ഓസ്ലോ: സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം ഇന്ത്യാക്കാരനായ കൈലാശ് സത്യാർത്ഥി, പാക്കിസ്ഥാൻകാരി മലാല യൂസുഫ്സായി എന്നിവർക്ക് നൽകുമെന്ന് നൊബേൽ പുരസ്കാര സമിതി പ്രഖ്യാപിച്ചു. കുട്ടികൾക്ക് നേരെയുള്ള അടിച്ചമർത്തലിന് എതിരെയും കുട്ടികൾക്ക് വിദ്യാഭ്യാസത്തിനായുള്ള അവകാശത്തിന് വേണ്ടിയും നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് പുരസ്കാരങ്ങൾ നൽകുന്നത്.
മദ്ധ്യപ്രദേശ് സ്വദേശിയായ കൈലാശ് സത്യാർത്ഥി കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി തുടങ്ങിയ ബച്പൻ ബചാവോ ആന്ദോളൻ 80,000 ത്തിലേറെ കുട്ടികൾക്ക് തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സഹായകരമായി.
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാന്റെ നയത്തെ എതിർത്ത മലാലയെ താലിബാൻ ഭീകരവാദികൾ തലയ്ക്ക് വെടിവെച്ച് കൊല്ലാൻ ശ്രമിച്ചിരുന്നു.
എപ്പോള്‍ വേണമെങ്കിലും ചീറിപ്പാഞ്ഞു വരുന്ന ഒരു വെടിയുണ്ടയില്‍ ജീവന്‍ നഷ്ടപ്പെടും എന്ന ഉറപ്പുണ്ടെങ്കിലും മത ഭീകരത അതിന്റെ എല്ലാ രൌദ്ര ഭാവവും എടുത്ത് ഉറഞ്ഞാടുന്ന പാക്കിസ്ഥാനിലെ സാത്ത് താഴ്‌വരയില്‍ ജീവന്‍ പോലും നഷ്ടപ്പെടുത്തുവാന്‍ തയ്യാറായി, ഭീകരതയോട് സന്ധിയില്ലാതെ തന്റെ കര്‍മ്മപഥത്തില്‍ അടിപതറാതെ മുന്നേറിയതിന്റെ പേരിലാണ് മലാല യൂസുഫ് സായി എന്ന പതിനാലുകാരി ലോകത്തിന്റെ പൊന്നോമയായത്. മലാലയോടുള്ള ആദരവിന്റെ ഭാഗമായി ലോകമെമ്പാടും നവമ്പര്‍ 10ന് മലാല ദിനമായി ആചരിക്കുവാന്‍ ഐക്യ രാഷ്ട്ര സഭ തീരുമാനിക്കുകയും ചെയ്തിരുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, തീവ്രവാദം, മനുഷ്യാവകാശം, വിദ്യാഭ്യാസം, സ്ത്രീ വിമോചനം