മേരിലാന്‍ഡ് : ഈ വര്ഷം അവസാനത്തോടെ ഭൂമിക്ക് ഒരു സൂര്യന്‍ കൂടി ഉണ്ടാവാം എന്ന് ശാസ്ത്രജ്ഞര്‍ അറിയിക്കുന്നു. ബെതെല്‍ഗെവൂസ് എന്ന നക്ഷത്രം ഒരു സൂപ്പര്‍ നോവയായി പരിണമിക്കുന്നതോടെയാവും ഇത് സംഭവിക്കുക. രാത്രി കാലത്ത് ആകാശത്തില്‍ തെളിയുന്ന നക്ഷത്രങ്ങളില്‍ ഏറ്റവും തിളക്കമേറിയ ഒന്‍പതാമത്തെ നക്ഷത്രമാണ് ബെതെല്‍ഗെവൂസ്. ഓറിയോണ്‍ നക്ഷത്ര സമൂഹത്തിലെ ഇടവും തിളക്കമേറിയ രണ്ടാമത്തെ നക്ഷത്രം കൂടിയാണ് ബെതെല്‍ഗെവൂസ്. മുകളിലെ ഓറിയോണ്‍ നക്ഷത്ര സമൂഹത്തിന്റെ ചിത്രത്തില്‍ മുകളില്‍ കാണുന്ന ചുവന്ന നക്ഷത്രമാണ് ബെതെല്‍ഗെവൂസ്. ആയുസ് തീരാറായ ബെതെല്‍ഗെവൂസ് അണയുന്നതിന് മുന്‍പ് ഒരു വലിയ പൊട്ടിത്തെറിയോടെ ആളിക്കത്തും. 640 പ്രകാശ വര്‍ഷങ്ങള്‍ക്ക് അകലെ ആണെങ്കിലും ഈ പൊട്ടിത്തെറി ഭൂമിയിലെ രാത്രിയെ പ്രകാശ പൂരിതമാക്കും. ഏതാനും ആഴ്ചകള്‍ ഭൂമിയില്‍ രണ്ടു സൂര്യന്മാര്‍ പ്രഭ ചൊരിയുന്ന ഫലമാവും ഉണ്ടാവുക.
(മുകളിലെ ചിത്രം ബെതെല്‍ഗവൂസ് നക്ഷത്രത്തിന്റെ വലിപ്പം വ്യക്തമാക്കുന്നു. ചുവന്ന അമ്പടയാളത്തിന്റെ നേരെയുള്ള ഒരു സൂചി മുനയുടെ വലിപ്പമേ നമ്മുടെ സൂര്യനുള്ളൂ.)
എന്നാല്‍ ഇത് എന്നാണ് സംഭവിക്കുക എന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്. ഒരു വര്‍ഷത്തിനകം ഇത് സംഭവിക്കാം. എന്നാല്‍ ഇത് അടുത്ത പത്തു ലക്ഷം വര്‍ഷങ്ങള്‍ വരെ നീണ്ടു പോയെന്നും വരാം.
- ജെ.എസ്.