ന്യൂയോര്‍ക്ക്: മാതാ അമൃതാനന്ദമയിയേയും അവരുടെ ആശ്രമത്തെയും കുറിച്ച് ഗുരുതരമായ ആരോപണങ്ങളുമായി മുന്‍ ശിഷ്യയും ഓസ്ട്രേലിയക്കാരിയുമായ ഗായത്രി എന്ന ഗെയ്ല് ട്രെഡ്‌വെലിന്റെ പുസ്തകം. ഹോളി ഹെൽ: എ മെമ്മറി ഓഫ് ഫെയ്ത്, ഡിവോഷന്‍ ആന്റ് പ്യൂര്‍ മാഡ്‌നസ്സ് എന്നാണ് പുസ്തകത്തിന്റെ പേര്‍. “സര്‍വ്വാശ്ലേഷിയായ വിശുദ്ധ” എന്നാണ് അമൃതാനന്ദമയിയെ അവര്‍ വിശേഷിപ്പിക്കുന്നത്. അമൃതാനന്ദമയിയുടെ ആശ്രമത്തിലെ ലൈംഗിക ചൂഷണങ്ങളുടേയും, സാമ്പത്തിക ഇടപാടുകളേയും, ഭക്തിയുടെ പേരിലുള്ള കാപട്യങ്ങളെയും കുറിച്ച് പുസ്തകം വിശദമായി പ്രതിപാദിക്കുന്നു. അമൃതാനന്ദമയിയുടെയും ആശ്രമത്തിലെ അന്തേവാസികളുടേയും പെരുമാറ്റത്തിലെ ദൂഷ്യങ്ങൾ, പൂര്‍വ്വാശ്രമത്തില്‍ “ബാലു” എന്ന് പേരുള്ള ആശ്രമത്തിലെ മുതിര്‍ന്ന സ്വാമി തന്നെ ക്രൂരമായ ലൈംഗിക പീഢനത്തിനിരയാക്കിയതായി അവര്‍ ആരോപിക്കുന്നു.
മനസ്സും ശരീരവും ഈശ്വരനില്‍ അര്‍പ്പിച്ച് ആത്മീയ ജീവിതം ആഗ്രഹിച്ചെത്തിയ താന്‍ ക്രൂരമായ ബലാത്സംഗത്തിനും മറ്റു രീതിയിലുള്ള പീഢനങ്ങള്‍ക്കും ഇരയായതായി അവര്‍ വിശദീകരിക്കുന്നു. ശാരീരികമായും മാനസികമായും അന്തേവാസികളെ പീഡിപ്പിക്കുന്നതായും അമൃതാനന്ദമയിക്ക് സ്വാമിമാരുമായി ബന്ധം ഉണ്ടെന്നും ഗെയ്ല് ട്രെഡ്‌വെല്‍ പറയുന്നു. ആശ്രമത്തില്‍ ചേരുന്ന വിദേശികളില്‍ നിന്നും പണം വാങ്ങിയിരുന്നതായും ഇവര്‍ പറയുന്നുണ്ട്. ആശ്രമത്തിലേക്കെത്തുന്ന വരുമാനത്തിന്റെ നല്ലൊരു പങ്ക് ഇവരുടെ ഒമ്പതംഗ കുടുമ്പത്തിലേക്കാണ് പോകുന്നത് എന്ന് പുസ്തകത്തിൽ ആരോപണമുണ്ട്. പണത്തോടും സ്വര്‍ണ്ണത്തോടും ആര്‍ത്തി കാട്ടുന്ന സ്ത്രീയാണ് അമൃതാനന്ദമയി എന്ന് ആരോപിക്കുന്നതോടൊപ്പം കൂടുതല്‍ പണം സംഭാവന ചെയ്യുന്നവരോട് അമ്മക്ക് പ്രത്യേക താല്പര്യം ഉണ്ടെന്നും ഗ്രന്ഥകാരി പറയുന്നു.
1958-ല്‍ ആസ്ട്രേലിയയില്‍ ജനിച്ച ഗെയ്ല് ഇരുപത്തൊന്നാം വയസ്സിലാണ് അമൃതാനന്ദമയി ആശ്രമത്തില്‍ എത്തുന്നത്. ഗായത്രി എന്ന പേരു സ്വീകരിച്ച് 20 വര്‍ഷം ഇവര്‍ ആശ്രമത്തില്‍ അമ്മയ്ക്കൊപ്പം ശിഷ്യയും സഹായിയുമായി ജീവിച്ചിരുന്നു. പ്രധാന സഹായി എന്നതിനാല്‍ 24 മണിക്കൂറും അമൃതാന്ദമയിയെ സേവിക്കല്‍ ആയിരുന്നു അവരുടെ ചുമതല. ഈ കാലയളവിലെ അനുഭവങ്ങളാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. 20 വര്‍ഷത്തെ ദുരിത ജീവിതം അവസാനിപ്പിച്ച് 1999-ല്‍ അവര്‍ ആശ്രമം വിട്ടെങ്കിലും കടുത്ത മാനസിക സമ്മര്‍ദ്ദങ്ങള്‍ മൂലം വര്‍ഷങ്ങളോളം തന്റെ ദുരനുഭവം തുറന്ന് പറയുവാന്‍ അവര്‍ തയ്യാറായില്ല. 2012-ല്‍ സത്നാം സിങ്ങ് എന്ന ചെറുപ്പക്കാരന്‍ അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ വച്ച് മര്‍ദ്ദനത്തിന് ഇരയാകുകയും പിന്നീട് അറസ്റ്റ് ചെയ്ത് പേരൂര്‍ക്കട മാനസിക ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇയാള്‍ അവിടെ വച്ച് കൊല്ലപ്പെട്ടിരുന്നു.
ആത്മീയതയുടെ മറവില്‍ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകളെയും, ലൈംഗിക ചൂഷണങ്ങളേയും കുറിച്ച് വിശദമായി തന്നെ പ്രതിപാദിക്കുന്ന പുസ്തകം പുറത്ത് വന്നതോടെ വന്‍ വിവാദത്തിനും തുടക്കം ഇട്ടിരിക്കുകയാണ്. വിദേശത്തടക്കം വലിയ ഒരു ശിഷ്യ സമ്പത്തുള്ള അമൃതാനന്ദമയിയുടെ ആശ്രമത്തെ ചൂഴ്ന്ന് നില്‍ക്കുന്ന ദുരൂഹതകളെ കുറിച്ച് മുമ്പും പല വാര്‍ത്തകളും വന്നിരുന്നു എങ്കിലും 20 വര്‍ഷത്തോളം സഹവാസം അനുഷ്ഠിച്ച ഒരു സ്ത്രീ തന്റെ അനുഭവങ്ങള്‍ പറയുന്നത് വിഷയത്തിന്റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നു. ഇന്ത്യയിലെ നിരവധി ആള്‍ദൈവങ്ങളുടെ ആശ്രമങ്ങളില്‍ ഇത്തരം ലൈംഗിക – സാമ്പത്തിക ചൂഷണങ്ങള്‍ നടക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവില്‍ വന്ന ഈ വെളിപ്പെടുത്തലുകള്‍ ആള്‍ദൈവ ആത്മീയതയില്‍ തല്പരരായ വിദേശികളില്‍ ഞെട്ടലുളവാക്കിയിട്ടുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ക്രമസമാധാനം, മതം, മനുഷ്യാവകാശം, വിവാദം, സാമ്പത്തികം, സ്ത്രീ