നികുതി വെട്ടിപ്പ് നടത്തി പണം സ്വിസ്സ് ബാങ്കുകളില്‍ നിക്ഷേപിച്ച ഇന്ത്യാക്കാരുടെ വിവരങ്ങള്‍ തങ്ങള്‍ക്ക് കൈമാറണം എന്ന ഇന്ത്യാ സര്‍ക്കാരിന്റെ ആവശ്യം സ്വിസ്സ് ബാങ്കായ യു.ബി.എസ്. നിരാകരിച്ചു. അമേരിക്കയുടെ ആവശ്യ പ്രകാരം അമേരിക്കന്‍ ഇടപാടുകാരുടെ വിവരങ്ങള്‍ വെളിപ്പെടുത്താം എന്ന് യു.ബി.എസ്. സമ്മതിച്ചതിന് തൊട്ടു പുറകെയാണ് ഇന്ത്യയുടെ ആവശ്യം തള്ളിയത്. ഇത് സ്വിസ്സ് അധികൃതരുമായി ചര്‍ച്ച ചെയ്യും എന്ന് ധന മന്ത്രി പ്രണബ് മുഖര്‍ജി അറിയിച്ചു.
സാമ്പത്തിക മാന്ദ്യത്തില്‍ പെട്ടുഴലുന്ന അമേരിക്കയുടെ 20 ബില്യണ്‍ ഡോളറെങ്കിലും ഇപ്രകാരം യു.ബി.എസ്. ബാങ്കിന്റെ പക്കല്‍ ഉണ്ടെന്ന് അമേരിക്കന്‍ സാമ്പത്തിക വകുപ്പ് അനുമാനിക്കുന്നു. ഇത് തിരിച്ചു പിടിക്കാനായി അമേരിക്കന്‍ കോടതിയില്‍ അമേരിക്കന്‍ പൌരന്മാര്‍ക്ക് നികുതി വെട്ടിപ്പ് നടത്തുവാന്‍ സൌകര്യം ഒരുക്കി എന്ന കുറ്റത്തിന് യു.ബി.എസ്. ബാങ്കിന് എതിരെ കേസ് നിലവിലുണ്ട്. ഈ കേസില്‍ തെളിവുകള്‍ തങ്ങള്‍ക്കെതിരെ ശക്തമാണ് എന്ന് മനസ്സിലാക്കിയാണ് ഒത്തു തീര്‍പ്പിന് സ്വിസ് ബാങ്ക് തയ്യാറായത്. ഒത്തു തീര്‍പ്പ് തുകയായി 280 മില്യണ്‍ ഡോളര്‍ അമേരിക്കക്ക് കേസ് തീര്‍ക്കാനായി ബാങ്ക് നല്‍കുകയും ചെയ്തു.
ഇത്ര ശക്തമായ നിയമ നടപടികള്‍ കൊണ്ട് അമേരിക്ക സാധിച്ചെടുത്ത കാര്യമാണ് ഇന്ത്യ കേവലം നയതന്ത്ര ഇടപെടലുകള്‍ കൊണ്ട് സാധിക്കാന്‍ ശ്രമിച്ചതും, അതില്‍ പരാജയപ്പെട്ടതും.
യു.ബി.എസ്. സ്വിറ്റ്സര്‍ലാന്‍ഡിലെ അനേകം ബാങ്കുകളില്‍ ഒന്ന് മാത്രമാണ്. മറ്റ് ബാങ്കുകളിലെ ഇടപാടുകളൊന്നും വെളിപ്പെടുത്താന്‍ ആരും തയ്യാറായിട്ടുമില്ല. സ്വിസ്സ് ബാങ്കിങ് നിയമപ്രകാരം ഏറ്റവും അധികം വിലമതിക്കപ്പെടുന്ന ഒന്നാണ് ഇടപാടുകാരന്റെ സ്വകാര്യത. അമേരിക്കന്‍ സാമ്പത്തിക വകുപ്പിന്റെ വര്‍ഷങ്ങളുടെ അന്വേഷണ ഫലമായാണ് 52000 അമേരിക്കക്കാരുടെ യു.ബി.എസ്. ബാങ്ക് ഇടപാടുകള്‍ കണ്ടെത്തിയത്. ഇത്രയും ശക്തമായ തെളിവുകള്‍ നല്‍കിയിട്ടും ഇതില്‍ നിന്നും വെറും 4450 പേരുടെ വിവരങ്ങള്‍ മാത്രമാണ് യു.ബി.എസ്. അമേരിക്കക്ക് വെളിപ്പെടുത്താന്‍ തയ്യാറായിട്ടുള്ളത്.
ഇതിനര്‍ത്ഥം യു.ബി.എസ്. ബാങ്കിലുള്ള അമേരിക്ക കണ്ടെത്തിയിട്ടുള്ള 47550 പേരുടെയും കണ്ടെത്താനാവത്ത മറ്റുള്ളവരുടെയും മറ്റ് സ്വിസ്സ് ബാങ്കുകളില്‍ ഇടപാട് ഉള്ളവരുടെയും പണം തിരിച്ചു പിടിക്കാനാവില്ല എന്നു തന്നെയാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയില്‍ ബി.ജെ.പി. നേതാവ് അദ്വാനി, സ്വിസ്സ് ബാങ്കുകളില്‍ നിയമ വിരുദ്ധമായി കിടക്കുന്ന ഇന്ത്യാക്കാരുടെ പണം തിരിച്ചു പിടിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഈ ആവശ്യം ഇന്ത്യയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
ഇതിനെ തുടര്‍ന്നാണ് ഇന്ത്യാക്കാരുടെ ഇടപാട് വിവരങ്ങള്‍ വെളിപ്പെടുത്തണം എന്ന് കേന്ദ്ര സര്‍ക്കാര്‍ സ്വിസ്സ് ബാങ്കുകളോട് ആവശ്യപ്പെട്ടത്.
എന്നാല്‍ ആന പിണ്ടമിടുന്നത് കണ്ട് അണ്ണാന്‍ മുക്കിയ പോലെയായി ഇന്ത്യയുടെ അവസ്ഥ.
ഇന്ത്യയുടെ ടെലിഫോണ്‍ ഡയറക്ടറി കാണിച്ച് ഇതില്‍ ആര്‍ക്കെങ്കിലും ഇവിടെ അക്കൌണ്ടുണ്ടോ എന്നും ചോദിച്ച് ആരും സ്വിറ്റ്സര്‍ ലാന്‍ഡിലേക്ക് വരേണ്ടതില്ല എന്ന അവജ്ഞ നിറഞ്ഞ പരാമര്‍ശമാണ് ഇന്ത്യക്ക് കേള്‍ക്കേണ്ടി വന്നത്. എന്തെങ്കിലും ‘രസകരമായ’ വിവരങ്ങള്‍ ലഭിക്കും എന്ന പ്രതീക്ഷയില്‍ ഇത്തരം തിരച്ചില്‍ നടത്താന്‍ സ്വിസ്സ് നിയമം അനുവദിക്കുന്നില്ല എന്നും അവര്‍ വ്യക്തമാക്കി.
സമഗ്രമായ ഒരു അന്വേഷണം നടത്തുകയും, ഇത്തരത്തില്‍ കള്ള പണം പൂഴ്ത്തി വെച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും, നിയമ നടപടികള്‍ സ്വീകരിച്ച് അതിന്റെ പിന്‍ ബലത്തില്‍ ആത്മ വിശ്വാസത്തോടെ ആവശ്യപ്പെടുകയും ചെയ്താല്‍ ഇന്ത്യയെ പോലെയുള്ള ഒരു ശക്തമായ രാഷ്ട്രത്തിന്റെ ന്യായമായ ആവശ്യത്തിനു മുന്‍പില്‍ ഒരു ലോക ശക്തിക്കും എതിര്‍ത്തു നില്‍ക്കുവാന്‍ കഴിയില്ല. പ്രത്യേകിച്ചും ലോകം കടന്നു പോയി കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ഒത്തൊരുമിച്ച് കര കയറുവാന്‍ ലോക രാഷ്ട്രങ്ങള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍.
എന്നാല്‍ ഹ്രസ്വ കാല നേട്ടങ്ങളും സ്വാര്‍ത്ഥ ലാഭവും മാത്രം ലക്ഷ്യമിട്ട് രാജ്യ താല്പര്യങ്ങള്‍ അടിയറവ് വെച്ച് കരാറുകള്‍ ഒപ്പിട്ട്, മറ്റു രാഷ്ട്രങ്ങള്‍ക്ക് മുന്‍പില്‍ സ്വമേധയാ നട്ടെല്ല് വളച്ചു പരിചയിച്ചവര്‍ക്ക് ഇതിനാവില്ലല്ലോ.
അമേരിക്കയുടെ 20 ബില്ല്യണ്‍ ഡോളര്‍ സ്വിസ്സ് ബാങ്കുകളില്‍ കിടക്കുന്നു എന്ന് അമേരിക്ക പറയുമ്പോള്‍ ഇന്ത്യാക്കാരുടെ 1500 ബില്ല്യണ്‍ ഡോളറുമായി ഇന്ത്യക്കാണ് സ്വിസ്സ് ബാങ്ക് നിക്ഷേപങ്ങളുടെ കാര്യത്തില്‍ ലോകത്തില്‍ ഒന്നാം സ്ഥാനം എന്ന് കരുതപ്പെടുന്നു.



തമിഴ് പുലികളെ ആക്രമിച്ചു കീഴടക്കുന്നതില്‍ വിജയം അവകാശപ്പെട്ട ശ്രീലങ്ക ഇനി നുഴഞ്ഞു കയറ്റക്കാരെ നേരിടുന്നതിന് പാക്കിസ്ഥാന്‍ സൈനികര്‍ക്ക് പരിശീലനം നല്‍കും. ഇത് സംബന്ധിച്ച് പാക്കിസ്ഥാന്‍ തങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തങ്ങള്‍ ഇതിന് അനുകൂലമായ മറുപടി നല്‍കും എന്നും ഒരു ഉന്നത ശ്രീലങ്കന്‍ സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചു. തമിഴ് പുലികളെ ആക്രമിച്ചു കീഴടക്കിയതിന്റെ പ്രായോഗിക വശങ്ങളെ കുറിച്ച് മറ്റു രാജ്യങ്ങള്‍ ഏറെ താല്പര്യം കാണിച്ചിട്ടുണ്ട്. ഇതിനെ കുറിച്ച് അടുത്ത് തന്നെ ശ്രീലങ്ക ഇംഗ്ലീഷില്‍ ഒരു ഔദ്യോഗിക സൈനിക രേഖ പുറത്തിറക്കും. പാക്കിസ്ഥാന്‍ ഉള്‍പ്പടെ ആവശ്യമുള്ള സേനകള്‍ക്ക് ആറു മാസം ദൈര്‍ഘ്യമുള്ള പരിശീലനമാവും നല്‍കുക. അമേരിക്ക, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, ഇന്ത്യാ എന്നീ രാജ്യങ്ങള്‍ക്കും ഇത്തരം പരിശീലനം നല്‍കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ശ്രീലങ്ക അറിയിച്ചു.
യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് ഘടന ആയ ജെര്‍മനി ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കര കയറുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങി എന്ന് ഐ. എം. എഫ്. അറിയിച്ചു. ഇതോടൊപ്പം ജപ്പാനും ഫ്രാന്‍സും വര്‍ഷത്തിലെ രണ്ടാം പകുതിയിലെ കണക്കുകള്‍ പ്രകാരം വളര്‍ച്ച രേഖപ്പെടുത്തിയതും ഏറെ ആശാവഹമാണ്. അമേരിക്കയിലെ മാന്ദ്യം അതിന്റെ അവസാന ഘട്ടത്തിലാണ് എന്ന് കരുതപ്പെടുന്നു. എന്നാല്‍ സാമ്പത്തിക സഹായ പാക്കേജുകള്‍ നിര്‍ത്തലാക്കാന്‍ സമയം ഇനിയും ആയിട്ടില്ല എന്ന് എം.എം.എഫ്. അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ആഗോള സാമ്പത്തിക വ്യവസ്ഥയില്‍ നിര്‍ണ്ണായക സ്വാധീനമായ അമേരിക്കയില്‍ നിന്നും ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി മെച്ചപ്പെട്ടാല്‍ മാത്രമേ അമേരിക്ക സഹായ പാക്കേജുകള്‍ നിര്‍ത്തലാക്കുവാന്‍ പ്രാപ്തമാകുകയുള്ളൂ. എന്നാല്‍ ദീര്‍ഘ കാലം ഇങ്ങനെ സഹായം തുടര്‍ന്നാല്‍ അത് അമേരിക്കയുടെ കട ബാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത്തരം ഒരു സാമ്പത്തിക കമ്മി അധിക നാള്‍ തുടര്‍ന്നാല്‍ അത് അമേരിക്കന്‍ ഡോളറിനെ ക്ഷയിപ്പിക്കുകയും വീണ്ടും ലോകം കൂടുതല്‍ സാമ്പത്തിക അസ്ഥിരതകളിലൂടെ കടന്നു പോവുകയും ചെയ്യും എന്നും ചൂണ്ടി കാണിക്കപ്പെടുന്നു.
പൊതു തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നു എന്ന് ആരോപിച്ചു പ്രതിഷേധം നടത്തി തടവിലാക്കപ്പെട്ട പ്രതിഷേധക്കാരെ തടവറക്കുള്ളില്‍ ബലാത്സംഗം ചെയ്തു പീഢിപ്പിക്കുന്നു എന്ന ആരോപണം ഉന്നയിച്ച ‘എതമാദ് എ മെല്ലി’ എന്ന ദിനപത്രം ഇറാന്‍ സര്‍ക്കാര്‍ അടച്ചു പൂട്ടി. നിയമ വിരുദ്ധ വാര്‍ത്ത പ്രസിദ്ധീകരിച്ചു എന്ന കാരണം പറഞ്ഞാണ് പത്രം അടപ്പിച്ചത് എന്ന് ഇറാന്റെ സര്‍ക്കാര്‍ അധീനതയിലുള്ള ടെലിവിഷന്‍ ചാനല്‍ വെളിപ്പെടുത്തി. ഇതിനെതിരെ പത്രം ഓഫീസുകള്‍ക്കു മുന്‍പില്‍ പ്രതിഷേധിച്ച മാധ്യമ പ്രവര്‍ത്തകരുമായി പോലീസ് ഏറ്റു മുട്ടി. ഇറാനിലെ തിരുത്തല്‍ വാദി നേതാവ് മെഹ്ദി ഖരൂബിയുടെ രാഷ്ട്രീയ പ്രസ്ഥാനത്തോട് ചായ്‌വുള്ള പത്രമാണ് അടച്ച് പൂട്ടിയത്. പത്രത്തിലെ ജോലിക്കാരെ പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ഇനി ആരും ജോലിക്ക് വരരുത് എന്ന് താക്കീത് നല്‍കുകയും ചെയ്തു.
വേനല്‍ അവധി കഴിഞ്ഞു വിദ്യാലയങ്ങള്‍ തുറക്കാറായി. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇന്ത്യയില്‍ നിന്നും മടങ്ങി ഗള്‍ഫിലേക്ക് എത്തുന്നത്. ലോകത്തെല്ലായിടത്തും പന്നി പനി പടര്‍ന്നു പിടിക്കുകയാണ്. ഇന്ത്യയില്‍ പനി ആയിരത്തിലേറെ പേരെ പിടി കൂടി കഴിഞ്ഞു. 19 പേര്‍ മരണത്തിനു കീഴടങ്ങി. വേനല്‍ അവധി കഴിഞ്ഞു ഗള്‍ഫിലേക്ക് ലക്ഷങ്ങള്‍ മടങ്ങുമ്പോള്‍ ഇവരില്‍ പലരും വയറസിന്റെ വാഹകരാവാം എന്ന സാധ്യത തള്ളി കളയാന്‍ ആവില്ല. കഴിഞ്ഞ വര്‍ഷം വേനല്‍ അവധി കഴിഞ്ഞ് പലരും ചിക്കുന്‍ ഗുനിയയുമായി ആയിരുന്നു തിരികെ വന്നത്. എന്നാല്‍ ഇതിനേക്കാള്‍ ഭീതിദമാണ് പന്നി പനി എന്ന് ഇത് പകരുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പനി ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് ദിവസങ്ങള്‍ കൊണ്ടാണ് ഇത് ലോകമെമ്പാടും പകര്‍ന്നത്.
പന്നി പനിയുടെ ചികിത്സക്ക് വ്യാപകമായി ഉപയോഗിക്കുന്ന താമിഫ്ലു എന്ന മരുന്ന് കുട്ടികളില്‍ ഉണ്ടാക്കുന്ന പാര്‍ശ്വ ഫലങ്ങള്‍ മരുന്നിന്റെ ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്യുന്നത് എന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. ഒരു ബ്രിട്ടീഷ് മെഡിക്കല്‍ പ്രസിദ്ധീകരണമാണ് ഈ വിവരം പുറത്തു വിട്ടത്. ഓക്സ്ഫോര്‍ഡിലെ റാഡ്ക്ലിഫ് ആശുപത്രിയിലെ ഡോ. കാള്‍ ഹെനെഗന്‍ ആണ് ഇത് വെളിപ്പെടുത്തിയത്. കുട്ടികളില്‍ ഒരു ദിവസത്തേക്ക് മാത്രം പനിയുടെ ലക്ഷണങ്ങള്‍ ഇല്ലാതാക്കാനേ ഈ മരുന്നിന് കഴിയൂ എന്ന് അദ്ദേഹം പറയുന്നു. താമിഫ്ലു എന്ന മരുന്നിനും ഇതിന് പകരമായി നല്‍കി വരുന്ന റെലെന്‍സ എന്ന മരുന്നിനും ആന്റിബയോട്ടിക് ചികിത്സ വേണ്ട കുട്ടികളില്‍ ഒരു ഫലവും ഉണ്ടാക്കാന്‍ കഴിയില്ല എന്ന് പറയുന്ന ഇദ്ദേഹം, ഈ മരുന്നുകളുടെ പാര്‍ശ്വ ഫലങ്ങള്‍ കണക്കില്‍ എടുക്കുമ്പോള്‍ ഇത് 12 വയസ്സിനു താഴെയുള്ള കുട്ടികളില്‍ ഉപയോഗിക്കാ തിരിക്കുന്നതാണ് നല്ലത് എന്നും പറഞ്ഞു.
119 കിലോ മീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കുന്ന കാറ്റ് ചൈനയില്‍ വന്‍ നാശ നഷ്ടങ്ങള്‍ വിതച്ചു. കൃഷിയിടങ്ങള്‍ വെള്ളപ്പൊക്കത്താല്‍ നശിക്കുകയും കിടപ്പാടങ്ങള്‍ കാറ്റത്ത് പറന്ന് പോകുകയും ചെയ്തു എന്ന് ചൈനയില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 10 ലക്ഷത്തോളം പേര്‍ക്ക് കിടപ്പാടം നഷ്ടമായി. 12 പേരെ കാണാതായി. ഏഴ് അടി ഉയരത്തില്‍ പല പ്രദേശങ്ങളിലും വെള്ളം പൊങ്ങിയിട്ടുണ്ട്. ഇത്തരം വെള്ളപ്പൊക്കം ആദ്യമായാണ് ഇവിടെ അനുഭവപ്പെടുന്നത്. കനത്ത മഴ തുടരുന്നതിനാല്‍ നാശ നഷ്ടങ്ങളും മരണ സംഖ്യയും ഇനിയും ഉയരാനാണ് സാധ്യത.
തമിഴ് പുലികളുടെ തലവനായി സ്വയം അവരോധിതനായ സെല്‍വരാസ പത്മനാതന്‍ തായ്ലന്‍ഡില്‍ പിടിയില്‍ ആയെന്ന് ശ്രീലങ്കന്‍ സൈനിക വൃത്തങ്ങള്‍ അവകാശപ്പെട്ടു. ഇന്റര്‍പോളിന്റെ പിടികിട്ടാ പുള്ളികളുടെ പട്ടികയില്‍ പെടുന്ന ഷണ്മുഖം കുമാരന്‍ തര്‍മലിംഗം എന്ന സെല്‍വരാസ പത്മനാതന്‍ തന്നെയാണ് പിടിയില്‍ ആയിരിക്കുന്നത് എന്നാണ് സൈന്യത്തിന്റെ പക്ഷം. തമിഴ് പുലികളുടെ ഔദ്യോഗിക വെബ് സൈറ്റ് തങ്ങളുടെ പുതിയ തലവനായി സെല്‍വരാസ പത്മനാതന്റെ പേര്‍ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യന്‍ അധികൃതര്‍ ഇത് സി.ബി.ഐ. യും ഇന്റര്‍പോളും തിരയുന്ന ഷണ്മുഖം കുമാരന്‍ തര്‍മലിംഗം ആണെന്ന് തിരിച്ചറിഞ്ഞിരുന്നു. 
ഇറാന്റെ പരമോന്നത ആത്മീയ നേതാവ് അയത്തൊള്ള അലി ഖമേനി മഹമൂദ് അഹമദി നെജാദിന്റെ തെരഞ്ഞെടുപ്പ് വിജയം ശരി വച്ചു. ഇതോടെ നെജാദ് തന്നെ വീണ്ടും ഇറാന്റെ പ്രസിഡണ്ട് ആവും എന്ന് ഉറപ്പായി. ഇറാനിലെ ഭരണ ഘടന പ്രകാരം പ്രസിഡണ്ട് ആയി സ്ഥാനം ഏല്‍ക്കാന്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനു പുറമെ പരമോന്നത നേതാവിന്റെ അംഗീകാരം കൂടി ആവശ്യമാണ്. ഈ അംഗീകാരമാണ് നെജാദിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ വെച്ച് ബുധനാഴ്ച നെജാദ് സ്ഥാനം ഏല്‍ക്കും. ജൂണ്‍ 12ന് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ നെജാദ് വിജയിച്ചു എങ്കിലും തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നു എന്ന് നെജാദിന്റെ പ്രധാന എതിരാളിയായ ഹുസൈന്‍ മൂസാവി ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് വന്‍ ജനകീയ പ്രതിഷേധ സമരമാണ് ഇറാനില്‍ അരങ്ങേറിയത്. 
























