കൈറോ : ഈജിപ്തിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് തുടക്കം കുറിച്ച ഫേസ്ബുക്ക് പേജിന്റെ അഡ്മിനിസ്ട്രേറ്റര്‍ ആയ വാഎല്‍ ഘോനിം തടവില്‍ നിന്നും മോചിതനായി. കഴിഞ്ഞ 12 ദിവസം ഇദ്ദേഹത്തെ ഏതോ രഹസ്യ കേന്ദ്രത്തില്‍ അന്യായമായി തടവില്‍ പാര്‍പ്പി ച്ചിരിക്കുകയായിരുന്നു. കണ്ണ് കെട്ടിയിട്ട അവസ്ഥയിലാണ് താന്‍ ഇത്രയും നാള്‍ തടവില്‍ കഴിഞ്ഞത് എന്ന് ഘോനിം അറിയിച്ചു. എന്നാല്‍ ഇദ്ദേഹത്തെ തടവിലാക്കിയിട്ടില്ല എന്നായിരുന്നു ഇന്നലെ വരെ സര്‍ക്കാര്‍ നിലപാട്. മര്‍ദ്ദന മുറകള്‍ സാധാരണമായ ഈജിപ്തിലെ ജെയിലുകളില്‍ ഇദ്ദേഹത്തിന്റെ സ്ഥിതി എന്താവും എന്ന അങ്കലാപ്പില്‍ കഴിയുകയായിരുന്നു കഴിഞ്ഞ രണ്ടാഴ്ചയോളം ഇദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും.
2010 ജൂണ്‍ 6ന് ഖാലെദ് സയിദ് എന്ന യുവാവിനെ രണ്ടു രഹസ്യ പോലീസുകാര്‍ ഒരു ഇന്റര്‍നെറ്റ് കഫേയില്‍ നിന്നും പിടികൂടുകയും ഇയാളെ പോലീസ് കാറിലേക്ക് കൊണ്ട് പോകുന്നതിനു മുന്‍പ് തന്നെ തല്ലിച്ചതച്ച് കൊല്ലുകയും ചെയ്തു. ഈജിപ്തിലാകെ വന്‍ പ്രതിഷേധത്തിനിടയാക്കിയ ഈ സംഭവത്തെ തുടര്‍ന്ന് ഖാലെദിന്റെ ഓര്‍മ്മയ്ക്കായി തുടങ്ങിയ We are all Khaled Said എന്ന ഫേസ്ബുക്ക് പേജ് ജനകീയ പ്രക്ഷോഭത്തിന്റെ പൊതുശബ്ദമായി മാറുകയായിരുന്നു.
ഈ ഫേസ്ബുക്ക് പേജിന്റെ അഡ്മിനിസ്ട്രേറ്റര്‍ ആയ ഘോനിം ഇന്നലെ ഈജിപ്ത് പ്രക്ഷോഭത്തിന്റെ കേന്ദ്ര ബിന്ദുവായ താറിര്‍ സ്ക്വയറില്‍ വെച്ച് ഖാലെദിന്റെ അമ്മയെ കണ്ടു മുട്ടിയ രംഗങ്ങള്‍ വികാര ഭരിതമായിരുന്നു. ഘോനിമിനെ ആ അമ്മ ഖാലെദ് എന്ന് അറിയാതെ പേരെടുത്ത് വിളിച്ചത് തനിക്ക് ലഭിച്ച ഏറ്റവും വലിയ ആദരവായി താന്‍ കണക്കാക്കുന്നു എന്ന് ഘോനിം പറഞ്ഞു.
ദുബായ് ആസ്ഥാനമായി ആഫ്രിക്ക, മദ്ധ്യ പൂര്‍വേഷ്യ എന്നിവിടങ്ങളിലെ ഗൂഗിളിന്റെ മാര്‍ക്കറ്റിംഗിന്റെ മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനാണ് ഘോനിം.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്റര്‍നെറ്റ്, ഈജിപ്റ്റ്, പീഡനം, പ്രതിഷേധം, മനുഷ്യാവകാശം