ബെയ്ജിംഗ് : ഈജിപ്തിലെ സംഭവ വികാസങ്ങള്‍ ചൈന ആശങ്കയോടെയാണ് നോക്കിക്കാണുന്നത് എന്ന് വ്യക്തമാക്കുന്ന ചില നടപടികള്‍ ചൈനീസ് അധികൃതര്‍ സീകരിച്ചു. ടുണീഷ്യയിലും ഈജിപ്തിലും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ മറി കടന്ന് പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ജനത്തെ സഹായിച്ചത് ഓണ്‍ലൈന്‍ മാധ്യമങ്ങളാണ്. ഇത്തരമൊരു സംഘര്‍ഷം ചൈനയിലേക്ക് ഓണ്‍ലൈന്‍ വഴി പടരുന്നത് തടയാന്‍ എന്നവണ്ണം ചൈനീസ് അധികൃതര്‍ ചൈനയിലെ ട്വിറ്ററിനു സമാനമായ മൈക്രോ ബ്ലോഗിംഗ് സൈറ്റുകളായ സിന ഡോട്ട് കോം, സോഹു ഡോട്ട് കോം എന്നീ സൈറ്റുകളില്‍ “ഈജിപ്ത്” എന്ന വാക്ക് തിരയുന്നത് തടഞ്ഞു. നിങ്ങള്‍ തിരയുന്ന വാക്ക് നിലവിലുള്ള നിയന്ത്രണങ്ങള്‍ക്ക് വിധേയമായി കാണിക്കുവാന്‍ ആവില്ല എന്ന സന്ദേശമാണ് “ഈജിപ്ത്” അന്വേഷിക്കുന്നവര്‍ക്ക് ലഭിക്കുന്നത്.
അറബ് ലോകത്തെ ആടിയുലച്ച മുല്ല വിപ്ലവം ഈജിപ്തിലെ ജനം ഏറ്റെടുത്തതോടെ നൂറിലേറെ പേരാണ് ഈജിപ്തില്‍ കൊല്ലപ്പെട്ടത്. ആയിരത്തോളം പേര്‍ ഇന്നലെ കൈറോയില്‍ പ്രസിഡണ്ട് ഹോസ്നി മുബാറക്കിന്റെ രാജി ആവശ്യപ്പെട്ടു പ്രകടനം നടത്തി. ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ വൈസ് പ്രസിഡണ്ടിനെ നിയോഗിച്ച നടപടിയും പ്രതിഷേധക്കാര്‍ തള്ളിക്കളഞ്ഞു.
ഈജിപ്തിലെ കലാപം ചൈനയിലേക്ക് പടരാതിരിക്കാന്‍ ഉദ്ദേശിച്ചാണ് ചൈനയില്‍ ഇന്റര്‍നെറ്റിനു പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ചൈനയില്‍ ഇന്റര്‍നെറ്റ് സ്വതന്ത്രമാണ് എന്ന് സര്‍ക്കാര്‍ പറയുമ്പോഴും ട്വിറ്റര്‍, ഫേസ്ബുക്ക്, യൂട്യൂബ് എന്നീ സൈറ്റുകള്‍ ഇവിടെ നേരത്തെ നിരോധിക്കപ്പെട്ടതാണ്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്റര്‍നെറ്റ്, ഈജിപ്റ്റ്, ക്രമസമാധാനം, ചൈന, പ്രതിഷേധം