സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗും മലബാര്‍ ക്രിസ്ത്യന്‍ കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന സോഫ്റ്റ്‌വേര്‍ സ്വാതന്ത്ര്യ ദിനാഘോഷം 2008 എന്ന പരിപാടിയുടെ ഭാഗമായി ഭാഷാ കമ്പ്യൂട്ടിങ്ങ് സെമിനാറും ഇന്‍സ്റ്റാള്‍ ഫെസ്റ്റും കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ വെച്ച് സപ്തംബര്‍ 20ന് രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ നടക്കുന്നതാണ്.
വിവര സാങ്കേതിക വിദ്യയുടെ മാനുഷികവും ജനാധിപത്യ പരവുമായ മുഖവും ധിഷണയുടെ പ്രതീകവുമാണു് സ്വതന്ത്ര സോഫ്റ്റ്‌വേറുകള്‍. പരമ്പരകളായി നാം ആര്‍ജ്ജിച്ച കഴിവുകള്‍ വിജ്ഞാനത്തിന്റെ സ്വതന്ത്ര കൈ മാറ്റത്തിലൂടെ, ചങ്ങലകളും മതിലുകളും ഇല്ലാതെ, ഡിജിറ്റല്‍ യുഗത്തില്‍ ഏവര്‍ക്കും ലഭ്യമാക്കുന്നതിനും ലോക പുരോഗതിക്കു് ഉപയുക്തമാ ക്കുവാനുമാണു് സ്വതന്ത്ര സോഫ്റ്റ്‌വേറുകള്‍ നില കൊള്ളുന്നതു്. സ്വതന്ത്ര സോഫ്റ്റ്‌വേറുകള്‍ വാഗ്ദാനം ചെയ്യുന്ന, മനസ്സിലാക്കാനും പകര്‍ത്താനും നവീകരിക്കാനും പങ്കു വെക്കുവാനുമുള്ള സ്വാതന്ത്ര്യമാണു്, സ്വതന്ത്ര വിവര വികസന സംസ്കാരത്തിന്റെ അടിത്തറ. ഈ സ്വാതന്ത്ര്യം പൊതു ജന മദ്ധ്യത്തിലേക്കു് കൊണ്ടു വരുവാനും പ്രചരിപ്പിക്കാനുമായി ഓരോ വര്‍ഷവും സപ്തംബര്‍ മാസത്തിലെ മൂന്നാമത് ശനിയാഴ്ച ലോകമെമ്പാടും സോഫ്റ്റ്‌വേര്‍ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു.
ഈ വര്‍ഷത്തെ സോഫ്റ്റ്‌വേര്‍ സ്വാതന്ത്ര്യ ദിനം മലയാള ഭാഷാ കമ്പ്യൂട്ടിംഗിനു് പ്രാമുഖ്യം നല്കി, ഈ മേഖലയില്‍ ഇതിനകം നടന്ന പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാനും വിലയിരുത്താനും ഉപയോഗിക്കാനും കൂട്ടായ പ്രവര്ത്തനത്തിലൂടെ അവ മെച്ചപ്പെടുത്തുവാനും ലക്ഷ്യമിട്ടു കൊണ്ടു് സംഘടിപ്പിക്കപ്പെടുകയാണു്. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗും കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജും സംയുക്തമായാണ് പരിപാടി സംഘടിപ്പിയ്ക്കുന്നത്.
ഇതിനോടനുബന്ധിച്ച് ഫോസ്സ്‌സെല്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ലനോളജി, കോഴിക്കോടിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഇന്‍സ്റ്റോള്‍ ഫെസ്റ്റില്‍ വിവിധ സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ സൌജന്യമായി ഇന്‍സ്റ്റോള്‍ ചെയ്തു കൊടുക്കപ്പെടും. ഓപ്പറേറ്റിങ്ങ് സിസ്റ്റവും പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്ള പ്രോഗ്രാമുകളും തദവസരത്തില്‍ ലാപ്ടോപ്പോ സി.പി.യു ഓ ആയി വരുന്ന ആവശ്യക്കാര്‍ക്ക് സൌജന്യമായി ഇന്‍സ്റ്റോള്‍ ചെയ്തു കൊടുക്കും. ഇവയുടെ ഉപയോഗത്തില്‍ പരിശീലനവും നല്‍കും എന്ന് സംഘാടകര്‍ അറിയിച്ചു.
സ്വതന്ത്ര സോഫ്റ്റ്‌വേറിലും ഭാഷാ കമ്പ്യൂട്ടിങ്ങിലും തല്പരരായ ആര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം. കംമ്പ്യൂട്ടര്‍ ഉപയോഗത്തില്‍ മുന്‍ പരിചയം വേണമെന്നില്ല. സെമിനാറില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി പേര് റജിസ്റ്റര്‍ ചെയ്യുക. സപ്തംമ്പര്‍ 18 നു് വൈകുന്നേരം 5 മണിയ്ക്കു് മുമ്പായി ഡോ. കെ. വി. തോമസ്, മലയാള വിഭാഗം, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, കോഴിക്കോട് എന്ന വിലാസത്തില്‍ (സെല്‍ 9447339013, മെയില്‍: mcccentenary@gmail.com) നിങ്ങളുടെ റജിസ്ട്രേഷന്‍ അപേക്ഷകള്‍ എത്തിയ്ക്കുക.
സ്വന്തം കമ്പ്യൂട്ടറില്‍ സ്വതന്ത്ര ഓപ്പറേറ്റിങ്ങ് സിസ്റ്റവും പ്രയോഗ സോഫ്റ്റ്‌വെയറുകളും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആഗ്രഹിയ്ക്കുന്നവര്‍ സിപിയു / ലാപ് ടോപ് കൊണ്ടു വരേണ്ടതാണു്.
കൂടുതല്‍ വിവരങ്ങള്‍ക്കു് ബന്ധപ്പെടുവാനുള്ള വിലാസം:
ഡോ.മഹേഷ് മംഗലാട്ട് , 94470-34697, maheshmangalat@gmail.com
– മുഹമ്മദ് ഉനൈസ്
- ജെ.എസ്.