കാലിഫോർണിയ : ആപ്പിൾ കമ്പനിയോട് കോടതിയിൽ തോറ്റ സാംസങ്ങ് ആപ്പിൾ തങ്ങളുടെ ഏറ്റവും പുതിയ മോഡൽ സ്മാർട്ട് ഫോണായ ഐഫോൺ-5 പുറത്തിറക്കിയ ഉടൻ ആപ്പിളിനെ തിരിച്ചടിച്ചു. ഐഫോൺ വലിയ സംഭവം ഒന്നുമല്ല എന്ന് തെളിയിക്കുന്നതാണ് സാംസങ്ങിന്റെ ഏറ്റവും പുതിയ പരസ്യം. ഐഫോൺ-5 ന്റെ എല്ലാ പ്രത്യേകതകളും ഓരോന്നായി എടുത്ത് ഇതെല്ലാം തന്നെ നേരത്തേ തന്നെ തങ്ങളുടെ ഗാലക്സി എസ്-III ഫോണിൽ ഉണ്ടായിരുന്നതാണ് എന്നാണ് സാംസങ്ങ് പരസ്യത്തിലൂടെ വ്യക്തമാക്കുന്നത്. മാത്രവുമല്ല ഐഫോണിൽ ഇല്ലാത്ത തങ്ങളുടെ സവിശേഷതകളും പരസ്യം വിളിച്ചോതുന്നു.
സ്ക്രീൻ വലിപ്പത്തിലും റെസല്യൂഷനിലും ഐഫോണിനേക്കാൾ ഒരു പടി മുന്നിലാണ് എസ്-III. സ്റ്റാൻഡ് ബൈ സമയത്തിലും സംസാര സമയത്തിലും ബഹുദൂരം മുന്നിലും. ഐഫോൺ 225 മണിക്കൂർ സ്റ്റാൻഡ് ബൈ സമയം വാഗ്ദാനം ചെയ്യുമ്പോൾ എസ്-III യുടേത് 790 മണിക്കൂറോടെ ഐഫോണിന്റെ മൂന്നിരട്ടിയിലേറെയാണ്. ഐഫോൺ 8 മണിക്കൂർ സംസാര സമയം നൽകുമെന്ന് പറയുമ്പോൾ എസ്-III നൽകുന്നത് 11.4 മണിക്കൂറാണ്. 2 ജി.ബി. യോടെ എസ്-III യുടെ മെമ്മറി ഐഫോണിന്റെ ഇരട്ടിയാണ്. കൂടാതെ എസ്-III യിൽ 64 ജി.ബി. വരെ എക്സ്റ്റേണൽ മെമ്മറിയായി മൈക്രോ എസ്.ഡി. കാർഡ് ഉപയോഗിക്കുകയുമാവാം. ഐഫോണിൽ ഇത്തരത്തിൽ എക്സ്റ്റേണൽ മെമ്മറി ഉപയോഗിക്കാൻ ആവില്ല. തങ്ങളുടെ ഡാറ്റാ കണക്ഷൻ പ്ലഗ് വ്യത്യസ്തമാണ് എന്ന് ആപ്പിൾ അവകാശപ്പെടുന്നതും സാംസങ്ങ് തങ്ങളുടേത് തികച്ചും വ്യാപകവും സ്റ്റാൻഡേർഡുമായ മൈക്രോ യു.എസ്.ബി. ആണെന്ന വെളിപ്പെടുത്തലോടെ നിഷ്പ്രഭമാക്കുന്നു. സാംസങ്ങ് ബാറ്ററി പുറത്തെടുക്കാവുന്നതാണ് എന്നതും ഉപയോക്താക്കൾക്ക് വലിയ ഒരാശ്വാസം തന്നെയാണ്. ഇതിന് പുറമെ സാംസങ്ങിന് മാത്രം അവകാശപ്പെടാവുന്ന ഒട്ടനവധി സൌകര്യങ്ങളും പരസ്യത്തിൽ കാണിച്ചിരിക്കുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: വിവാദം, സാങ്കേതികം