കാലിഫോണിയ: വാർത്താ വിനിമയ രംഗത്തെ സാങ്കേതിക മികവിനുള്ള 2014ലെ മാർകോണി പുരസ്കാരം ഇന്ത്യൻ വംശജനായ ആരോഗ്യസ്വാമി ജോസഫ് പോൾരാജിന് ലഭിച്ചു. നൊബേൽ സമ്മാന ജേതാവും റേഡിയോയുടെ ഉപജ്ഞാതാവുമായ മാർകോണിയുടെ ബഹുമാനാർത്ഥം സ്ഥാപിച്ച മാർകോണി സൊസൈറ്റി ഏപ്പെടുത്തിയതാണ് ഈ പുരസ്കാരം.
ഇന്ന് ലോകമെമ്പാടുമുള്ള സകല 3ജി, 4ജി മൊബൈൽ ഫോണുകളിലും, വൈഫൈ (WiFi) റൌട്ടറുകളിലും, വൈഫൈ മോഡം മുതലായ വയർലെസ് ഉപകരണങ്ങളിലും ഒക്കെ ഉപയോഗിക്കപ്പെടുന്ന മിമോ (MIMO – Multiple-Input and Multiple-Output) ആന്റിനയുടെ കണ്ടുപിടുത്തത്തിനാണ് പോൾരാജിന് പുരസ്കാരം ലഭിച്ചത്.
ഒന്നിലേറെ റേഡിയോ ചാനൽ ആന്റിനകൾ ഉപയോഗിക്കുക വഴി ഊർജ്ജ ഉപയോഗം കൂട്ടാതെ ലഭ്യമായ ബാൻഡ് വിഡ്ത്തിൽ തന്നെ ഡാറ്റാ ട്രാൻസ്ഫർ അളവിൽ ഗണ്യമായ വർദ്ധനവ് കൈവരിച്ചതാണ് മിമോ സാങ്കേതിക വിദ്യയുടെ പ്രത്യേകത. ആധുനിക വയർലെസ് സാങ്കേതിക വിദ്യയുടെ അവിഭാജ്യ ഘടകമാണ് മിമോ.
മലയാളിയായ തോമസ് കൈലത്തിനൊപ്പം 1993ലാണ് ആരോഗ്യസ്വാമി ആദ്യമായി ഈ ആശയം അവതരിപ്പിച്ചത്. 1994ൽ ഇതിന്റെ പേറ്റന്റ് ഇവർക്ക് ലഭിച്ചു.
ശാസ്ത്ര സാങ്കേതിക രംഗത്തെ ഇവരുടെ സംഭാവനകൾ കണക്കിലെടുത്ത് ഭാരത സർക്കാർ ഇരുവരേയും പദ്മ ഭൂഷൺ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. തോമസ് കൈലത്തിന് 2009ലും ആരോഗ്യസ്വാമിക്ക് 2010ലുമാണ് പദ്മ ഭൂഷൺ ലഭിച്ചത്.
ഇന്ത്യയിലെ യുവ തലമുറയിൽ ശാസ്ത്ര ബോധം വളർത്തി എടുക്കുന്നതിൽ സുപ്രധാന പങ്ക്‍ വഹിച്ച പ്രൊഫസർ യശ് പാൽ, ഇന്റർനെറ്റിനെ ഇത്രയധികം ജനപ്രിയമാക്കിയ വേൾഡ് വൈഡ് വെബ്ബിന്റെ ഉപജ്ഞാതാവായ ടിം ബേണേസ് ലീ, വേൾഡ് വൈഡ് വെബ്ബിനെ ജനോപകാരപ്രദമാക്കിയ ഗൂഗിളിന്റെ ഉപജ്ഞാതാക്കളായ സെർഗീ ബ്രിൻ, ലാറി പേജ് എന്നിവർ മുൻപ് മാർകോണി പുരസ്കാരം ലഭിച്ചവരിൽ ചിലരാണ്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്റര്‍നെറ്റ്, ബഹുമതി, ശാസ്ത്രം, സാങ്കേതികം