കാലിഫോര്‍ണിയ : നാസയുടെ ഗവേഷണ ഉപഗ്രഹമായ യു. എ. ആര്‍. എസ്. (UARS – Upper Atmosphere Research Satellite) ഇന്ന് ഭൂമിയുടെ അന്തരീക്ഷത്തില്‍ പുനപ്രവേശനം ചെയ്യും. എന്നാല്‍ ഇത് ഭൂമിയില്‍ എവിടെ ആയിരിക്കും വീഴുക എന്ന് വ്യക്തമായി പറയുവാന്‍ നാസയുടെ ശാസ്ത്രജ്ഞര്‍ക്ക് കഴിയുന്നില്ല. ഭൂമിയില്‍ പതിക്കുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പ് മാത്രമേ ഇത് സംബന്ധിച്ച് കൃത്യമായി പ്രവചിക്കാന്‍ കഴിയൂ എന്നാണ് നാസ അറിയിക്കുന്നത്.
ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതോടെ ഉപഗ്രഹം പല കഷണങ്ങളായി പൊട്ടിത്തെറിക്കും. ഇത്തരം 26 കഷണങ്ങള്‍ വരെ ഉണ്ടാവാം എന്നാണ് അനുമാനം. ഓരോ കഷണവും 500 കിലോ ഭാരം വരും. മണിക്കൂറില്‍ 27000 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഈ കഷണങ്ങള്‍ ഉണ്ടാക്കാവുന്ന ആഘാതം അതിശക്തമായിരിക്കും. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ഭൂമിയിലേക്ക് തിരികെ വരുന്ന ഏറ്റവും വലിയ ഉപഗ്രഹമാണിത്.
സുരക്ഷയ്ക്ക് തങ്ങള്‍ ഏറ്റവും അധികം മുന്‍ഗണന നല്‍കുന്നു എന്ന് പറയുന്ന നാസയ്ക്ക് പക്ഷെ അപകടം ഒഴിവാക്കാനായി പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ കഴിയില്ല. ഇതിന്റെ പാത തിരിച്ചു വിടാനോ നിയന്ത്രിക്കാനോ തങ്ങള്‍ക്ക് കഴിവില്ല എന്ന് നാസ ഔദ്യോഗികമായി സമ്മതിക്കുന്നുണ്ട്. സമുദ്രത്തിലോ ആള്‍താമസം ഇല്ലാത്ത ഏതെങ്കിലും പ്രദേശത്തോ തങ്ങളുടെ ഉപഗ്രഹം പതിക്കണേ എന്ന് പ്രാര്‍ഥിക്കാന്‍ മാത്രമേ നാസയ്ക്ക് കഴിയൂ.