നെവാഡ : പ്ലേ ബോയ് മാസികയുടെ വെബ് സൈറ്റില്‍ പ്രശസ്ത മോഡല്‍ സാറാ ജീന്‍ പൂര്‍ണ്ണ നഗ്നയായി യോഗാഭ്യാസം നടത്തുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടതിനെതിരെ അമേരിക്കയിലെ യൂനിവേഴ്സല്‍ സൊസൈറ്റി ഓഫ് ഹിന്ദൂയിസം എന്ന സംഘടനയുടെ അദ്ധ്യക്ഷന്‍ രാജന്‍ സെഡ് രംഗത്ത് വന്നു. യാഥാസ്ഥിതിക ഹിന്ദു മതത്തിന്റെ 6 പ്രധാന വ്യവസ്ഥകളില്‍ ഒന്നാണ് യോഗ എന്നാണു രാജന്‍ സെഡ് പറയുന്നത്. ഇത് ഹിന്ദു മത വിശ്വാസികള്‍ ഏറെ പാവനമായി കരുതുന്ന ഒന്നാണ് എന്നും ഇതിനെ ഇത്തരത്തില്‍ ചിത്രീകരിക്കുന്നത് ഹിന്ദു മത വിശ്വാസികളെ വേദനിപ്പിക്കുന്നു എന്നും രാജന്‍ സെഡ് പറയുന്നു.
ആഗോള തലത്തില്‍ ഹിന്ദു മതത്തിന് പുതിയ ഒരു സ്വത്വം നല്‍കുവാനുള്ള പ്രഖ്യാപിത ലക്ഷ്യവുമായി ഏതാനും വര്‍ഷങ്ങള്‍ മുന്‍പാണ് നെവാഡയിലെ ഹിന്ദു പുരോഹിതന്‍ രാജന്‍ സെഡിന്റെ നേതൃത്വത്തില്‍ ഈ സ്ഥാപനം രംഗത്ത് വന്നത്. 2007 ജൂലൈ 12ന് അമേരിക്കന്‍ സെനറ്റില്‍ രാജന്‍ സെഡിന്റെ നേതൃത്വത്തില്‍ ഒരു ഹിന്ദു പ്രാര്‍ഥനയും നടത്തുകയുണ്ടായി. അമേരിക്കന്‍ സെനറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഹിന്ദു പ്രാര്‍ഥനയോടെ സെനറ്റിന്റെ നടപടികള്‍ ആരംഭിച്ചത്. ഋഗ്വേദം, ഉപനിഷത്തുക്കള്‍, ഭഗവദ്ഗീത എന്നിവയില്‍ നിന്നുമുള്ള സൂക്തങ്ങള്‍ ചേര്‍ത്താണ് രാജന്‍ സെഡ് സെനറ്റില്‍ പ്രാര്‍ത്ഥന നടത്തിയത്.
പ്ലേബോയിലെ വീഡിയോ കണ്ടാല്‍ ഹൃദയമിടിപ്പ് വര്‍ദ്ധിക്കും എന്നാണ് ഇദ്ദേഹം പറയുന്നത്. നഗ്നയായി താന്‍ യോഗ അഭ്യസിക്കുന്നത് കാണുന്നത് യോഗ അഭ്യസിക്കുന്നത് പോലെ തന്നെ നല്ലതാണ് എന്ന സന്ദേശമാണ് സാറാ ജീന്‍ ഈ വീഡിയോയിലൂടെ നല്‍കുന്നത് എന്നും താന്‍ കരുതുന്നതായി ഇയാള്‍ പറയുന്നു.
മഹത്തായ ഒരു പാരമ്പര്യത്തിന്റെ വിശാലമായ അടിത്തറയില്‍ നില കൊള്ളുന്ന ഹിന്ദു സംസ്കാരത്തെ വ്യവസ്ഥാപിത മതങ്ങളുടെ ചട്ടക്കൂടിലേക്ക് ഒതുക്കി സങ്കുചിതമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാനുള്ള സംഘടിതമായ ഗൂഡാലോചനയുടെ ഭാഗമാണ് ഹിന്ദു മതത്തിന്റെ “സ്വത്വം സംരക്ഷിക്കാന്‍” ഇറങ്ങി പുറപ്പെടുന്ന യൂനിവേഴ്സല്‍ സൊസൈറ്റി ഓഫ് ഹിന്ദൂയിസം പോലുള്ള സംഘങ്ങള്‍ എന്ന് വിമര്‍ശനമുണ്ട്.
- ജെ.എസ്.