
ലോസ്ആഞ്ചലസ് : പോപ് രാജാവ് മൈക്കള്‍ ജാക്സന്‍റെ മരണത്തിന് കാരണമായത് അദ്ദേഹത്തിന്റെ ഡോക്ടര്‍ അമിതമായ അളവില്‍ ഉറങ്ങാനുള്ള മരുന്ന് കുത്തിവെച്ചത് ആണെന്ന് കോടതി കണ്ടെത്തി. ലോകം മുഴുവന്‍ ഉറ്റു നോക്കിയിരുന്ന ഒന്‍പതു മണിക്കൂര്‍ നീണ്ടു നിന്ന കോടതി നടപടികളുടെ അവസാനം ജാക്സന്റെ മരണത്തിന് ഉത്തരവാദി ഡോക്ടര്‍ ആണെന്ന് ജൂറി തീരുമാനിച്ചു. ജാക്സന്‍റെ സ്വകാര്യ ഭിഷഗ്വരന്‍ ഡോക്ടര്‍ മുറെ ഇതോടെ തടവിലാവും എന്ന് ഉറപ്പായി. അദ്ദേഹത്തിന്റെ ലൈസന്‍സും റദ്ദ് ചെയ്യപ്പെടാം.
മൈക്കള്‍ ജാക്സന്‍ ഭീകരമായ ഉറക്ക രാഹിത്യം അനുഭവിച്ചിരുന്നു. സംഗീത പരിപാടികള്‍ക്ക് മുന്‍പ് മതിയായ ഉറക്കം ലഭിക്കാന്‍ ആവാതെ ഏറെ കഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തിന് ഡോ. മുറെ പതിവായി പ്രോപോഫോള്‍ എന്ന ഉറക്ക മരുന്ന് കുത്തി വെയ്ക്കാറുണ്ടായിരുന്നു. എന്നാല്‍ മരണ ദിവസം കുത്തിവെച്ച അളവ് കുറവായിരുന്നുവെന്നും പിന്നീട് താന്‍ പോയ ശേഷം മൈക്കള്‍ സ്വന്തമായി അമിത അളവില്‍ മരുന്ന് സ്വയം കുത്തി വെച്ചതാണ് മരണത്തിന് കാരണമായത് എന്ന ഡോക്ടര്‍ മുറെയുടെ വാദം ജൂറി തള്ളിക്കളഞ്ഞു.
2009 ജൂണ്‍ 25നാണ് മൈക്കള്‍ ജാക്സന്‍ മരണമടഞ്ഞത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ആരോഗ്യം, കുറ്റകൃത്യം, കോടതി, വൈദ്യശാസ്ത്രം, സംഗീതം




























