22 ഫീമെയില്‍ കോട്ടയത്തിന്റെ കാലത്താണെങ്കിലും പോളണ്ടിനെ കുറിച്ച് പറയാതിരിക്കാന്‍ പറ്റില്ല. പ്രത്യേകിച്ച് പ്രണയ വഞ്ചന നടത്തിയ കാമുകനോടുള്ള പോളണ്ടുകാരിയുടെ പ്രതികാരത്തെ കുറിച്ച്. പ്രണയിക്കലും പറ്റിക്കലും നമ്മുടെ നാട്ടില്‍ മാത്രമല്ല പോളണ്ടിലും ഉണ്ട്. എന്നാല്‍ 22 ഫീമെയില്‍ കോട്ടയംകാരി കൊച്ചിനെ പോലെ പ്രേമിച്ച് പറ്റിച്ചവന്റെ ആറിഞ്ച് അവയവം മുറിച്ചു മാറ്റിയല്ല പ്രതികാരം ചെയ്തത്.
അന്നാ മകോവിയക് എന്ന മുപ്പത്തിനാലുകാരി ദന്ത ഡോക്ടര്‍ മറെക് ഓത്സെവ് സ്കി എന്ന 45 കാരനുമായി തീവ്ര പണയത്തിലായിരുന്നു. പ്രണയ പരവശയായി സ്വയം മറന്നു നടന്ന കാലത്താണ് തന്റെ പ്രിയകാമുകന്‍ മറ്റൊരുവളുമായി പ്രണയത്തിലാണെന്ന ഞെട്ടിക്കുന്ന സത്യം അന്ന അറിയുന്നത്. പുതിയ കാമുകിയുമായുള്ള ഉല്ലാസങ്ങള്‍ക്കിടയില്‍ മറെസ് ഓത്സവിനു മുമ്പില്‍ വില്ലന്‍ പല്ലുവേദനയുടെ രൂപത്തില്‍ എത്തിയതോടെ ആണ് കാര്യങ്ങള്‍ തലകീഴ് മറിഞ്ഞത്. അസഹ്യമായ പല്ലുവേദന അലട്ടുവാന്‍ തുടങ്ങിയതോടെ പരിഹാരം കാണുവാന്‍ മറെസ് ആദ്യകാമുകിയായ അന്നയെ തേടി എത്തിയെത്തി. കേടുവന്ന പല്ല് പറിച്ചു മാറ്റുവാന്‍ മരവിപ്പിക്കുവാനുള്ള കുത്തിവെയ്പ് നല്‍കി. തന്നെ വഞ്ചിച്ച് കടന്നു കളഞ്ഞ കാമുകന്‍ വായും പൊളിച്ച് മുന്നില്‍ ഇരുന്നപ്പോള്‍ അറിയാതെ അന്നയിലെ പ്രതികാരം ഉണര്‍ന്നു. താനൊരു ഡോക്ടറ് ആണെന്നും മുന്നിലിരിക്കുന്നതു രോഗിയാണെന്നുമെല്ലാം മറന്നു പോയ അന്ന മുറിവേറ്റ കാമുകിയായി മാറി. വായിലെ പല്ലുകള്‍ എല്ലാം ഒന്നൊന്നായി പറിച്ചു മാറ്റി. മരുന്നിന്റെ ശക്തിയില്‍ വായ് മൊത്തം മരവിച്ചിരുന്നതിനാല്‍
പാവം കാമുകന്‍ ഇതൊന്നുമറിയാതെ തന്റെ പഴയ കാമുകിയുടെ ആത്മാര്‍ഥമായ പരിചരണത്തില്‍ ലയിച്ചിരിക്കുകയായിരുന്നു. ഒടുവില്‍ തലയും കീഴ്ത്താടിയും ചേര്‍ത്ത് ബാന്റേജിട്ട് വളരെ കുഴപ്പം പിടിച്ച രോഗമാണ് മറെകിനുള്ളതെന്നും ഉടനെ ഒരു വിദഗ്ദഡോക്ടറുടെ ചികിത്സ തേടണമെന്നും അവര്‍ ഉപേശിച്ചു വിട്ടു.
മരവിപ്പ് മാറി നാക്കുകൊണ്ട് വായില്‍ തപ്പി നോക്കിയപ്പോള്‍ ആണ് മറെക് ആ ഞെട്ടിക്കുന്ന യാദാര്‍ഥ്യം തിരിച്ചറിഞ്ഞത്. വായില്‍ ഒന്നല്ല ഒറ്റപല്ലു പോലും ഇല്ല. പഴയ കാമുകിയുടെ കൊടും പ്രതികാരത്തിന്റെ ഞെട്ടലില്‍ നിന്നും മുക്തനാകും മുമ്പെ മറ്റൊരു ഞെട്ടിക്കുന്ന യാദാര്‍ഥ്യം കൂടെ മറെകിനെ തേടിയെത്തി. പല്ലില്ലാത്ത മറെകിനെ തനിക്ക് വേണ്ടെന്ന് പുതിയ കാമുകിയും തള്ളിപ്പറഞ്ഞു. വായിലെ പല്ലുകളും കാമുകിമാരും നഷ്ടപ്പെട്ട മറെക് അന്നയ്ക്കെതിരെ അധികൃതര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. താനൊരു നല്ല ദന്തഡൊക്ടറാണെന്നും എന്നാല്‍ ഒരുനിമിഷം തന്നെ വഞ്ചിച്ചവനെ കയ്യില്‍ കിട്ടിയപ്പോള്‍ നിയന്ത്രണം വിട്ടു പോയതാണെന്നും അന്ന പറയുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, സ്ത്രീ