വെള്ളക്കാരന്റെ വര്‍ഗ്ഗ മേല്‍ക്കോയ്മയുടെ കറുത്ത പ്രതീകമായ കു ക്ലക്സ് ക്ലാന്‍ ഒബാമയുടെ തെരഞ്ഞെടുപ്പോടെ വീണ്ടും സജീവം ആയതായി സൂചന. തങ്ങളുടെ വെബ് സൈറ്റില്‍ അംഗങ്ങള്‍ ആവാന്‍ ഉള്ള തിരക്ക് ഒബാമയുടെ തെരഞ്ഞെടുപ്പിന് ശേഷം ക്രമാതീതം ആയി വര്‍ദ്ധിച്ചിരിക്കുന്നു എന്ന് ഒരു മുന്‍ കു ക്ലക്സ് ക്ലാന്‍ നേതാവ് ജോണി ലീ ക്ലാരി വെളിപ്പെടുത്തി. ദശാബ്ദങ്ങള്‍ക്ക് ശേഷം ആണ് ഇത്തരം ഒരു ഉണര്‍വ്വ് അനുഭവ പ്പെടുന്നതത്രെ. ആഗോള സാമ്പത്തിക പ്രതിസന്ധി മൂലം തൊഴിലുകള്‍ നഷ്ടപ്പെട്ടതും അമേരിക്കയില്‍ മാറി വന്ന രാഷ്ട്രീയ സാഹചര്യങ്ങളും ആണ് ഇതിന് കാരണമായി പറയപ്പെടുന്നത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്ലാന്‍ പ്രവര്‍ത്തനം മതിയാക്കിയ ക്ലാരി ഇപ്പോള്‍ വര്‍ഗ്ഗീയതക്കെതിരെ ലോകമെമ്പാടും പ്രഭാഷണങ്ങള്‍ നടത്തുകയാണ്.
ഒബാമക്കെതിരെ ക്ലാന്‍ ഭീഷണി സന്ദേശങ്ങള്‍ നേരത്തേ തന്നെ അയച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം ക്ലാന്‍ പ്രവര്‍ത്തനം സജീവം ആയത് അമേരിക്കന്‍ കുറ്റാന്വേഷണ ഉദ്യോഗസ്ഥരേയും അസ്വസ്ഥരാക്കുന്നു. അടുത്തയിടെ അലബാമയില്‍ നടന്ന ഒരു കു ക്ലക്സ് ക്ലാന്‍ റാലിയില്‍ മുന്നൂറോളം പേര്‍ അണി നിരന്നത് എല്ലാവരേയും അമ്പരപ്പിച്ചു. ഇതിന് മുന്‍പ് ഒരിക്കലും ഇത്രയും ക്ലാന്‍ അംഗങ്ങള്‍ ഒരുമിച്ച് രംഗത്ത് വന്നിരുന്നില്ലത്രെ.
ഒബാമ തെരഞ്ഞെടുക്കപ്പെട്ടത് തങ്ങളുടെ പ്രവര്‍ത്തനത്തിന് ആക്കം കൂട്ടിയത് സംബന്ധിച്ച് തനിക്ക് ക്ലാനില്‍ നിന്നും ഈ മെയില്‍ സന്ദേശം ലഭിച്ചതായും ക്ലാരി വെളിപ്പെടുത്തി.
- ജെ.എസ്.