ബറക് ഒബാമ അമേരിക്കന്‍ പ്രസിഡണ്ട് ആവുന്നതിന് മുന്‍പും ശേഷവും തനിക്ക് ദിവസേന കിട്ടുന്ന മര്‍ദ്ദനം അതേ പോലെ തുടരുന്നു എന്ന് കുപ്രസിദ്ധമായ ഈ അമേരിക്കന്‍ തടവറയില്‍ നിന്നും ഫോണില്‍ സംസാരിച്ച ഒരു തടവുകാരന്‍ വെളിപ്പെടുത്തി. ആഫ്രിക്കയിലെ സുഡാന്‍, നൈജര്‍ എന്നീ രാജ്യങ്ങളുടെ ഇടയില്‍ സ്ഥിതി ചെയ്യുന്ന ഷാഡ് എന്ന രാജ്യത്തില്‍ നിന്നുമുള്ള മുഹമ്മദ് അല്‍ ഖുറാനി എന്ന തടവുകാരനാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
തീവ്രവാദ കുറ്റത്തില്‍ നിന്നും വിമുക്തമാക്കിയ തടവുകാര്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ ഒരു ബന്ധുവിനെ ഫോണില്‍ വിളിക്കുവാന്‍ ഇവിടെ അനുവാദം ഉണ്ട്. ഇങ്ങനെ ഫോണില്‍ ബന്ധുവുമായി സംസാരിക്കുന്നതിന് ഇടയില്‍ ബന്ധു ഫോണ്‍ അല്‍ ജസീറയുടെ റിപ്പോര്‍ട്ടര്‍ക്ക് കൈമാറുകയും അങ്ങനെ ഈ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് വെളിപ്പെടുകയും ആണ് ഉണ്ടായത്.

കുറ്റവിമുക്തം ആക്കപ്പെട്ടതിനു ശേഷവും തന്നെ നടക്കുവാനോ സാധാരണ ഭക്ഷണം കഴിക്കുവാനോ അനുവദിക്കാഞ്ഞതില്‍ താന്‍ പ്രതിഷേധിച്ചു. ഇതിനെ തുടര്‍ന്ന് ആറ് പട്ടാളക്കാര്‍ സുരക്ഷാ കവചങ്ങളും മുഖം മൂടികളും ഒക്കെ ധരിച്ച് തന്റെ മുറിയില്‍ കയറി വന്ന് രണ്ട് കാന്‍ കണ്ണീര്‍ വാതകം പൊട്ടിച്ചു. വാതകം അറയില്‍ നിറഞ്ഞപ്പോള്‍ തനിക്ക് ശബ്ദിക്കുവാനോ കണ്ണ് തുറന്നു പിടിക്കുവാനോ കഴിയാതെ ആയി. ഇരു കണ്ണുകളില്‍ നിന്നും കണ്ണീര്‍ വരുവാനും തുടങ്ങി. തുടര്‍ന്ന് റബ്ബര്‍ ദണ്ട് കോണ്ട് തനിക്ക് പൊതിരെ തല്ല് കിട്ടി. ഒരാള്‍ തന്റെ തല പിടിച്ച് തറയില്‍ ഇടിച്ചു കൊണ്ടിരുന്നു. താന്‍ അലറി കരഞ്ഞു കോണ്ട് പട്ടാളക്കാരുടെ നേതാവിനോട് പരാതിപ്പെട്ടപ്പോള്‍ അവര്‍ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് ചെയ്യുന്നത് എന്നായിരുന്നു പൊട്ടിച്ചിരിച്ചു കൊണ്ട് അയാളുടെ പ്രതികരണം എന്നും ഖുറാനി പറയുന്നു.

ഏതാണ്ട് 240 തടവുകാരാണ് ഇപ്പോള്‍ ഈ തടവറയില്‍ കഴിയുന്നത്. ഇതില്‍ പലരും കുറ്റം പോലും ചുമത്തപ്പെടാതെയാണ് കഴിഞ്ഞ ഏഴു വര്‍ഷമായി ഇവിടെ അകപ്പെട്ടിരിക്കുന്നത്. 2001ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ തുടര്‍ന്ന് ഇസ്ലാമിക ഭീകരര്‍ക്ക് എതിരെ അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ്ജ് ബുഷ് പ്രഖ്യാപിച്ച സന്ധിയില്ലാ യുദ്ധത്തിന്റെ ഭാഗം ആയാണ് ക്യൂബയിലെ അമേരിക്കന്‍ പട്ടാള ക്യാമ്പില്‍ ഈ തടവറ നിര്‍മ്മിക്കപ്പെട്ടത്. സ്ഥാനമേറ്റ ഉടന്‍ ഇവിടത്തെ ഓരോ തടവുകാരന്റേയും കേസ് വിശദമായി പരിശോധിക്കും എന്നും 2010 ഓടെ ഈ തടവറ അടച്ചു പൂട്ടും എന്നും ഒബാമ പ്രഖ്യാപിച്ചിരുന്നു.



താലിബാന്റെ അധീനതയില്‍ ഉള്ള പാക്കിസ്ഥാനിലെ സ്വാത് താഴ്വരയില്‍ ശരിയത്ത് നിയമം നടപ്പിലാക്കി കൊണ്ടുള്ള നിയമത്തില്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഒപ്പു വെച്ചു. ഇന്നലെ രാത്രി ഏറെ വൈകിയാണ് സര്‍ദാരി ഈ നിയമത്തില്‍ ഒപ്പു വെച്ചത്. സ്വാത് താഴ്വരയില്‍ സമാധാനം പൂര്‍ണമായി പുനഃ സ്ഥാപിക്കപ്പെടുന്നതു വരെ ശരിയത്ത് നിയമം നടപ്പിലാക്കില്ല എന്നായിരുന്നു നേരത്തെ സര്‍ദാരിയുടെ നിലപാട്. എന്നാല്‍ തന്റെ പാര്‍ട്ടിയില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദം ഈ കാര്യത്തില്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നു എന്നാണ് കരുതപ്പെടുന്നത്. താഴ്വരയില്‍ സമാധാനം പുനഃ സ്ഥാപിക്കുന്നതിന് പകരമായി ശരിയത്ത് നിയമം നടപ്പിലാക്കണം എന്ന താലിബാന്റെ ആവശ്യം കഴിഞ്ഞ ഫെബ്രുവരിയില്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് താഴ്വരയില്‍ താലിബാന്‍ നിയമത്തിന്റെ പിന്‍ബലത്തോടെ തങ്ങളുടെ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങുകയും ജന ജീവിതം കൂടുതല്‍ ദുരിത പൂര്‍ണ്ണം ആകുകയും ചെയ്തതായി താഴ്വരയില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പതിനേഴുകാരിയായ ഒരു പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ചിത്രങ്ങള്‍ യൂ ട്യൂബിലും മറ്റും പ്രത്യക്ഷപ്പെടുകയും ഇതിനെതിരെ ലോകമെമ്പാടും പ്രതിഷേധം ഉയരുകയും ഉണ്ടായി.
സോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ ബന്ദി ആക്കിയിരുന്ന അമേരിക്കന്‍ കപ്പിത്താനെ അമേരിക്കന്‍ നാവിക സേന രക്ഷപ്പെടുത്തി. കപ്പിത്താനെ ബന്ദി ആക്കിയിരുന്ന കൊള്ളക്കാരെ അമേരിക്കന്‍ സൈന്യം അകലെ നിന്നും വെടി വെച്ചിടുകയായിരുന്നു. കപ്പിത്താന്റെ ജീവന്‍ അപകടത്തില്‍ ആവുന്ന പക്ഷം കൊള്ളക്കാരെ ആക്രമിക്കാന്‍ നേരത്തെ അമേരിക്കന്‍ പ്രസിഡണ്ട് ബറക് ഒബാമ നാവിക സേനക്ക് അനുവാദം നല്‍കിയിരുന്നു. കൊള്ളക്കാരുമായും സോമാലിയയിലെ മുതിര്‍ന്നവരുമായും പലവട്ടം നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്നലെ കൊള്ളക്കാര്‍ തങ്ങളുടെ യന്ത്ര തോക്കുകള്‍ കപ്പിത്താന് നേരെ ചൂണ്ടിയതോടെ സൈന്യത്തിലെ വിദഗ്ദ്ധരായ തോക്കു ധാരികള്‍ കൊള്ളക്കാരെ ദൂരെ നിന്നു തന്നെ ഉന്നം വെച്ചു വീഴ്ത്തുകയായിരുന്നു.
യുദ്ധ ഭൂമിയില്‍ കുടുങ്ങി പോയ ജനത്തിന് അവിടെ നിന്നും ഒഴിഞ്ഞു പോകുവാന്‍ സമയം അനുവദിച്ച് കൊണ്ട് ശ്രീലങ്കന്‍ സര്‍ക്കാര്‍ രണ്ട് ദിവസത്തെ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഇതിനിടയില്‍ ഇവിടെ നിന്നും ജനത്തിനെ ഒഴിഞ്ഞു പോകുവാന്‍ അനുവദിക്കും എന്ന് പുലി തലവന്‍ പ്രഭാകരന്‍ അറിയിച്ചു. പുതുകുടിയിരുപ്പ് പ്രദേശത്തെ തമിഴ് പുലികളുടെ നേതാക്കള്‍ എല്ലാം കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇവിടത്തെ യുദ്ധം മുന്നോട്ട് കൊണ്ട് പോവുന്നത് പ്രായോഗികമല്ല എന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് പ്രഭാകരന്‍ ഇത്തരം ഒരു തീരുമാനം എടുത്തത് എന്നാണ് സൂചന. ഇന്നലെ അര്‍ധ രാത്രിയോടെ വെടി നിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു. 48 മണിക്കൂര്‍ നേരത്തേക്കാവും വെടി നിര്‍ത്തല്‍. ശ്രീലങ്കയിലെ പുതു വത്സരം പ്രമാണിച്ചാണ് ഇന്നലെ തന്നെ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചത് എന്ന് അധികൃതര്‍ പറഞ്ഞു.
സോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ തടവില്‍ ആക്കിയ അമേരിക്കന്‍ കപ്പിത്താന്‍ റിച്ചാര്‍ഡ് ഫിലിപ്സിനെ മോചിപ്പിക്കാന്‍ അമേരിക്കന്‍ നാവിക സേന നടത്തിയ ശ്രമം വീണ്ടും പാഴായി. നാവിക സേനയുടെ ബോട്ടിനു നേരെ കൊള്ളക്കാര്‍ വെടി വെക്കുകയാണ് ഉണ്ടായത്. നാവിക സേനയുടെ സംഘം സഞ്ചരിച്ച റബ്ബര്‍ ബോട്ട് ഇപ്പോഴും അവിടെ തന്നെ ചുറ്റി തിരിയുകയാണ്. കപ്പിത്താനെ മോചിപ്പിക്കാനുള്ള ശ്രമം തങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല. എന്നാല്‍ കപ്പിത്താന്‍ ഇപ്പോഴും സുരക്ഷിതനാണോ എന്ന് തങ്ങള്‍ക്ക് ഉറപ്പില്ല എന്നാണ് സൈന്യം പറയുന്നത്.
കടല്‍ കൊള്ളക്കാര്‍ ബന്ദിയാക്കിയ കപ്പലിന്റെ കപ്പിത്താനെ രക്ഷപ്പെടുത്തുവാന്‍ ഉള്ള അമേരിക്കന്‍ നാവിക സേനയുടെ ശ്രമങ്ങള്‍ തുടരുന്നുവെങ്കിലും ഇത്രത്തോളം ആയിട്ടും കൊള്ളക്കാര്‍ തങ്ങളുടെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നത് സൈന്യത്തെ കുഴക്കുകയാണ്. കൊള്ളക്കാരുമായി മധ്യസ്ഥത പറയാന്‍ അമേരിക്കന്‍ ഫെഡറല്‍ അന്വേഷണ സംഘടനയിലെ വിദഗ്ദ്ധരായ നെഗോഷിയേറ്റര്‍മാരെ തന്നെ സേന രംഗത്തിറക്കിയിട്ടുണ്ട്. മര്‍സ്ക് അലബാമ എന്ന കപ്പല്‍ സൊമാലിയന്‍ കടല്‍ കൊള്ളക്കാര്‍ കഴിഞ്ഞ ബുധനാഴ്ച പിടിച്ചടക്കിയതിനെ തുടര്‍ന്ന് കപ്പലിലെ ഇരുപതോളം വരുന്ന അമേരിക്കന്‍ ജീവനക്കാര്‍ കപ്പലിന്റെ നിയന്ത്രണം ബല പ്രയോഗത്തിലൂടെ തിരിച്ചു പിടിച്ചിരുന്നു. എന്നാല്‍ തന്റെ കീഴ് ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കിയ കപ്പലിന്റെ കപ്പിത്താന്‍ ഈ തന്ത്രം വിജയിക്കുന്നതിനായി സ്വയം നാല് കൊള്ളക്കാരുടെ കൂടെ ഒരു ലൈഫ് ബോട്ടില്‍ കയറുവാന്‍ തയ്യറാവുകയായിരുന്നു. കപ്പലിന്റെ നിയന്ത്രണം ജീവനക്കാര്‍ക്ക് തിരികെ ലഭിച്ചെങ്കിലും കപ്പിഥാന്‍ ഇപ്പോള്‍ ഈ നാല് കൊള്ളക്കാരുടെ തടവില്‍ ലൈഫ് ബോട്ടില്‍ ആണ് ഉള്ളത്. ലൈഫ് ബോട്ട് ആണെങ്കില്‍ കപ്പലില്‍ നിന്നും അകന്ന് പോയി കൊണ്ടിരിക്കുകയുമാണ്.
ഭൂമി കുലുക്കത്തില്‍ മരിച്ചവരുടെ എണ്ണം 272 എത്തി നില്‍ക്കേ ഇന്ന് രാവിലെ ഇറ്റലിയില്‍ വീണ്ടും ഭൂമി കുലുങ്ങി. തിങ്കളാഴ്ച ഇറ്റലിയെ പിടിച്ച് കുലുക്കിയ ഭൂകമ്പത്തിന്റെ അളവ് റിക്റ്റര്‍ സ്കെയിലില്‍ 6.3 ആയിരുന്നു. ഇന്ന് രാവിലെ അനുഭവപ്പെട്ട കുലുക്കം 5.2 ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോട് അടുപ്പിച്ച് നടന്ന ഈ കുലുക്കം നേരത്തെ നടന്ന ഭൂകമ്പത്തിന്റെ തുടര്‍ പ്രകമ്പനം ആണ്. ഇത് നൂറ് കിലോമീറ്റര്‍ അകലെ ഉള്ള റോമില്‍ വരെ അനുഭവപ്പെട്ടു. ഈ പ്രകമ്പനം കൂടുതല്‍ നാശ നഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ടോ എന്നത് ഇനിയും അറിവായിട്ടില്ല.
ശ്രീലങ്കയിലെ യുദ്ധ ഭൂമിയില്‍ ഒരു ലക്ഷത്തോളം ജനങ്ങളുടെ ജീവന്‍ അപകടത്തിലാണ് എന്ന് ഐക്യ രാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കി. ഇവിടെ ശ്രീലങ്കന്‍ സൈന്യം അവസാന ഘട്ട ആക്രമണത്തിനുള്ള തയ്യാറെടുപ്പിലാണ്. സംഘര്‍ഷ പ്രദേശത്ത് കുടുങ്ങി പോയ തമിഴ് വംശജരുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ തങ്ങള്‍ക്കുള്ള ആശങ്ക ഐക്യ രാഷ്ട്ര സഭയുടെ ഒരു സമുന്നത ഉദ്യോഗസ്ഥന്‍ ആണ് വെളിപ്പെടുത്തിയത്. ശ്രീലങ്കന്‍ സൈന്യം സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച യുദ്ധ നിരോധിത മേഖലയെ മാനിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
അമേരിക്ക ഒരു കാലത്തും ഇസ്ലാമിന് എതിരെ യുദ്ധത്തില്‍ ആയിരുന്നില്ല എന്ന് ബറക്ക് ഒബാമ പ്രസ്താവിച്ചു. തുര്‍ക്കിയില്‍ സന്ദര്‍ശനത്തിന് എത്തിയ ഒബാമ തുര്‍ക്കി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കുക ആയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ആയതിനു ശേഷം ഇത് ആദ്യമായാണ് ഒബാമ ഒരു മുസ്ലിം രാഷ്ട്രം സന്ദര്‍ശിക്കുന്നത്. മുസ്ലിം സമുദായവും മുസ്ലിം ലോക രാഷ്ട്രങ്ങളും തമ്മിലുള്ള അമേരിക്കയുടെ ബന്ധം ഭീകരതക്ക് എതിരെ ഉള്ള നിലപാടുകളില്‍ അധിഷ്ഠിതം ആവില്ല എന്ന് ഒബാമ പ്രഖ്യാപിച്ചു. പരസ്പര സഹകരണവും ബഹുമാനവും താല്പര്യങ്ങളും ആയിരിക്കും അമേരിക്കയുടെ നിലപാടുകളുടെ അടിസ്ഥാനം. മുസ്ലിം അമേരിക്കക്കാര്‍ എന്നും അമേരിക്കക്ക് ഒരു സമ്പത്തായിരുന്നു. പല അമേരിക്കന്‍ കുടുംബങ്ങളിലും മുസ്ലിമുകള്‍ ഉണ്ട്. പലരും മുസ്ലിം രാഷ്ട്രങ്ങളില്‍ ജീവിച്ചവരും ആണ്. എനിക്കറിയാം, കാരണം ഞാനും ഇവരില്‍ ഒരാളാണ് – ഒബാമ പറഞ്ഞു.
താലിബാനുമായി സന്ധി ചെയ്തതിന്റെ തിക്ത ഫലങ്ങള്‍ പാക്കിസ്ഥാന്‍ അനുഭവിച്ചു തുടങ്ങിയതിന്റെ സൂചനയായി ലോകമെമ്പാടും കഴിഞ്ഞ ദിവസം പ്രചരിച്ച ഒരു മൊബൈല്‍ ഫോണ്‍ വീഡിയോ ചിത്രം. പതിനേഴു കാരിയായ ഒരു പെണ്‍ കുട്ടിയെ താലിബാന്‍ ഭീകരര്‍ പൊതു സ്ഥലത്ത് തറയില്‍ കമിഴ്ത്തി കിടത്തി പൊതിരെ തല്ലുന്നതിന്റെ വീഡിയോ ചിത്രമാണ് ലോകത്തെ നടുക്കിയത്. ഈ പെണ്‍ കുട്ടി തന്റെ ഭര്‍ത്താവ് അല്ലാത്ത ഒരു പുരുഷനോടൊപ്പം വീടിനു വെളിയില്‍ ഇറങ്ങി എന്ന കുറ്റത്തിനാണ് ഈ കുട്ടിയെ ഇങ്ങനെ പൊതു സ്ഥലത്ത് വെച്ച് 34 അടി നല്‍കാന്‍ താലിബാന്‍ വിധിച്ചത്. ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിന് പകരമായി സ്വാത് താഴ്വരയില്‍ ശരിയത്ത് നിയമം നടപ്പിലാക്കാന്‍ ഉള്ള അധികാരം സന്ധിക്കുള്ള നിബന്ധനയായി താലിബാന്‍ കഴിഞ്ഞ ഫെബ്രുവരി 15ന് നേടി എടുത്തിരുന്നു. ഇതോടെ സ്വാത് താഴ്വരയിലെ ജനത്തിന്റെ ജീവിതം പൂര്‍ണ്ണമായും താലിബാന്റെ ഭീകരരുടെ ദയയിലായി.

























