ന്യൂയോര്‍ക്: അമേരിക്കയില്‍ കുത്തകവിരുദ്ധ സമരം കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു. സമരത്തിന്‍റെ 60ാം ദിനത്തിലും കൂടുതല്‍ ജനങ്ങള്‍ സമരമുഖത്ത് എത്തിയതോടെ അമേരിക്കയുടെ വിവിധ ഭാഗങ്ങളിലായി നിരവധി പ്രക്ഷോഭകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. സമരം രൂക്ഷമായ ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം മുന്നൂറോളം ആളുകളെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച സുക്കോട്ടി പാര്‍ക്കില്‍ ക്യാമ്പ് ചെയ്തിരുന്ന ഇരുന്നൂറോളം സമരക്കാരെ പൊലീസ് ഒഴിപ്പിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇപ്പോഴത്തെ അറസ്റ്റ്. സമരം ആരംഭിച്ചതില്‍ പിന്നെ ഇവിടെ ഏകദേശം ആയിരത്തോളം സമരക്കാരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ന്യൂയോര്‍ക്കിന് പുറമെ, മിയാമി, ബോസ്റ്റണ്‍, ലോസ് ആഞ്ജലസ് തുടങ്ങിയ നഗരങ്ങളിലും കഴിഞ്ഞദിവസം ശക്തമായ സമരങ്ങള്‍ നടന്നു. ഇവിടെയും നിരവധി ആളുകളെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റിലാണ് കഴിഞ്ഞദിവസം നടന്ന വന്‍ പ്രതിഷേധ പ്രകടനം അരങ്ങേറിയത് ഇത് അമേരിക്കയിലെ ഭരണാധികാരികളെ ഞെട്ടിപ്പിച്ചിരുന്നു. സ്റ്റോക് എക്സ്ചേഞ്ചിന്‍റെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ പ്രകടനം ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുമ്പ് പൊലീസ് തടഞ്ഞു. ഇവിടെ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തത് ചെറിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചു. അഞ്ചു പൊലീസുകാര്‍ക്ക് പരിക്കേറ്റതായി ന്യൂയോര്‍ക് മേയര്‍ മിഖായേല്‍ ബ്ളുംബെര്‍ഗ് പറഞ്ഞു. ന്യൂയോര്‍ക് സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സെന്‍റ് ലൂയിസിലും ആയിരക്കണക്കിനാളുകള്‍ പ്രകടനം നടത്തി. ലോസ് ആഞ്ജലസില്‍ പ്രകടനം നടത്തിയ പ്രക്ഷോഭകരില്‍ 80 ആളുകളെ അറസ്റ്റ് ചെയ്തു.ഇവിടെ ബാങ്ക് ഓഫ് അമേരിക്ക ഉപരോധിക്കാന്‍ ശ്രമിച്ച സമരക്കാരാണ് അറസ്റ്റ് വരിച്ചത്. ഷികാഗോയിലെ തോംസണ്‍ പാര്‍ക്കിലും മുന്നൂറോളം സമരക്കാര്‍ ഒത്തുചേര്‍ന്ന് സര്‍ക്കാര്‍ വിരുദ്ധ പ്രകടനം നടത്തി. ഡാളസ്, പോര്‍ട്ട്ലന്‍ഡ് എന്നിവിടങ്ങളിലും സമരങ്ങള്‍ അരങ്ങേറി. കഴിഞ്ഞയാഴ്ച ഇവിടെനിന്ന് സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് ഒഴിപ്പിക്കുകയും ടെന്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസവും പോര്‍ട്ട്ലാന്‍ഡില്‍ 20 ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കാലിഫോര്‍ണിയയിലും അഞ്ഞൂറോളം പ്രക്ഷോഭകര്‍ തമ്പടിച്ചിരുന്ന ക്യാമ്പും പൊലീസ് ഒഴിപ്പിച്ചിട്ടുണ്ട്
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ക്രമസമാധാനം, സാമ്പത്തികം