വാഷിംഗ്ടൺ : ഒസാമാ ബിൻ ലാദനെ പിടികൂടാൻ അമേരിക്കയെ സഹായിച്ചത് തങ്ങളാണെന്ന വാദവുമായി പാക്കിസ്ഥാൻ ചാര സംഘടനയായ ഐ. എസ്. ഐ. രംഗത്തു വന്നു. ബിൻ ലാദനെ പിടി കൂടിയതിന്റെ വാർഷികം അടുത്തു വരുന്ന സാഹചര്യത്തിൽ തങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ അവകാശവാദം.
ബിൻ ലാദനെ സഹായിക്കാൻ സഹായിച്ച ടെലിഫോൺ നമ്പർ തങ്ങളാണ് അമേരിക്കൻ അധികൃതർക്ക് നല്കിയത് എന്നാണ് ഐ. എസ്. ഐ. പറയുന്നത്. എന്നാൽ നമ്പർ ലഭിച്ചതിനു ശേഷം അമേരിക്ക തങ്ങളിൽ നിന്ന് തുടർ നടപടികൾ മറച്ചു വെച്ചു തങ്ങളെ വഞ്ചിച്ചു എന്നും വാഷിംഗ്ടൺ പോസ്റ്റ് പത്രത്തോട് ഐ. എസ്. ഐ. ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
ബിൻ ലാദനെ ഏറെ നാൾ സംരക്ഷിച്ചത് ഐ. എസ്. ഐ. ആണെന്ന് ആരോപണം നിലനിൽക്കുന്നുണ്ട്. അതിനിടയിൽ നടത്തുന്ന ഈ അവകാശ വാദത്തെ അമേരിക്കൻ അധികൃതർ തള്ളിക്കളഞ്ഞു. നമ്പർ തങ്ങൾക്ക് നേരത്തേ അറിയാമായിരുന്നു എന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്.
ബിൻ ലാദനെ പിടികൂടാൻ അമേരിക്ക നടത്തിയ നീക്കം പാക്കിസ്ഥാന്റെ പരമാധികാരത്തിന് വെല്ലുവിളിയായിരുന്നു എന്നാണ് പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതൃത്വം അന്ന് അഭിപ്രായപ്പെട്ടിരുന്നത്. മാത്രമല്ല ബിൻ ലാദനെ പിടികൂടാൻ അമേരിക്കൻ ചാര സംഘടനയെ സഹായിച്ച ഒരു പാക്കിസ്ഥാനി ഡോക്ടറെ രാജ്യദ്രോഹ കുറ്റത്തിന് പാക്കിസ്ഥാൻ തടവിൽ ഇട്ടിരിക്കുകയുമാണ്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, തീവ്രവാദം, പാക്കിസ്ഥാന്