വിന്‍ഡ്‌ഹൂക് : നമീബിയയിലെ വിജനമായ പുല്‍മേട്ടില്‍ ഒരു നിഗൂഢ ഗോളം ആകാശത്തില്‍ നിന്നും പതിച്ചു. 35 സെന്റീമീറ്റര്‍ വ്യാസവും 6 കിലോഗ്രാം തൂക്കവുമുള്ള ഈ ലോഹ ഗോളം നമീബിയന്‍ തലസ്ഥാനമായ വിന്‍ഡ്‌ഹൂക് നഗരത്തില്‍ നിന്നും ഏതാണ്ട് 750 കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമത്തിലാണ് പെട്ടെന്ന് ഒരു ദിവസം ആകാശത്തില്‍ നിന്നും താഴെ വീണത്. പരിഭ്രാന്തരായ അധികൃതര്‍ വിവരം നാസയും യൂറോപ്യന്‍ ശൂന്യാകാശ ഏജന്‍സിയേയും അറിയിച്ചിട്ടുണ്ട്.
ഏതാനും ദിവസങ്ങള്‍ മുന്‍പ് വലിയ സ്ഫോടന ശബ്ദങ്ങള്‍ കേട്ടിരുന്നതായി ഗ്രാമ വാസികള്‍ പറയുന്നു.
ഈ ഗോളം സ്ഫോടക വസ്തുവല്ല എന്ന് പോലീസ് പറഞ്ഞു. ഇത് പോലെയുള്ള ഗോളങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത് പോലെ ആകാശത്തില്‍ നിന്നും പതിച്ചിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
- ജെ.എസ്.