ഡബ്ലിൻ : ഗർഭച്ഛിദ്രം അനുവദിക്കാഞ്ഞതിനെ തുടർന്ന് ഇന്ത്യൻ വനിത മരിച്ച സാഹചര്യത്തിൽ അയർലൻഡിലെ ഗർഭച്ഛിദ്ര നിയമങ്ങളിൽ ഭേദഗതി വരുത്താനുള്ള സർക്കാർ നീക്കത്തിനെതിരെ അയർലൻഡിലെ കത്തോലിക്കാ മേധാവി ക്രിസ്മസ് ദിന സന്ദേശം നൽകി. ജീവന് ഉള്ള അവകാശം മൌലികമാണെന്നും ഇത് വിശ്വസിക്കുന്ന എല്ലാവരും തങ്ങളുടെ അഭിപ്രായം തങ്ങളുടെ ജന പ്രതിനിധികളെ അറിയിക്കണം എന്നുമാണ് തന്റെ ക്രിസ്മസ് ദിന സന്ദേശത്തിൽ അയർലൻഡിലെ കത്തോലിക്കാ സഭയുടെ പരമോന്നത നേതാവ് കർദ്ദിനാൾ ഷോൺ ബ്രാഡി വിശ്വാസികളോട് ആഹ്വാനം ചെയ്തത്.
ജീവനു ഭീഷണി ഉണ്ടായിട്ടും കത്തോലിക്കാ രാജ്യമാണെന്ന ന്യായം പറഞ്ഞ് ഐറിഷ് ആശുപത്രി അധികൃതർ 31 കാരിയായ ദന്ത ഡോക്ടർ സവിതയ്ക്ക് ഗർഭച്ഛിദ്രം നിഷേധിച്ചതിനെ തുടർന്ന് അവർ മരണമടഞ്ഞ സംഭവം വൻ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കിയിരുന്നു.
ഗർഭച്ഛിദ്രത്തിന് അനുമതി നൽകാത്ത ഒരേ ഒരു യൂറോപ്യൻ രാജ്യമാണ് അയർലൻഡ്. സവിതയുടെ മരണത്തെ തുടർന്ന് ഇതിൽ പരിമിതമായ അയവ് വരുത്താനുള്ള നീക്കത്തിലാണ് സർക്കാർ. ഗർഭിണിയായ സ്ത്രീയുടെ ജീവന് ഭീഷണിയുള്ള സാഹചര്യത്തിൽ ഗർഭച്ഛിദ്രം അനുവദിക്കാനാണ് പ്രധാനമന്ത്രി എൻഡാ കെന്നിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്. ഈ ഒരു അവകാശം ഒരു സർക്കാരിനും നിഷേധിക്കാൻ ആവില്ല എന്ന് കഴിഞ്ഞ ദിവസം കെന്നി പറയുകയുമുണ്ടായി.
1992ൽ അയർലൻഡ് സുപ്രീം കോടതി ഗർഭച്ഛിദ്രത്തിന് അനുകൂലമായ വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ രാഷ്ട്രീയ കാരണങ്ങളാൽ പിന്നീട് വന്ന സർക്കാരുകൾ ഇത് നിയമമാക്കുന്നതിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയായിരുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അയർലൻഡ്, ആരോഗ്യം, മതം, മനുഷ്യാവകാശം, വിവാദം, വൈദ്യശാസ്ത്രം, സ്ത്രീ