മേരിലാന്‍ഡ് : ഭൂമിയില്‍ ജീവന്‍ എത്തിയത് ബഹിരാകാശ മാര്‍ഗ്ഗമാണ് എന്ന് നാസ ഇന്നലെ വെളിപ്പെടുത്തിയ ചില പഠന രേഖകള്‍ വിശദമാക്കുന്നു. നമ്മുടെ സൗരയൂഥത്തിനു പുറമേ നിന്നും വന്നു ഭൂമിയില്‍ പതിച്ച വന്‍ ഉല്‍ക്കകളിലൂടെ ജീവന്റെ ഉത്ഭവത്തിന് കാരണമായ ആദ്യ രാസ കണങ്ങള്‍ ഭൂമിയില്‍ എത്തി എന്നാണ് ഈ പഠനങ്ങള്‍ പറയുന്നത്. എല്ലാ ജീവികളിലും കാണുന്ന പ്രോട്ടീനുകളിലെ നൈരന്തര്യമുള്ള രാസ ഘടകമാണ് അമിനോ അമ്ലങ്ങള്‍. ഇവയുടെ ഘടന പരിശോധിച്ചാണ് ഈ നിഗമനത്തില്‍ എത്തിയിട്ടുള്ളത്. ഇവ ഇടതു പക്ഷമായും വലതു പക്ഷമായും ഉണ്ടാവാമെങ്കിലും ഭൂമിയില്‍ ഇടതു പക്ഷ രാസ ഘടനയുള്ള അമിനോ അമ്ലങ്ങള്‍ മാത്രമേ കാണാറുള്ളൂ. ഇത്തരം ഇടതു പക്ഷ ഘടനയുള്ള അമിനോ അമ്ലമായ ഐസോവാലിന്‍ വന്‍ തോതില്‍ ഒരു ഉല്‍ക്കയില്‍ കാണപ്പെട്ടതോടെയാണ് ഈ ഗവേഷണത്തിന് വഴിത്തിരിവായത്. തുടര്‍ന്ന് നടന്ന പരീക്ഷണങ്ങള്‍ ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല എന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ചരിത്രാതീത കാലഘട്ടത്തില്‍ ഇത്തരം ഒരു വന്‍ ഉല്‍ക്കാ വര്‍ഷം ഭൂമിയില്‍ നടന്നിരിക്കാം എന്നാണ് നിഗമനം.
- ജെ.എസ്.