ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണം എന്ന് വിശേഷിക്കപ്പെട്ട “ലാര്‍ജ് ഹെഡ്രോണ്‍ കൊളൈഡര്‍” യന്ത്ര തകരാറിനെ തുടര്‍ന്ന് അടച്ചു പൂട്ടി. ഇത് പൂര്‍വ്വ സ്ഥിതിയില്‍ ആക്കാന്‍ ആഴ്ചകള്‍ വേണ്ടി വരും എന്ന് പരീക്ഷണത്തിന് ചുക്കാന്‍ പിടിയ്ക്കുന്ന “ആണവ ഗവേഷണത്തിനുള്ള യൂറോപ്യന്‍ കേന്ദ്ര” ത്തിന്റെ (CERN) ശാസ്ത്രജ്ഞര്‍ അറിയിച്ചു. ഈ വര്‍ഷം ഇനി കണികാ “ഇടിച്ചില്‍” (particle collision) നടക്കാന്‍ സാധ്യത കുറവാണ് എന്ന് കേന്ദ്രത്തിന്റെ വാര്‍ത്താ വിനിമയ കാര്യ മേധാവി ഡോ. ജേയ്മ്സ് ഗില്ലിസ് അറിയിച്ചു.
തുടക്കം മുതലേ 30 വോള്‍ട്ടിന്റെ ഒരു ട്രാന്‍സ്ഫോര്‍മര്‍ തകരാറിലായത് ഉള്‍പ്പടെ നിരവധി സാങ്കേതിക തകരാറുകള്‍ നേരിട്ടിരുന്നു ഈ പരീക്ഷണത്തിന്. അതില്‍ അവസാനത്തേതാണ് ഇന്നലെ നടന്നത്. കണികകളെ ഈ ഭീമന്‍ തുരങ്കത്തിനുള്ളിലൂടെ നയിയ്ക്കുവാന്‍ ഉപയോഗിക്കുന്ന അനേകം വൈദ്യുത കാന്തങ്ങളിലൊന്ന് ചൂട് പിടിച്ച് ഉരുകിയതാണ് പരീക്ഷണം നിര്‍ത്തിവെയ്ക്കാന്‍ കാരണമായത്. ഈ കാന്തത്തിന്റെ താപനില നൂറ് ഡിഗ്രിയോളം വര്‍ധിയ്ക്കുകയുണ്ടായി. കാന്തങ്ങളെ തണുപ്പിയ്ക്കുവാന്‍ ഉപയോഗിയ്ക്കുന്ന ഹീലിയം വാതകം ചോര്‍ന്ന് തുരങ്കത്തിനകത്തേയ്ക്ക് പ്രവഹിയ്ക്കുകയും ചെയ്തു.
രണ്ട് കാന്തങ്ങളുടെ ഇടയിലെ വൈദ്യുതി തകരാറ് മൂലമാണ് പരീക്ഷണം നിര്‍ത്തി വെയ്ക്കേണ്ടി വന്നത് എന്ന് മാത്രമാണ് ഔദ്യോഗിക വിശദീകരണം.
പൂജ്യം ഡിഗ്രിയ്ക്കടുത്ത് വരെ തണുപ്പിച്ചിരിയ്ക്കുന്ന തുരങ്കത്തില്‍ കടന്ന് തകരാറ് മാറ്റുവാന്‍ ഇനി തുരങ്കം ക്രമേണ ചൂടാക്കി കൊണ്ടു വരണം. ഇതിനെടുക്കുന്ന സമയം ആണ് പരീക്ഷണം പുനരാരംഭിക്കാനുള്ള കാലതാമസം.
പതിനാല് വര്‍ഷത്തെ ശ്രമഫലമായ് നിര്‍മ്മിച്ച ഇത്തരമൊരു സങ്കീര്‍ണ്ണമായ യന്ത്ര സംവിധാനത്തില്‍ ഇത്തരമൊരു തകരാറ് സംഭവിക്കുന്നത് അസാധാരണമല്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
- ജെ.എസ്.