അമേരിക്ക പാശ്ചാത്യ സഖ്യ കക്ഷികളുടെ സഹകരണത്തോടെ യൂറോപ്പില്‍ നടപ്പിലാക്കുന്ന മിസൈല്‍ പദ്ധതിക്കെതിരെ റഷ്യ ശക്തമായ താക്കീത് നല്‍കി. പരിപാടിയുടെ മൂന്നാം ഘട്ടം യൂറോപ്പില്‍ സ്ഥാപിക്കുന്ന പക്ഷം തങ്ങളുടെ “ഇസ്കന്ദര്‍” മിസൈലുകള്‍ പോളണ്ടിനും ലിത്വാനിയക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന കലിന്‍ഗ്രാഡ് പ്രദേശത്ത് സ്ഥാപിക്കും എന്ന് റഷ്യ മുന്നറിയിപ്പു നല്‍കി. ഇത് ചെയ്യണം എന്ന് തങ്ങള്‍ക്ക് ഒട്ടും താല്പര്യമില്ല. എന്നാല്‍ അമേരിക്കന്‍ ആയുധ ഭീഷണി നേരിടാന്‍ തങ്ങള്‍ക്ക് ഇത്തരം ഒരു നടപടി സ്വീകരിക്കേണ്ടി വന്നാല്‍ തങ്ങള്‍ ഇത് ചെയ്യാന്‍ മടിക്കില്ല എന്നും റഷ്യ അറിയിച്ചു. മിസൈല്‍ വേധ സംവിധാനം പോളണ്ടിലും ചെക്കോസ്ലോവാക്യയിലും സ്ഥാപിക്കുന്നത് ഇറാന്റെ ഭീഷണിയെ ചെറുക്കാന്‍ ആണെന്നാണ് അമേരിക്കയുടെ പക്ഷം. റഷ്യക്ക് ഇത് ഒരു ഭീഷണിയാവില്ല എന്നും വാഷിങ്ടണ്‍ ആവര്‍ത്തിക്കുന്നു. ജോര്‍ജ്ജ് ബുഷ് തുടങ്ങി വെച്ച ഈ ആയുധ പന്തയം ഒബാമ ഭരണകൂടം തുടരില്ല എന്നായിരുന്നു പ്രതീക്ഷ. ഈ പദ്ധതി മുന്നോട്ട് കൊണ്ടു പോകുന്നതിന് മുന്‍പ് സാധ്യതാ പഠനം നടത്തും എന്നും മറ്റും പുതിയ അമേരിക്കന്‍ ഭരണകൂടം പറഞ്ഞിരുന്നതുമാണ്. എന്നാല്‍ ഈ മാസം ആദ്യം തന്റെ പ്രേഗ് സന്ദര്‍ശന വേളയില്‍ പദ്ധതിക്ക് അനുകൂലം ആയി ഒബാമ സംസാരിച്ചത് ആണ് റഷ്യക്ക് വീണ്ടും തലവേദന ഉണ്ടാക്കിയിരിക്കുന്നത്.
(ചെക്കോസ്ലോവാക്യയിലെ പ്രേഗില്‍ അമേരിക്കന്‍ മിസൈല്‍ പദ്ധതിക്കെതിരെ നടന്ന പ്രതിഷേധ പ്രകടനം ആണ് ഫോട്ടോയില്‍ കാണുന്നത്.)



ഇസ്രയേലിനെ യഹൂദന്മാരുടെ രാഷ്ട്രമായി അംഗീകരിക്കണം എന്ന ഇസ്രയേല്‍ പ്രധാന മന്ത്രി ബിന്യാമീന്‍ നെതന്യാഹുവിന്റെ ആവശ്യം പലസ്തീന്‍ അധികൃതരും ഹമാസും നിരസിച്ചു. ഇരു വിഭാഗവും തമ്മില്‍ ഉള്ള സമാധാന ചര്‍ച്ചകള്‍ക്ക് ഈ ആവശ്യം ഒരു ഉപാധിയായി ഇസ്രയേല്‍ പ്രധാന മന്ത്രി മുന്നോട്ട് വെച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച അമേരിക്കയുടെ പ്രത്യേക പ്രതിനിധി ജോര്‍ജ്ജ് മിഷെലുമായി നറ്റത്തിയ കൂടിക്കാഴ്ചയില്‍ ആണ് ഇസ്രയേല്‍ പ്രധാന മന്ത്രി നെതന്യാഹു ഈ ആവശ്യം ഉന്നയിച്ചത്. ഇതിനെ തുടര്‍ന്ന് മിഷെല്‍ വെള്ളിയാഴ്ച പലസ്തീന്‍ അതോറിറ്റി പ്രസിഡണ്ട് മഹമൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തുകയും ഇസ്രയേലിന്റെ ആവശ്യം അദ്ദേഹത്തെ ധരിപ്പിക്കുകയും ചെയ്തു. എന്നാല്‍ രണ്ട് വ്യത്യസ്ത രാഷ്ട്രങ്ങള്‍ എന്ന പലസ്തീന്റെ കാഴ്ചപ്പാട് ഇസ്രയേലിനെ കൊണ്ട് അംഗീകരിപ്പിക്കണം എന്നായിരുന്നു പലസ്തീന്‍ പ്രതിനിധികളുടെ നിലപാട്. മാത്രമല്ല, ഇസ്രയേലുമായി നേരത്തെ ഏര്‍പ്പെട്ടിട്ടുള്ള എല്ലാ കരാറുകളും ഇസ്രയേല്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തണം എന്നും ഇവര്‍ ആവശ്യപ്പെട്ടു.
പാക്കിസ്ഥാന്റെ അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിക്ക് അടുത്ത് ഇന്നലെ നടന്ന ചാവേര്‍ ബോംബ് ആക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഉന്നത താലിബാന്‍ നേതാവ് ഏറ്റെടുത്തു. പാക്കിസ്ഥാന്റെ ഗ്രാമീണ പ്രദേശങ്ങളില്‍ അമേരിക്ക ആക്രമണം തുടരുന്ന പക്ഷം ഇത്തരം ആക്രമണങ്ങളും തുടരും എന്ന് താലിബാന്‍ മുന്നറിയിപ്പ് നല്‍കി. പാക്കിസ്ഥാനില്‍ ഉടനീളം താലിബാന്റെ നേതൃത്വത്തില്‍ ഇത്തരം ആക്രമണങ്ങള്‍ പെരുകുന്നുണ്ടെങ്കിലും അല്‍ ക്വൈദ ഭീകരര്‍ ഒളിച്ചിരിക്കുന്ന അഫ്ഗാന്‍ അതിര്‍ത്തിയില്‍ ആണ് ആക്രമണങ്ങള്‍ ഏറെയും നടക്കുന്നത്. ഈ പ്രദേശത്താണ് ഒസാമ ബിന്‍ ലാദന്‍ ഒളിച്ചു താമസിക്കുന്നതായി കരുതപ്പെടുന്നത്. ശനിയാഴ്ച നടന്ന കാര്‍ ബോംബ് ആക്രമണത്തില്‍ ഒരു പോലീസ് സ്റ്റേഷനും പന്ത്രണ്ടോളം സൈനിക വാഹനങ്ങളും നശിച്ചു. 25 സുരക്ഷാ ഭടന്മാരും രണ്ട് സൈനികരും കൊല്ലപ്പെട്ടു. സ്ഥലം പോലീസ് മേധാവി അടക്കം അറുപതോളം പേര്‍ക്ക് പരിക്കുണ്ട്.
ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചു നശിപ്പിക്കാന്‍ ഇസ്രയേല്‍ സൈന്യം സന്നദ്ധം ആണെന്ന് റിപ്പോര്‍ട്ടുകള്‍. പുതുതായി ചുമതല ഏറ്റ സര്‍ക്കാര്‍ ആക്രമണ അനുമതി നല്‍കിയാല്‍ മണിക്കൂറുകള്‍ക്കകം ഈ ആക്രമണം ഇസ്രയേല്‍ സൈന്യം നടത്തും എന്നാണ് സൂചന. ഇത്തരം ഒരു ആക്രമണം അപകടകരമാണ് എന്ന് നിരീക്ഷകര്‍ കരുതുന്നു. ആക്രമണം കൃത്യമായി ലക്ഷ്യം കണ്ടെത്തണം എന്നത് തന്നെ കാരണം. എന്നാല്‍ ഇതിനായി ഇസ്രയേല്‍ കഴിഞ്ഞ് നാളുകളിലായി ഒട്ടേറെ പരിശീലനവും ഒരുക്കങ്ങളും പൂര്‍ത്തി ആക്കുകയുണ്ടായി.
ജോര്‍ജ്ജ് ബുഷിന്റെ ഭരണ കാലത്ത് അമേരിക്കന്‍ സര്‍ക്കാര്‍ തീവ്രവാദ കുറ്റം ആരോപിക്കപ്പെട്ട തടവുകാര്‍ക്ക് നേരെ പ്രയോഗിച്ച മര്‍ദ്ദന മുറകളെ പറ്റിയുള്ള ഒരു റിപ്പോര്‍ട്ട് ഒബാമ പ്രസിദ്ധപ്പെടുത്തി. ഒരു കുടുസ്സു മുറിയില്‍ പ്രാണികളോടൊപ്പം പൂട്ടിയിടുക, മതിലിലേക്ക് വലിച്ചെറിയുക, മുഖത്ത് അടിക്കുക, ഉറങ്ങാന്‍ അനുവദിക്കാതിരിക്കുക, ശാരീരിക ചലനങ്ങള്‍ സാധ്യമല്ലാത്ത വിധം ചെറുതായ മനുഷ്യ കൂടുകളില്‍ ചങ്ങലക്കിടുക എന്നിങ്ങനെ അനേകം മര്‍ദ്ദന മുറകളെ പറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ട്.
ബറക് ഒബാമ അമേരിക്കന്‍ പ്രസിഡണ്ട് ആവുന്നതിന് മുന്‍പും ശേഷവും തനിക്ക് ദിവസേന കിട്ടുന്ന മര്‍ദ്ദനം അതേ പോലെ തുടരുന്നു എന്ന് കുപ്രസിദ്ധമായ ഈ അമേരിക്കന്‍ തടവറയില്‍ നിന്നും ഫോണില്‍ സംസാരിച്ച ഒരു തടവുകാരന്‍ വെളിപ്പെടുത്തി. ആഫ്രിക്കയിലെ സുഡാന്‍, നൈജര്‍ എന്നീ രാജ്യങ്ങളുടെ ഇടയില്‍ സ്ഥിതി ചെയ്യുന്ന ഷാഡ് എന്ന രാജ്യത്തില്‍ നിന്നുമുള്ള മുഹമ്മദ് അല്‍ ഖുറാനി എന്ന തടവുകാരനാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. 

താലിബാന്റെ അധീനതയില്‍ ഉള്ള പാക്കിസ്ഥാനിലെ സ്വാത് താഴ്വരയില്‍ ശരിയത്ത് നിയമം നടപ്പിലാക്കി കൊണ്ടുള്ള നിയമത്തില്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഒപ്പു വെച്ചു. ഇന്നലെ രാത്രി ഏറെ വൈകിയാണ് സര്‍ദാരി ഈ നിയമത്തില്‍ ഒപ്പു വെച്ചത്. സ്വാത് താഴ്വരയില്‍ സമാധാനം പൂര്‍ണമായി പുനഃ സ്ഥാപിക്കപ്പെടുന്നതു വരെ ശരിയത്ത് നിയമം നടപ്പിലാക്കില്ല എന്നായിരുന്നു നേരത്തെ സര്‍ദാരിയുടെ നിലപാട്. എന്നാല്‍ തന്റെ പാര്‍ട്ടിയില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദം ഈ കാര്യത്തില്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നു എന്നാണ് കരുതപ്പെടുന്നത്. താഴ്വരയില്‍ സമാധാനം പുനഃ സ്ഥാപിക്കുന്നതിന് പകരമായി ശരിയത്ത് നിയമം നടപ്പിലാക്കണം എന്ന താലിബാന്റെ ആവശ്യം കഴിഞ്ഞ ഫെബ്രുവരിയില്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് താഴ്വരയില്‍ താലിബാന്‍ നിയമത്തിന്റെ പിന്‍ബലത്തോടെ തങ്ങളുടെ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങുകയും ജന ജീവിതം കൂടുതല്‍ ദുരിത പൂര്‍ണ്ണം ആകുകയും ചെയ്തതായി താഴ്വരയില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പതിനേഴുകാരിയായ ഒരു പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ചിത്രങ്ങള്‍ യൂ ട്യൂബിലും മറ്റും പ്രത്യക്ഷപ്പെടുകയും ഇതിനെതിരെ ലോകമെമ്പാടും പ്രതിഷേധം ഉയരുകയും ഉണ്ടായി.
സോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ ബന്ദി ആക്കിയിരുന്ന അമേരിക്കന്‍ കപ്പിത്താനെ അമേരിക്കന്‍ നാവിക സേന രക്ഷപ്പെടുത്തി. കപ്പിത്താനെ ബന്ദി ആക്കിയിരുന്ന കൊള്ളക്കാരെ അമേരിക്കന്‍ സൈന്യം അകലെ നിന്നും വെടി വെച്ചിടുകയായിരുന്നു. കപ്പിത്താന്റെ ജീവന്‍ അപകടത്തില്‍ ആവുന്ന പക്ഷം കൊള്ളക്കാരെ ആക്രമിക്കാന്‍ നേരത്തെ അമേരിക്കന്‍ പ്രസിഡണ്ട് ബറക് ഒബാമ നാവിക സേനക്ക് അനുവാദം നല്‍കിയിരുന്നു. കൊള്ളക്കാരുമായും സോമാലിയയിലെ മുതിര്‍ന്നവരുമായും പലവട്ടം നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്നലെ കൊള്ളക്കാര്‍ തങ്ങളുടെ യന്ത്ര തോക്കുകള്‍ കപ്പിത്താന് നേരെ ചൂണ്ടിയതോടെ സൈന്യത്തിലെ വിദഗ്ദ്ധരായ തോക്കു ധാരികള്‍ കൊള്ളക്കാരെ ദൂരെ നിന്നു തന്നെ ഉന്നം വെച്ചു വീഴ്ത്തുകയായിരുന്നു.
യുദ്ധ ഭൂമിയില്‍ കുടുങ്ങി പോയ ജനത്തിന് അവിടെ നിന്നും ഒഴിഞ്ഞു പോകുവാന്‍ സമയം അനുവദിച്ച് കൊണ്ട് ശ്രീലങ്കന്‍ സര്‍ക്കാര്‍ രണ്ട് ദിവസത്തെ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഇതിനിടയില്‍ ഇവിടെ നിന്നും ജനത്തിനെ ഒഴിഞ്ഞു പോകുവാന്‍ അനുവദിക്കും എന്ന് പുലി തലവന്‍ പ്രഭാകരന്‍ അറിയിച്ചു. പുതുകുടിയിരുപ്പ് പ്രദേശത്തെ തമിഴ് പുലികളുടെ നേതാക്കള്‍ എല്ലാം കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇവിടത്തെ യുദ്ധം മുന്നോട്ട് കൊണ്ട് പോവുന്നത് പ്രായോഗികമല്ല എന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് പ്രഭാകരന്‍ ഇത്തരം ഒരു തീരുമാനം എടുത്തത് എന്നാണ് സൂചന. ഇന്നലെ അര്‍ധ രാത്രിയോടെ വെടി നിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു. 48 മണിക്കൂര്‍ നേരത്തേക്കാവും വെടി നിര്‍ത്തല്‍. ശ്രീലങ്കയിലെ പുതു വത്സരം പ്രമാണിച്ചാണ് ഇന്നലെ തന്നെ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചത് എന്ന് അധികൃതര്‍ പറഞ്ഞു.
സോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ തടവില്‍ ആക്കിയ അമേരിക്കന്‍ കപ്പിത്താന്‍ റിച്ചാര്‍ഡ് ഫിലിപ്സിനെ മോചിപ്പിക്കാന്‍ അമേരിക്കന്‍ നാവിക സേന നടത്തിയ ശ്രമം വീണ്ടും പാഴായി. നാവിക സേനയുടെ ബോട്ടിനു നേരെ കൊള്ളക്കാര്‍ വെടി വെക്കുകയാണ് ഉണ്ടായത്. നാവിക സേനയുടെ സംഘം സഞ്ചരിച്ച റബ്ബര്‍ ബോട്ട് ഇപ്പോഴും അവിടെ തന്നെ ചുറ്റി തിരിയുകയാണ്. കപ്പിത്താനെ മോചിപ്പിക്കാനുള്ള ശ്രമം തങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല. എന്നാല്‍ കപ്പിത്താന്‍ ഇപ്പോഴും സുരക്ഷിതനാണോ എന്ന് തങ്ങള്‍ക്ക് ഉറപ്പില്ല എന്നാണ് സൈന്യം പറയുന്നത്. 
























