ടോക്യോ : ദക്ഷിണ ചൈനാ കടലിലെ ഒരു കൂട്ടം സ്വകാര്യ ദ്വീപുകൾ ജപ്പാൻ സർക്കാർ വിലയ്ക്കു വാങ്ങിയതിനെ ചൊല്ലി ചൈന ജപ്പാനുമായി നയതന്ത്ര സൈനിക തലങ്ങളിൽ ഏറ്റുമുട്ടലിന് ഒരുങ്ങുന്നു. ആൾപാർപ്പില്ലാത്ത മൂന്ന് ദ്വീപുകളാണ് കഴിഞ്ഞ ദിവസം ജപ്പാൻ ദ്വീപുകളുടെ ഉടമകളായ ഒരു ജാപ്പനീസ് കുടുംബത്തിൽ നിന്നും 2.6 കോടി ഡോളർ നൽകി സ്വന്തമാക്കിയത്. ഇതിനെതിരെ ചൈന നിരന്തരമായി നൽകിയ ഭീഷണികളെ വക വെയ്ക്കാതെയാണ് ജപ്പാൻ ദ്വീപുകൾ വാങ്ങിയത്. സംഭവം അറിഞ്ഞയുടൻ രണ്ട് യുദ്ധക്കപ്പലുകൾ ചൈന ദ്വീപുകളിലേക്ക് അയച്ചു. ഈ കപ്പലുകൾ ഇപ്പോൾ ദ്വീപുകൾക്കരികിൽ റോന്തു ചുറ്റുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികൾ തമ്മിൽ സൈനിക സംഘർഷം മുറുകുന്നത് ആശങ്കാ ജനകമാണ്. ജപ്പാൻ തീ കൊണ്ടാണ് കളിക്കുന്നത് എന്ന് ചൈന വ്യക്തമാക്കിക്കഴിഞ്ഞു. എന്നാൽ ദ്വീപുകളുടെ സമാധാനപരവും സുസ്ഥിരവുമായ നിലനിൽപ്പ് ലക്ഷ്യമിട്ടാണ് തങ്ങൾ ദ്വീപ് വിലയ്ക്ക് വാങ്ങിയത് എന്നാണ് ജപ്പാന്റെ പക്ഷം. ജപ്പാന്റെ കോസ്റ്റ് ഗാർഡ് ദ്വീപുകളുടെ സുരക്ഷിതത്വം ഏറ്റെടുക്കും എന്ന് ജപ്പാൻ അറിയിച്ചു.
കഴിഞ്ഞ മാസം ഒരു സംഘം ചൈനാക്കാർ ദ്വീപിലേക്ക് ഒരു ബോട്ടിൽ വരാൻ ശ്രമം നടത്തിയത് ജപ്പാൻ നാവിക സേന തടയുകയും (മുകളിലെ ഫോട്ടോ കാണുക) ചൈനാക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തത് വൻ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഇവരെ വിട്ടയയ്ക്കണം എന്ന് ആവശ്യപ്പെട്ട് ജപ്പാൻ എംബസിക്ക് മുൻപിൽ വൻ പ്രതിഷേധമാണ് ചൈനാക്കാർ നടത്തിയത്. ജപ്പാന്റെ പതാക കത്തിക്കുകയും ജപ്പാൻ ഉൽപ്പന്നങ്ങൾ രാജ്യവ്യാപകമായി ബഹിഷ്ക്കരിക്കുകയും ചെയ്തു. ഇന്റർനെറ്റിലും വൻ പ്രതിഷേധമാണ് ജപ്പാനു നേരെ ഉണ്ടായത്. ചൈനയുടെ ദ്വീപാണ് ഇത് എന്നും അതിനാൽ അവിടേക്ക് സഞ്ചരിച്ച ചൈനാക്കാരെ പിടികൂടിയത് അക്രമമാണ് എന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്.
- ജെ.എസ്.