.
ഇന്ത്യയില്‍ നിന്നും ഹൈദരാബാദു കാരിയായ മിസ് ഇന്ത്യ വാസുകി സങ്കവാലിയും മത്സരത്തില്‍ പങ്കെടുത്തിരുന്നെങ്കിലും അവസാനത്തെ റൌണ്ടില്‍ അവര്‍ക്ക് ഇടം നേടാനായില്ല. അറുപതാമത് മിസ് യൂണിവേഴ്സ് മത്സരമാണ് ഇത്തവണത്തേത്. ആദ്യമായാണ് ഇത്രയും അധികം പേര്‍ മത്സരത്തില്‍ പങ്കെടുക്കുന്നത്. 2006-ല്‍ ആണ് ഇതിനു മുമ്പ് ഏറ്റവും കൂടുതല്‍ സുന്ദരിമാര്‍ മിസ് യൂണിവേഴ്സ് മത്സരത്തിനായി എത്തിയിരുന്നത്.
- എസ്. കുമാര്‍