ടെഹ്റാൻ : പ്രവാചകനെ നിന്ദിക്കുന്ന വീഡിയോ പ്രദർശിപ്പിച്ച വെബ് സൈറ്റായ യൂട്യൂബിന്റെ ഉടമകളായ ഗൂഗിളിന്റെ ഏറ്റവും ജനപ്രിയ സേവനമായ ജീമെയിൽ ഇറാൻ നിരോധിച്ചു. ഇതോടെ നിയമ സഭാ സാമാജികർ ഉൾപ്പെടെ ഇറാനിലെ ലക്ഷക്കണക്കിന് ജീമെയിൽ ഉപയോക്താക്കൾക്ക് തങ്ങളുടെ ഈമെയിൽ ലഭിക്കാതായി. ജീമെയിലിന് പകരമായി ഒരു പ്രാദേശിക ഈമെയിൽ സേവനം കൊണ്ടുവരും എന്നാണ് അധികൃതർ പ്രഖ്യാപിച്ചത്. ഏറെനാളായി ഇന്റർനെറ്റ് അടക്കം ഒട്ടേറെ ഉന്നത സാങ്കേതിക മേഖലകളിൽ അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ മേധാവിത്വത്തെ വെല്ലുവിളിക്കുന്ന ഇറാൻ ഇസ്ലാമിക രാഷ്ട്രങ്ങളുടെ ഇടയിൽ ശാസ്ത്ര – സാങ്കേതിക രംഗത്തെ പുനരാഖ്യാനം ചെയ്യാനുള്ള തീവ്രശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി ബഹിരാകാശ ഗവേഷണം, വിത്തുകോശ ഗവേഷണം, ആണവ ഗവേഷണം എന്നിങ്ങനെ ഒട്ടേറെ രംഗങ്ങളിൽ ഇറാൻ മുന്നേറുന്നതിൽ അമേരിക്കയ്ക്കും മറ്റ് പാശ്ചാത്യ രാജ്യങ്ങൾക്കും ഏറെ അരിശമുണ്ട്.
അമേരിക്ക കേന്ദ്ര ബിന്ദുവായുള്ള അന്താരാഷ്ട്ര വിവര സാങ്കേതിക ശൃംഖലയാണ് ഇന്റർനെറ്റ്. ഇതിനു ബദലായി മറ്റൊരു ശൃംഖല തന്നെ രൂപപ്പെടുത്തുക എന്നത് ഏറെ ശ്രമകരമാണെങ്കിലും അസാദ്ധ്യമല്ല. എന്നാൽ ഇത്തരമൊരു ശൃംഖല വികസിപ്പിച്ചെടുത്താൽ അതിന് മുസ്ലിം രാഷ്ട്രങ്ങളുടേയും അമേരിക്കൻ വിരുദ്ധ രാജ്യങ്ങളുടേയും പിന്തുണ ലഭിക്കും എന്ന് ഉറപ്പാണ്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ആണവം, ഇന്റര്‍നെറ്റ്, ഇറാന്‍, ബഹിരാകാശം, ശാസ്ത്രം