വ്യത്യസ്തവും വൈവിധ്യവും ആയ സമൂഹങ്ങളേയും സംസ്ക്കാരങ്ങളേയും തങ്ങളുടെ മണ്ണിലേക്ക് എന്നും സ്വാഗതം ചെയ്യുകയും, അവരുടെ സാമൂഹ്യ സാംസ്ക്കാരിക സ്വത്വം നഷ്ടപ്പെടാതെ തങ്ങളുടെ പൊതു സാമൂഹിക ധാരയില്‍ നില നില്‍ക്കുകയും ചെയ്യുവാന്‍ കഴിയുന്ന വിശാലമായ സാമൂഹിക കാഴ്ച്ചപ്പാടിനും സഹിഷ്ണുതക്കും പേര് കേട്ട ആസ്ത്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹത്തിന് നേരെ അടുത്ത കാലത്ത് നടന്ന വംശീയ ആക്രമണങ്ങളെ നേരിടുന്ന ശ്രമത്തിന്റെ ഭാഗമായി മെല്‍ബോണിലെ പോലീസ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇന്ത്യാക്കാര്‍ക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍ ആസ്ത്രേലിയയില്‍ “കറി ബാഷിങ്” എന്നാണ് അറിയപ്പെടുന്നത്.
ഇന്ത്യന്‍ ഭാഷകളില്‍ ഉച്ചത്തില്‍ സംസാരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ പോലീസ് ഇവര്‍ പൊതു സ്ഥലത്ത് തങ്ങളുടെ പെരുമാറ്റ രീതികള്‍ നിയന്ത്രിക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആസ്ത്രേലിയയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ സ്റ്റ്യൂഡന്‍സ് ഓഫ് ഓസ്ട്രേലിയയുടെ (FISA) നേതാവ് രാമന്‍ വൈദ് പറയുന്നത് ഇത്തരം ഒരു വിലക്ക് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഉള്ളൂ എന്നാണ്. ലാപ്ടോപ്പുകളും, ഐ ഫോണ്‍, എംപിത്രീ പ്ലേയര്‍ എന്നിവയും മറ്റും കൊണ്ടു നടക്കരുത് എന്നും പോലീസ് ഇവരെ വിലക്കിയിട്ടുണ്ട് എന്നും ഇദ്ദേഹം അറിയിച്ചു.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പെരുമാറ്റം നിയന്ത്രിക്കുന്നതിന് ആവശ്യമായ പരിശീലനം നല്‍കുവാനും പോലീസിന് പരിപാടിയുണ്ട്. എന്നാല്‍ ഇത്തരം നിയന്ത്രണങ്ങള്‍ ആഗോള തലത്തില്‍ ആസ്ത്രേലിയയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കും എന്ന് ആസ്ത്രേലിയന്‍ അധികൃതര്‍ ഭയപ്പെടുന്നുമുണ്ട്. ഇത്തരം വംശീയ വിവേചനം മൂലം ആസ്ത്രേലിയയില്‍ ഉന്നത പഠനത്തിനായി വരുവാന്‍ ഇനി വിദ്യാര്‍ത്ഥികള്‍ മടിക്കും എന്നും ചൂണ്ടി കാണിക്കപ്പെടുന്നു.



ബ്രിട്ടനും റഷ്യയും കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ചെയ്യുവാന്‍ ശ്രമിച്ചത് ഒബാമ അഫ്ഗാനിസ്ഥാനില്‍ ചെയ്താല്‍ അത് ഒബാമയുടെ വിയറ്റ്നാം ആയി മാറും എന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ അഭിപ്രായപ്പെട്ടു. സാങ്കേതികമായി ഇങ്ങനെ സംഭവിക്കാം എങ്കിലും ഇങ്ങനെ സംഭവിക്കും എന്ന് താന്‍ കരുതുന്നില്ല. ബ്രിട്ടന്‍ തങ്ങളുടെ കോളനികളെ നിയന്ത്രിക്കാന്‍ ശ്രമിച്ചതു പോലെയോ റഷ്യ പാവ ഭരണ കൂടങ്ങളെ സ്ഥാപിച്ചതിനു ശേഷം തങ്ങളുടെ സൈന്യത്തെ വിന്യസിച്ച് ആക്രമിക്കുകയും ചെയ്തത് പോലെ ഒബാമ അഫ്ഗാനിസ്ഥാനില്‍ ചെയ്യുകയാണെങ്കില്‍ അഫ്ഗാനിസ്ഥാന്‍ ഒബാമയുടെ വിയറ്റ്നാം ആയി മാറാം. എന്നാല്‍ ഒബാമയുടെ ടീമില്‍ മികച്ച ആളുകളാണുള്ളത്. ഏറ്റവും മികച്ച സൈനിക ഉദ്യോഗസ്ഥനായ ജന. പേട്രിയോസ്, ആധുനിക യുഗത്തിലെ ഏറ്റവും മികച്ച നയതന്ത്രജ്ഞനായ ഹോള്‍ബ്രൂക്ക്, സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഹിലാരി ക്ലിന്റണ്‍, പ്രധിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സ് എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കുന്ന സൈനിക നയതന്ത്ര നീക്കങ്ങള്‍ ഇത്തരം ഒരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടു ചെന്നെത്തിക്കില്ല എന്നാണ് താന്‍ കരുതുന്നത് എന്നും ക്ലിന്റണ്‍ അറിയിച്ചു.
ലോകത്തെ ഏറ്റവും സമ്പന്നമായ രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ G-7 ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ലോകത്തെ കര കയറ്റാനായി സമൂല സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടു. റോമില്‍ നടന്ന G-7 രാഷ്ട്രങ്ങളുടെ ഉന്നത തല സമ്മേളനത്തില്‍ അധ്യക്ഷനായ ഇറ്റലിയിലെ ധന മന്ത്രി ട്രെമോണ്ടി ഒരു പുതിയ സാമ്പത്തിക സംവിധാനം നടപ്പിലാക്കി ലോക സമ്പദ് ഘടനയെ കൂടുതല്‍ പുറകോട്ട് പോകുന്നതില്‍ നിന്നും അടിയന്തിരമായി തടയുവാന്‍ ഉതകുന്ന നിയമ സംവിധാനം ഏപ്രിലില്‍ നടക്കുന്ന G-20 രാഷ്ട്രങ്ങളുടെ സമ്മേളനത്തിലും ജൂലായില്‍ നടക്കുന്ന G-8 രാഷ്ട്രങ്ങളുടെ യോഗത്തിലും അവതരിപ്പിക്കും എന്ന് അറിയിച്ചു. ലോകത്തെ സമഗ്രമായി കണ്ട് നടപ്പിലാക്കുന്ന ഈ പരിഷ്കാരങ്ങള്‍ രാജ്യ താല്പര്യങ്ങള്‍ക്ക് അതീതമായി ആഗോള താല്പര്യത്തെ മാത്രം ലക്ഷ്യം വെച്ച് ഉള്ളതായിരിക്കും എന്നും അദ്ദേഹം അറിയിച്ചു. ഇത്തരം ഒരു സമീപനത്തിനു മാത്രമേ ഇനി ലോക സമ്പദ് ഘടനയെ സഹായിക്കുവാനാവൂ. ഭാവിയില്‍ ഇത്തരം ഒരു പ്രതിസന്ധി ഉണ്ടാവാതിരിക്കാനും ഇത് സഹായിക്കും. ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, അമേരിക്ക എന്നീ അംഗ രാജ്യങ്ങള്‍ക്ക് പുറമെ റഷ്യയും യോഗത്തില്‍ പങ്കെടുത്തു.
H1 B വിസ വ്യാജ രേഖകള്‍ ഉപയോഗിച്ച് സംഘടിപ്പിച്ച് അമേരിക്കയിലേക്ക് ആളുകളെ കടത്തുന്ന ഒരു സംഘത്തെ അമേരിക്കന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പതിനൊന്ന് പേരില്‍ ഭൂരിഭാഗവും ഇന്ത്യാക്കാര്‍ ആണെന്നാണ് അറിയുന്നത്. ഇവരുടെ പൌരത്വം തല്‍ക്കാലം പോലീസ് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇവരുടെ പേരുകള്‍ സൂചിപ്പിക്കുന്നത് ഇവരില്‍ മിക്കവരും ഇന്ത്യന്‍ വംശജരാണ് എന്നു തന്നെയാണ്.
മനുഷ്യ നിര്‍മ്മിത ഉപഗ്രഹങ്ങള്‍ ദിനം പ്രതി ബഹിരാകാശത്തില്‍ എത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ അവിടേയും ഗതാഗത കുരുക്ക് അനുഭവപ്പെടും എന്ന് കുറച്ചു നാളായി ശാസ്ത്രജ്ഞര്‍ ആശങ്കപ്പെടുന്നു. ഈ ആശങ്കകള്‍ അസ്ഥാനത്ത് ആല്ലായിരുന്നു എന്ന് തെളിയിച്ചു കൊണ്ട് ചരിത്രത്തില്‍ ആദ്യമായി രണ്ട് മനുഷ്യ നിര്‍മ്മിത ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വച്ച് തമ്മില്‍ ഇടിച്ച് തകര്‍ന്നിരിക്കുന്നു. ചൊവ്വാഴ്ച ഉച്ചക്ക് സൈബീരിയയുടെ ഏതാണ്ട് അഞ്ഞൂറ് മൈല്‍ മുകളില്‍ വെച്ചാണ് ഒരു റഷ്യന്‍ ഉപഗ്രഹവും അമേരിക്കന്‍ ഉപഗ്രഹവും തമ്മില്‍ ഇടിച്ചു തകര്‍ന്ന് തരിപ്പണം ആയത്. ഇതിനെ തുടര്‍ന്ന് ഇതിന്റെ അവശിഷ്ടങ്ങള്‍ ഇവയുടെ ചുറ്റുമുള്ള ഭ്രമണ പഥങ്ങളിലൂടെ അതിവേഗം സഞ്ചരിക്കുന്നതായി റഡാറുകള്‍ കണ്ടെത്തി. ഇടി നടന്ന സ്ഥലത്തു നിന്നും കേവലം 215 മൈല്‍ മാത്രം മുകളില്‍ ഉള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ഈ അവശിഷ്ടങ്ങള്‍ മൂലം ഭീഷണി ഉണ്ടാവും എന്ന് ശാസ്ത്ര ലോകം ആശങ്കപ്പെടുന്നു. ഈ നിലയത്തില്‍ ഇപ്പോള്‍ മൂന്ന് ബഹിരാകാശ സഞ്ചാരികള്‍ ഉണ്ട്.
ആസ്ത്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തം ആയി പടര്‍ന്നു പിടിച്ച കാട്ടു തീയില്‍ ഇതു വരെ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു. ആസ്ത്രേലിയയിലെ വിക്ടോറിയാ പ്രവിശ്യയിലാണ് ലോകത്തെ ഞെട്ടിച്ച ഈ കാട്ടു തീ പടരുന്നത്. മുപ്പത്തി ഒന്ന് ഇടങ്ങളിലായി ആളി കത്തുന്ന തീ അണക്കാന്‍ ആഴ്ചകള്‍ വേണ്ടി വരും എന്നാണ് നിഗമനം. ഔദ്യോഗിക കണക്ക് അനുസരിച്ച് 108 പേര്‍ കൊല്ലപ്പെട്ടു എന്നാണെങ്കിലും കത്തിക്കരിഞ്ഞ വീടുകള്‍ പരിശോധിച്ചു കഴിയുമ്പോഴേക്കും മരണ സംഖ്യ ഇനിയും ഉയരാന്‍ ആണ് സാധ്യത. ശനിയാഴ്ച തുടങ്ങിയ കാട്ടു തീ 750ഓളം വീടുകള്‍ ആണ് കത്തിച്ചു ചാമ്പല്‍ ആക്കിയത്. മൂന്നര ലക്ഷം ഹെക്ടര്‍ ഭൂമിയോളം പരന്നു കിടക്കുന്ന നാശത്തിനു പിന്നില്‍ കൊള്ളി വെപ്പുകാരുടെ കൈകള്‍ ആണെന്ന് ആസ്ത്രേലിയന്‍ പ്രധാന മന്ത്രി കെവിന്‍ റുഡ്ഡ് അറിയിച്ചു. പലയിടങ്ങളിലും മനഃപൂര്‍വ്വം കൊള്ളി വെപ്പുകാര്‍ തന്നെയാണ് തീ തുടങ്ങിയതത്രെ. ചില സ്ഥലങ്ങളില്‍ കത്തി അമര്‍ന്ന തീ ഇവര്‍ വീണ്ടും കത്തിക്കുകയും ചെയ്തു.
അമേരിക്കന്‍ സെനറ്റിനു മുന്നില്‍ ഉള്ള ഒരു ബില്ലിന് അംഗീകാരം ലഭിക്കുന്നതോടെ അമേരിക്കന്‍ കമ്പനികളില്‍ ജോലി ചെയ്യുന്ന ആയിര കണക്കിന് ഇന്ത്യന്‍ ഐ. ടി. വിദഗ്ധര്‍ക്ക് ഭീഷണിയാവും. സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ അമേരിക്കന്‍ സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കുന്ന കമ്പനികള്‍ എച് വണ്‍ ബി വിസ ഉള്ള വിദേശ തൊഴിലാളികളെ നിയമിക്കുന്നതില്‍ നിന്നും വിലക്കുന്നതാണ് ഈ ബില്ലിലെ ഒരു നിബന്ധന. അമേരിക്കന്‍ സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്ന സ്ഥാപനങ്ങള്‍ അമേരിക്കന്‍ പൌരന്മാരുടെ തൊഴില്‍ അവസരങ്ങള്‍ക്ക് മുന്‍ തൂക്കം നല്‍കണം എന്നതാണ് പ്രസ്തുത നിബന്ധനകള്‍ മുന്നോട്ട് വെച്ച സെനറ്റര്‍മാരുടെ അഭിപ്രായം. രാജ്യം കടന്നു പോകുന്ന ഈ വിഷമ ഘട്ടത്തില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് അമേരിക്കന്‍ തൊഴിലാളികളെ സംരക്ഷിക്കാന്‍ ഉള്ള ധാര്‍മ്മിക ബാധ്യത ഉണ്ട് എന്നും ഇവര്‍ പറയുന്നു.
ഭീകര വാദികളെ തങ്ങളുടെ മണ്ണില്‍ നിന്നും എന്നെന്നേക്കും ആയി തുടച്ചു നീക്കാനുള്ള തങ്ങളുടെ ഉദ്യമം വിജയത്തിന്റെ വക്കത്തെത്തി നില്‍ക്കുകയാണ് എന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്ഷ പ്രസ്താവിച്ചു. പുലികളുടെ അധീനതയില്‍ ഉള്ള പ്രദേശങ്ങള്‍ പൂര്‍ണ്ണമായി തിരിച്ചു പിടിച്ചു കഴിഞ്ഞാല്‍ അവിടങ്ങളിലെ തമിഴ് വംശജര്‍ക്ക് തുല്യതയും എല്ലാ അവകാശങ്ങളും നല്‍കാന്‍ തങ്ങള്‍ പ്രതിജ്ഞാ ബദ്ധമാണ് എന്നും അദ്ദേഹം പറഞ്ഞു. കിളിനോച്ചി, എലിഫന്റ് പാസ്, മുളൈത്തിവു എന്നീ പുലികളുടെ ശക്തി കേന്ദ്രങ്ങള്‍ ഒന്നൊന്നായി സൈന്യത്തിന്റെ പിടിയില്‍ ആയി. ഇത് തങ്ങളുടെ മാതൃരാജ്യത്തു നിന്നും ഭീകരതയുടെ അന്ത്യം കുറിച്ച് ജനതക്ക് യഥാര്‍ത്ഥം ആയ സ്വാതന്ത്ര്യം പ്രദാനം ചെയ്യും എന്ന് ശ്രീലങ്കന്‍ സ്വാതന്ത്ര ദിനത്തില്‍ രാഷ്ട്രത്തിനോടുള്ള തന്റെ സന്ദേശത്തില്‍ പ്രസിഡന്റ് അറിയിച്ചു. തങ്ങളുടെ ജന്മ നാട്ടില്‍ തമിഴ് ഭീകരര്‍ ബന്ദികളായി വെച്ചിരിക്കുന്ന നിരപരാധികളായ തമിഴ് വംശജരെ ഉടന്‍ തന്നെ സൈന്യം മോചിപ്പിക്കും. ഭരണഘടന അനുശാസിക്കുന്ന തുല്യതയും അവകാശങ്ങളും ഇവര്‍ക്കും ലഭ്യം ആകുകയും ചെയ്യും എന്നും അദ്ദേഹം അറിയിച്ചു.
ഇസ്രയേലിന്റെ യുദ്ധ വിമാനങ്ങള്‍ ഗാസയില്‍ ഹമാസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തെ ഒരു ഒഴിഞ്ഞ പോലീസ് സ്റ്റേഷന്‍ ബോംബ് ചെയ്തു തകര്‍ത്തു. ഹമാസിന്റെ വെടി വെപ്പിന് തങ്ങള്‍ മറുപടി നല്‍കും എന്ന് ഇസ്രയേല്‍ പറഞ്ഞതിന് മണിക്കൂറുകള്‍ക്ക് ഉള്ളില്‍ ആണ് ഈ പുതിയ സംഭവ വികാസം നടന്നിരിക്കുന്നത്. എന്നാല്‍ ഈ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടതായി സൂചനയില്ല. ഇത്തരം നിരവധി ആക്രമണങ്ങള്‍ തങ്ങള്‍ ഗാസയില്‍ ഉടനീളം തങ്ങള്‍ നടത്തിയതായി ഇസ്രയേല്‍ അവകാശപ്പെട്ടു. തങ്ങള്‍ വെടി നിര്‍ത്തിയതിന് ശേഷവും ഹമാസ് തുടരുന്ന റോക്കറ്റ് ആക്രമണത്തിന് തങ്ങള്‍ ആനുപാതികം അല്ലാത്ത തിരിച്ചടി തന്നെ നല്‍കും എന്ന് ഇസ്രയേല്‍ പ്രധാന മന്ത്രി എഹൂദ് ഓള്‍മെര്‍ട്ട് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ ആക്രമണം നടന്നത്.
























