ബെയ്ജിങ് : നിങ്ങള്‍ ഇത് വായിക്കുന്നുണ്ടെങ്കില്‍ ഒരു കാര്യം ഉറപ്പാണ്. ലോകം അവസാനിച്ചിട്ടില്ല. മായന്‍ കലണ്ടര്‍ പ്രകാരം ലോകം അവസാനിക്കുന്ന ദിവസമായിരുന്നു ഇന്നലെ എന്നും പറഞ്ഞ് ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ കോലാഹലങ്ങള്‍ ചില്ലറയല്ല. ലോകം അവസാനിക്കുന്നു എന്ന വാര്‍ത്ത പ്രചരിപ്പിച്ചു ജനങ്ങളെ പരിഭ്രാന്തരാക്കി എന്ന കുറ്റത്തിന് ചൈനയില്‍ ആയിരക്കണക്കിന് ആളുകളെ പോലീസ് അറസ്റ്റ് ചെയ്തു. “സര്‍വ്വ ശക്തനായ ദൈവം” എന്ന പേരില്‍ അറിയപ്പെടുന്ന ഒരു ക്രിസ്തീയ വിഭാഗത്തിലെ അംഗങ്ങളാണ് അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഭൂരിഭാഗവും. 1990ല്‍ ആരംഭിച്ച ഈ മത വിഭാഗം കുറച്ചു നാളായി ലോകാവസാനത്തെ കുറിച്ച് പൊതുജനത്തെ ഉദ്ബോധിപ്പിക്കാന്‍ തുടങ്ങിയിട്ട്. ഇതോടൊപ്പം ചുവന്ന ഡ്രാഗണ്‍ എന്ന് അറിയപ്പെടുന്ന ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നശിപ്പിക്കുവാനും ഇവര്‍ ആളുകളെ ആഹ്വാനം ചെയ്തു വന്നു. ചൈനയില്‍ ഉടനീളം ലോകാവസാനത്തിന്റെ വക്താക്കള്‍ ഇതേ സംബന്ധിച്ചുള്ള ലഘു ലേഘനങള്‍ വിതരണം ചെയ്യുകയും ഉച്ചഭാഷിണികള്‍ ഉപയോഗിച്ച് ലോകാവസാന സന്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഇവരെയൊക്കെ പോലീസ് പിടികൂടുകയും ചെയ്തു. ഇത്തരം പ്രചരണത്തെ തുടര്‍ന്ന് ഭയഭീതരായ പലരും വന്‍ തോതില്‍ ഭക്ഷണ സാധനങ്ങളും മറ്റും വാങ്ങി സംഭരിച്ചത് പ്രശ്നത്തെ വീണ്ടും വഷളാക്കി.
- ജെ.എസ്.