ചൈന കുഴക്കുന്നു

September 15th, 2009

chinese-dragon-attacksകഴിഞ്ഞ ദിവസങ്ങളില്‍ ചൈന നടത്തിയ ആക്രമണങ്ങളും അതിക്രമങ്ങളും ഇന്ത്യയെ ഗുരുതരമായ ആശയ കുഴപ്പത്തില്‍ ആക്കിയിരിക്കുന്നു. ഓഗസ്റ്റ് ആറിന് രണ്ട് ചൈനീസ് സുഖോയ് യുദ്ധ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് അരുണാചല്‍ പ്രദേശിലും സിക്കിമിലും പ്രവേശിച്ചതോടെയാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ തുടക്കം. വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന ആദ്യത്തെ ഇത്തരം അതിക്രമം ആയിരുന്നു അത്. ഇത് നടന്നത് ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കു ന്നതിനായുള്ള ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ ആരംഭിക്കുന്നതിന്റെ തലേ ദിവസം ആയിരുന്നു എന്നത് ശ്രദ്ധേയമായിരുന്നു. ചര്‍ച്ചകളില്‍ തങ്ങളുടെ ആധിപത്യം ഉറപ്പാക്കുന്നതിനുള്ള ചൈനീസ് തന്ത്രമായിരുന്നു അത്. ഇതിനു തൊട്ടു പിന്നാലെ അരുണാചല്‍ പ്രദേശില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും 40 കിലോമീറ്ററോളം അകത്തേയ്ക്ക് ചൈനീസ് പട്ടാളം കയറി ചെന്നു. ഈ മാസം ആദ്യ വാരം ചൈനീസ് കുതിര പട്ടാളം ഉത്തര്‍ഖണ്ഡില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകത്തേയ്ക്ക് പ്രവേശിച്ചു. ഇതിനു പുറമെ അസംഖ്യം തവണ ചൈനീസ് ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിക്കുകയും ചെയ്തു. അതിര്‍ത്തിയിലെ സംഘര്‍ഷം നിയന്ത്രണാ തീതമായതോടെ ഇന്ത്യന്‍ അധികൃതര്‍ അടിയന്തിരമായി വ്യാഴാഴ്‌ച്ച യോഗം ചേരുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം. കെ. നാരായണന്‍ വിളിച്ചു കൂട്ടിയ യോഗത്തില്‍ ചൈനാ സ്റ്റഡി ഗ്രൂപ്പും, കാബിനറ്റ് സെക്രട്ടറിയും, പ്രതിരോധ, ആഭ്യന്തര, വിദേശ മന്ത്രാലയ സെക്രട്ടറിമാരും പങ്കെടുക്കും. സൈനിക മേധാവികളുടെയും ഇന്റലിജന്‍സ് മേധാവികളുടെയും അഭിപ്രായവും കൂടി ആരാഞ്ഞാവും ചൈനീസ് ഭീഷണി നേരിടുന്നതിന് ആവശ്യമായ തന്ത്രങ്ങള്‍ ഇന്ത്യ രൂപീകരിക്കുക.
 


Chinese intrusion into Indian territory worries India


 
 

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാന്‍ ചൈനയുമായി കൂടുതല്‍ അടുക്കുന്നു

September 13th, 2009

pakistan-chinaചൈനയുമായുള്ള ഉഭയ കക്ഷി ബന്ധങ്ങളും സാമ്പത്തിക സഹകരണവും കൂടുതല്‍ ശക്തമാക്കും എന്ന് പാക് പ്രസിഡണ്ട് ആസിഫ് അലി സര്‍ദാരി പ്രഖ്യാപിച്ചു. ചൈനയുടെ വിജയ ഗാഥ പാക്കിസ്ഥാന്‍ എന്നും അഭിമാനത്തോടെയാണ് കാണുന്നത് എന്ന് ഇന്നലെ തന്നെ സന്ദര്‍ശിച്ച ചൈനീസ് അംബാസ്സഡറെ അറിയിച്ചു. തന്റെ നിരന്തരമായ ചൈനീസ് സന്ദര്‍ശനങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തും എന്ന് സര്‍ദാരി പ്രത്യാശ പ്രകടിപ്പിച്ചു. ഏത് പ്രതികൂല സാഹചര്യത്തിലും പാക്കിസ്ഥാനോടൊപ്പം നില നിന്നിട്ടുള്ള ചൈനയാണ് പാക്കിസ്ഥാന്റെ ഏറ്റവും വലിയ ആയുധ ദാതാവും. വര്‍ഷങ്ങളായി തുടരുന്ന പാക്കിസ്ഥാന്റെ മിസ്സൈല്‍ ആണവ പദ്ധതികള്‍ക്കു പിന്നിലും ചൈനയാണ് എന്ന് കരുതപ്പെടുന്നു. അടുത്തയിടെ പാക്കിസ്ഥാനില്‍ 12 അണക്കെട്ടുകള്‍ നിര്‍മ്മിക്കാനുള്ള ഒരു വന്‍ കരാറും ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പു വെച്ചിരുന്നു. ഇത് പ്രകാരം പാക് അധീനതയിലുള്ള കാശ്മീര്‍ പ്രദേശത്ത് ചൈനീസ് സഹായത്തോടെ അണക്കെട്ട് നിര്‍മ്മിക്കുവാനുള്ള പാക്കിസ്ഥാന്റെ നീക്കത്തില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
 


Pakistan strengthens ties with China


 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

വംശീയ ആക്രമണത്തില്‍ പെണ്‍കുട്ടികള്‍ക്കും പങ്ക്

September 11th, 2009

Ekram-Haqueവംശീയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജന്‍ ഇക്രം ഹഖിനെ ആക്രമിച്ച ചെറുപ്പക്കാരുടെ സംഘത്തില്‍ പെണ്‍കുട്ടികളും ഉണ്ടായിരുന്നു എന്ന് പോലീസ് കണ്ടെത്തി. റമദാന്‍ ആയതിനാല്‍ തന്റെ ചെറുമകളുമായി പള്ളിയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെയാണ് ഒരു സംഘം ചെറുപ്പക്കാര്‍ ഇവരെ ആക്രമിച്ചത്. ഓഗസ്റ്റ് 31 ന് നടന്ന ആക്രമണത്തില്‍ തലക്ക് അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഇക്രം ഹഖ് പിന്നീട് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു എന്നാണ് കേസ്. ആക്രമണത്തെ തുടര്‍ന്ന് ഉണ്ടായ ഞെട്ടലില്‍ നിന്നും ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹം ഇനിയും മോചിതമായിട്ടില്ല. ഭയം മൂലം സംഭവം കണ്ടു നിന്ന ദൃക്‌ സാക്ഷികള്‍ പോലും പോലീസിന് മൊഴി നല്‍കാന്‍ തയ്യാറായിട്ടില്ല എന്നത് കേസിനെ ദുര്‍ബലമാക്കുന്നു. പതിനഞ്ച് വയസിനു താഴെയുള്ള മൂന്ന് കുട്ടികള്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ഇവര്‍ കോടതിയില്‍ ഹാജരാകുകയും ചെയ്തിട്ടുണ്ട്. കൂടെ ഉണ്ടായിരുന്ന പെണ്‍കുട്ടികളെ പോലീസ് തിരയുകയാണ്.
 


UK Police looking for teenage girls in racial attack


 
 

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മെക്സിക്കോയില്‍ വിമാനം റാഞ്ചി

September 10th, 2009

aeromexico-boeing-737104 യാത്രക്കാര്‍ അടങ്ങിയ എയറോ മെക്സിക്കോ ബോയിംഗ് 737 വിമാനം മെക്സിക്കോ സിറ്റി വിമാന താവളത്തില്‍ റാഞ്ചികള്‍ കൈവശപ്പെടുത്തി. വിമാന താവളത്തില്‍ യാത്രയ്ക്കായി എത്തിയ മെക്സിക്കന്‍ പ്രസിഡണ്ട് ഫെലിപ് കാല്‍ഡെറോണുമായി കൂടിക്കാഴ്‌ച്ച നടത്തണം എന്നതാണ് റാഞ്ചികളുടെ ആവശ്യം. കാങ്കനില്‍ നിന്നും ഇന്നലെ ഉച്ചയ്ക്ക് 1:40ന് എത്തിയതായിരുന്നു വിമാനം. ഏറെ നേരം ഉദ്വേഗ ജനകമായ രംഗങ്ങള്‍ സൃഷ്ടിച്ചതിനു ശേഷം വിമാനം വിമാന താവളത്തിന്റെ ഒരു വിദൂരമായ മൂലയിലേക്ക് നീക്കി മാറ്റി. ഏതാനും യാത്രക്കാരെ റാഞ്ചികള്‍ വിട്ടയച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രസിഡണ്ടുമായി സംസാരിക്കുവാന്‍ അനുവദിച്ചില്ലെങ്കില്‍ വിമാനം തകര്‍ക്കുമെന്ന് റാഞ്ചികള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ബോളീവിയന്‍ പൌരന്മാരായ മൂന്ന് പേരാണ് വിമാനം റാഞ്ചിയത് എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
 


Boeing 737 Aeromexico jet with 104 passengers hijacked at Mexico City airport


 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

വംശീയ ആക്രമണത്തില്‍ ഇന്ത്യാക്കാരന്‍ കൊല്ലപ്പെട്ടു

September 8th, 2009

stop-racismവംശ വെറി പൂണ്ട ഒരു പറ്റം ചെറുപ്പക്കാരുടെ ആക്രമണത്തിന് ഇരയായി 67 കാരനായ ഒരു ഇന്ത്യന്‍ വംശജന്‍ ലണ്ടനില്‍ കൊല്ലപ്പെട്ടു. എഴുപതുകളില്‍ ബ്രിട്ടനിലേക്ക് കുടിയേറിയ കൊല്‍ക്കത്ത സ്വദേശി ആയിരുന്ന ഇക്രം ഉല്‍ ഹഖ് ആണ് കൊല്ലപ്പെട്ടത്. റമദാന്‍ ആയതിനാല്‍ വൈകീട്ടത്തെ പ്രാര്‍ത്ഥനകള്‍ കഴിഞ്ഞ് മൂന്ന് വയസുള്ള തന്റെ ചെറു മകളുമൊത്ത് പള്ളിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴിയിലാണ് ഒരു പ്രകോപനവും ഇല്ലാതെ ഒരു പറ്റം ചെറുപ്പക്കാര്‍ ഇയാളെ ആക്രമിച്ചത്. ഒരു വലിയ സംഘം ചെറുപ്പക്കാര്‍ ഇയാളെ ആക്രമിക്കുകയും പുറകില്‍ നിന്നും തലക്ക് അടിയേറ്റ ഇയാള്‍ ബോധ രഹിതന്‍ ആവുകയും ചെയ്തു. പ്രധാനമായും ഏഷ്യന്‍ വംശജര്‍ താമസിക്കുന്ന പ്രദേശത്തു വെച്ചാണ് ആക്രമണം നടന്നത് എങ്കിലും ഭയം മൂലം ഇതിനെ കുറിച്ച് പ്രദേശ വാസികള്‍ കൂടുതല്‍ സംസാരിക്കാന്‍ തയ്യാറാവുന്നില്ല. അവസാനം ക്ലോസ്ഡ് സര്‍ക്ക്യൂട്ട് ടിവിയിലെ ചിത്രങ്ങളാണ് ആക്രമണം നടത്തിയ സംഘത്തെ തിരിച്ചറിയാന്‍ പോലീസിനെ സഹായിച്ചത്.
 


Racial attack in UK – Indian origin man dies


 
 

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ആക്രമണത്തിനു പിന്നില്‍ ശ്രീലങ്ക തന്നെ

September 6th, 2009

srilanka-cricket-logoലാഹോറില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനു നേരെ നടന്ന ആക്രമണത്തിനു പണം ചിലവഴിച്ചത് ശ്രീലങ്കയില്‍ നിന്നും തന്നെ ആണെന്ന് പാക്കിസ്ഥാന്‍ പ്രധാന മന്ത്രി യൂസഫ് രാസാ ഗിലാനി വെളിപ്പെടുത്തി. ഈ വിവരം തന്നോട് പറഞ്ഞത് ശ്രീലങ്കന്‍ പ്രധാന മന്ത്രി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ലിബിയയില്‍ വെച്ച് ശ്രീലങ്കന്‍ പ്രധാന മന്ത്രിയെ കണ്ടപ്പോള്‍ ആണ് ഈ വിവരം ശ്രീലങ്കന്‍ പ്രധാന മന്ത്രി തന്നോട് വെളിപ്പെടുത്തിയത്. ഇതിനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ ഉടന്‍ തന്നെ ഒരു പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ ശ്രീലങ്ക സന്ദര്‍ശിക്കും എന്നും പാക് പ്രധാന മന്ത്രി അറിയിച്ചു.
 
പാക്കിസ്ഥാനുമായുള്ള രണ്ടാം ടെസ്റ്റ് മാച്ചിന്റെ മൂന്നാം ദിവസം ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിനു പുറത്തു വെച്ച് മാര്‍ച്ച് മൂന്നിന് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിനു നേരെ നടന്ന വെടി വെപ്പിലും ഗ്രനേഡ് ആക്രമണത്തിലും എട്ട് പാക്കിസ്ഥാനി സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം കോച്ച് ഉള്‍പ്പെടെ ആറു ടീം അംഗങ്ങള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
 


Srilankan cricket team attack in Lahore funded from Srilanka


 
 

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്വിറ്റ്സര്‍ലാന്‍ഡ് മാഫിയാ രാഷ്ട്രം – ഗദ്ദാഫി

September 4th, 2009

colonel-gaddafiസ്വിറ്റ്സര്‍ലാന്‍ഡിനെ ഒരു ലോക രാഷ്ട്രമായി കണക്കാക്കാന്‍ ആവില്ലെന്നും അത് ഒരു ലോക മാഫിയ ആണെന്നും ലിബിയന്‍ നേതാവ് കേണല്‍ ഗദ്ദാഫി പ്രസ്താവിച്ചു. പത്തു വര്‍ഷത്തോളം ഐക്യ രാഷ്ട്ര സഭയുടെ ഉപരോധത്തിനു വിധേയമായ ലിബിയ ഐക്യ രാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയുടെ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറെടുക്കുന്ന അവസരത്തില്‍ ഗദ്ദാഫി സ്വിറ്റ്സര്‍ലാന്‍ഡ് എന്ന രാഷ്ട്രത്തെ ഉന്മൂലനം ചെയ്യണം എന്ന് ആവശ്യപ്പെട്ട് ഐക്യ രാഷ്ട്ര സഭയില്‍ ഒരു പ്രമേയം അവതരിപ്പിച്ചു. അന്താരാഷ്ട്ര നിയമ വ്യവസ്ഥകളെ വെല്ലുവിളിച്ചു നില നില്‍ക്കുന്ന ഈ മാഫിയാ രാഷ്ട്രത്തെ പിരിച്ചു വിട്ട് അതിനെ ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി എന്നീ രാഷ്ട്രങ്ങള്‍ക്ക് പകുത്ത് കൊടുക്കണം അങ്ങനെ സ്വിറ്റ്സര്‍ലാന്‍ഡ് ലോക ഭൂപടത്തില്‍ നിന്നും എന്നെന്നേക്കുമായി നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടണം എന്നാണ് ഗദ്ദാഫിയുടെ ആവശ്യം. ജൂലൈയില്‍ ഇറ്റലിയില്‍ നടന്ന ജി-8 ഉച്ചകോടിയില്‍ ഈ നിര്‍ദ്ദേശം ഗദ്ദാഫി സമര്‍പ്പിച്ചിരുന്നു. ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ സമൂഹങ്ങളുടെ ഒരു കൂട്ടായ്മയാണ് സ്വിറ്റ്സര്‍ലാന്‍ഡ്. ഈ സമൂഹങ്ങള്‍ അവരവരുടെ മാതൃ രാഷ്ട്രങ്ങളുമായി ലയിച്ചു ചേരണം എന്നും അങ്ങനെ ഈ ലോക മാഫിയ ഇല്ലാതാവണം എന്നു അന്ന് ലിബിയ ആവശ്യപ്പെട്ടിരുന്നു.
 
സ്വിസ്സ് ബാങ്കുകളില്‍ തങ്ങളുടെ പൌരന്മാര്‍ നിയമ വിരുദ്ധമായി നിക്ഷേപിച്ച കള്ള പണം തിരിച്ചു പിടിക്കാന്‍ അമേരിക്കയും ഇന്ത്യയും അടക്കം പല ലോക രാഷ്ട്രങ്ങളും സ്വിറ്റ്സര്‍ലാന്‍ഡിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തി വരുന്ന ഈ അവസരത്തില്‍ ഗദ്ദാഫിയുടെ ആവശ്യം ശ്രദ്ധേയമാണ്. തങ്ങളുടെ പൌരന്മാര്‍ക്ക് നിയമം ലംഘിക്കാന്‍ ഉള്ള അവസരം സ്വിറ്റ്സര്‍ലാന്‍ഡ് ഒരുക്കി കൊടുക്കുന്നു എന്ന് അമേരിക്ക ആരോപിച്ചിരുന്നു. തങ്ങളുടെ പൌരന്മാരുടെ സ്വിസ്സ് ബാങ്ക് ഇടപാടുകളെ പറ്റിയുള്ള വിവരങ്ങള്‍ വെളിപ്പെടുത്തണം എന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ ആവശ്യം അടുത്തയിടെ ആണ് സ്വിറ്റ്സര്‍ലാന്‍ഡ് തള്ളിയത്. സ്വിസ്സ് ബാങ്കിങ്ങ് നിയമപ്രകാരം ഇടപാടുകാരുടെ സ്വകാര്യതയ്ക്ക് തങ്ങള്‍ പരമ പ്രാധാന്യം കല്‍പ്പിക്കുന്നു എന്ന് ഈ സാഹചര്യത്തില്‍ സ്വിറ്റ്സര്‍ലാന്‍ഡ് വ്യക്തമാക്കിയിരുന്നു.
 
ഒരു ഹോട്ടല്‍ പരിചാരികയെ പീഢിപ്പിച്ച കേസില്‍ ഗദ്ദാഫിയുടെ മകന്‍ ഹാനിബലിനെയും ഭാര്യയെയും കഴിഞ്ഞ വര്‍ഷം ജെനീവയില്‍ വെച്ചു സ്വിസ്സ് പോലീസ് അറസ്റ്റ് ചെയ്തതിനു ശേഷമാണ് സ്വിറ്റ്സര്‍ലാന്‍ഡും ലിബിയയുമായുള്ള ബന്ധം വഷളായത്.
 


Colonel Gaddafi wants to ‘abolish’ Switzerland. Switzerland is a Mafia State says Gaddafi.


 
 

- ജെ.എസ്.

അഭിപ്രായം എഴുതുക »

ശ്രീലങ്ക തടവിലാക്കിയ മാധ്യമ പ്രവര്‍ത്തകന് പുരസ്ക്കാരം

September 2nd, 2009

Tissainayagamതന്റെ വെബ് സൈറ്റ് ചിലവുകള്‍ക്കായി തമിഴ് പുലികളില്‍ നിന്നും പണം സ്വീകരിക്കുകയും, വര്‍ഗ്ഗീയ വികാരം ഇളക്കി വിടുന്ന രീതിയില്‍ എഴുതുകയും ചെയ്തു എന്ന് ആരോപിച്ച് ശ്രീലങ്ക തടവിലാക്കിയ മാധ്യമ പ്രവര്‍ത്തകന്‍ ജെ. എസ്. തിസ്സനായഗ ത്തിന് മാധ്യമ രംഗത്തെ ധീരമായ പ്രവര്‍ത്തനത്തിനുള്ള പ്രഥമ പീറ്റര്‍ മക്ക്ലര്‍ പുരസ്ക്കാരം സമ്മാനിക്കും.
 
ഗ്ലോബല്‍ മീഡിയ ഫോറവും റിപ്പോര്‍ട്ടേഴ്സ് വിതൌട്ട് ബോര്‍ഡേഴ്സ് എന്നീ സംഘടനകള്‍ സംയുക്തമായാണ് ഈ പുരസ്ക്കാരം പ്രഖ്യാപിച്ചത്.
 
45 കാരനായ “തിസ്സ” എന്നറിയപ്പെടുന്ന തിസ്സനായഗത്തെ 20 വര്‍ഷം കഠിന തടവിനാണ് ശിക്ഷിച്ചത്. കൊളംബോയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ‘സണ്ടേ ടൈംസ്’ എന്ന പത്രത്തില്‍ എഴുതിയിരുന്ന തിസ്സ outreachsl.com എന്ന വെബ്സൈറ്റിന്റെ എഡിറ്ററുമാണ്.
 
2008 മാര്‍ച്ച് 7ന് അറസ്റ്റ് ചെയ്ത ഇദ്ദേഹത്തെ അഞ്ചു മാസത്തിനു ശേഷം പൊടുന്നനെ കൊളംബോയിലെ കുപ്രസിദ്ധമായ മാഗസിന്‍ ജയിലിലേക്ക് മാറ്റി. തമിഴ് പുലികളെ മര്‍ദ്ദിക്കുന്നതിന് കുപ്രസിദ്ധമായ ഈ ജയിലില്‍ വെച്ച് ഇദ്ദേഹത്തിന് ക്രൂരമായ പീഢനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു. ജയിലിലെ പ്രതികൂല സാഹചര്യത്തില്‍ ക്ഷയരോഗവും ത്വക്ക് രോഗവും പിടി പെട്ട തെസ്സിനായഗത്തിന് ചികിത്സയും മരുന്നും അധികൃതര്‍ നിഷേധിച്ചു.
 
തമിഴ് പുലികളില്‍ നിന്നും പണം സ്വീകരിച്ചാണ് തിസ്സ തന്റെ വെബ് സൈറ്റ് നടത്തിയത് എന്ന ആരോപണം റിപ്പോര്‍ട്ടേഴ്സ് വിതൌട്ട് ബോര്‍ഡേഴ്സ് എന്ന സംഘടന നടത്തിയ അന്വേഷണത്തില്‍ തെറ്റാണെന്ന് തെളിഞ്ഞതാണ്. ഒരു ജര്‍മ്മന്‍ സഹായ സംഘടനയാണ് ഈ വെബ് സൈറ്റിനുള്ള ചിലവുകള്‍ വഹിക്കുന്നത് എന്ന് ഇവര്‍ കണ്ടെത്തി. കഴിഞ്ഞ ഒക്ടോബറില്‍ ശ്രീലങ്കന്‍ പ്രസിഡണ്ട് മഹീന്ദ്ര രാജ പക്സെയെ ഇവര്‍ കാണുകയും തിസ്സയുടെ മോചനത്തിനായി ആവശ്യപ്പെടുകയും ചെയ്തതാണ്. തിസ്സനായഗത്തിന്റെ കേസ് പുനഃപരിശോധിക്കും എന്ന് രാജപക്സെ ഇവര്‍ക്ക് ഉറപ്പു കൊടുത്തിരുന്നു.
 
സത്യത്തിനും, സ്വതന്ത്രമായ സമൂഹത്തിനും വേണ്ടി നിലകൊള്ളുന്ന ലോകമെമ്പാടുമുള്ള മാധ്യമ പ്രവര്‍ത്തകരുടെ ഒരു പ്രതിനിധിയാണ് തിസ്സനായഗം എന്ന് ലോക പത്ര സ്വാതന്ത്ര്യ ദിനത്തില്‍ വൈറ്റ് ഹൌസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അമേരിക്കന്‍ പ്രസിഡണ്ട് ബറക് ഒബാമ പറയുകയുണ്ടായി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചന്ദ്രയാന്‍ നഷ്‌ട്ടപ്പെട്ടു

August 30th, 2009

chandrayaanഇന്ത്യയുടെ പ്രഥമ ചാന്ദ്ര ദൌത്യമായ ചന്ദ്രയാന്‍ – I മായുള്ള റേഡിയോ ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ പൂര്‍ണ്ണമായും ഇതിന്റെ നിയന്ത്രണം ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിനു നഷ്‌ട്ടപ്പെട്ടു. ശനിയാഴ്‌ച്ച പുലര്‍ച്ചെ 01:30 നാണ് അവസാനമായി പേടകവുമായി ബന്ധം പുലര്‍ത്താന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞത്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ റേഡിയോ ബന്ധം വീണ്ടെടുക്കുന്നത് അസാധ്യമാണ്. മറ്റ് അന്താരാഷ്ട്ര ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങള്‍ക്കും പേടകത്തില്‍ നിന്നുമുള്ള സിഗ്നലുകള്‍ ലഭിക്കുന്നില്ല. ഈ ചാന്ദ്ര ദൌത്യത്തിന്റെ പ്രധാന ഉദ്ദ്യേശ്യങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിച്ചു കഴിഞ്ഞു എന്ന് പറയുന്ന ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ പക്ഷെ ഈ സാങ്കേതിക തകരാറിലും ആത്മ വിശ്വാസം വെടിഞ്ഞിട്ടില്ല. ഇത്തരം സങ്കീര്‍ണ്ണമായ ദൌത്യങ്ങളില്‍ ഇത്തരം തകരാറുകള്‍ സ്വാഭാവികമാണ്. പരാജയം വിജയത്തിന്റെ ചവിട്ടു പടിയാണ് എന്ന് വിശ്വസിക്കുന്ന ശാസ്ത്രജ്ഞര്‍ ഈ ദൌത്യം നല്‍കിയ പാഠങ്ങള്‍ ചന്ദ്രയാന്‍ – II ന്റെ വിജയത്തിനായി ഫലപ്രദമായി ഉപയോഗിക്കുവാന്‍ കഴിയും എന്ന്‍ ഉറച്ചു വിശ്വസിക്കുന്നു.
 


Chandrayaan – I lost


 
 

- ജെ.എസ്.

അഭിപ്രായം എഴുതുക »

ഡിസ്ക്കവറി ഇന്ന് രാത്രി വിക്ഷേപിക്കും

August 28th, 2009

space-shuttle-discoveryകഴിഞ്ഞ ചൊവ്വാഴ്‌ച്ച വിക്ഷേപണം ചെയ്യുവാന്‍ നിശ്ചയിച്ചിരുന്ന നാസയുടെ ബഹിരാകാശ ഷട്ടില്‍ ഡിസ്ക്കവറിയുടെ ഒരു ഇന്ധന വാല്‍‌വ് തകരാറായതിനെ തുടര്‍ന്ന് മാറ്റി വെച്ചിരുന്ന വിക്ഷേപണം ഇനി ഇന്ന് അര്‍ധ രാത്രിക്ക് തൊട്ടു മുന്‍പായി നടത്തും. ഇത് മൂന്നാം തവണയാണ് ഡിസ്ക്കവറിയുടെ വിക്ഷേപണം മാറ്റി വെച്ചത്. ആദ്യ തവണ കാലാവസ്ഥ മോശം ആയതിനാലാണ് വിക്ഷേപണം മാറ്റിയത്. പിന്നീട് രണ്ടു തവണയും ഇന്ധന വാല്‍‌വിലെ തകരാറ് ആയിരുന്നു മാറ്റി വെയ്ക്കുവാന്‍ കാരണമായത്. ഇത് ശരിയാക്കിയതിനെ തുടര്‍ന്നാണ് ഇന്ന് അര്‍ധ രാത്രിക്ക് തൊട്ടു മുന്‍പത്തെ മിനിട്ടില്‍ വിക്ഷേപണം നടത്താന്‍ തീരുമാനം ആയത്. ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും ഇന്ന് (വെള്ളിയാഴ്‌ച്ച) രാത്രി 11:59ന് വിക്ഷേപണം നടക്കും.

- ജെ.എസ്.

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇടപാട് വിവരങ്ങള്‍ സ്വിസ്സ് ബാങ്കുകള്‍ ഇന്ത്യക്ക് കൈമാറില്ല
Next »Next Page » ചന്ദ്രയാന്‍ നഷ്‌ട്ടപ്പെട്ടു »



  • പശ്ചിമേഷ്യയിൽ കപ്പൽഗതാഗതം കുറഞ്ഞു
  • ഭൂമിക്ക് കവചമായി ചന്ദ്രന്‍
  • എണ്ണ ഒഴുകട്ടെ എന്ന് ട്രംപ്
  • ഗൂഗിളിനെതിരെ വൻ പ്രതിഷേധം
  • മലേഷ്യയിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായ പരിധി
  • ചൈന-അമേരിക്ക ഉച്ചകോടി ബീജിങിൽ
  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine