കാബൂള്‍: അഫ്‌ഗാനിസ്ഥാനിലെ ഹെല്‍മന്ദ് പ്രവിശ്യയില്‍ പാതയോരത്ത് ഉണ്‌ടായ ബോംബ് സ്‌ഫോടനത്തില്‍ ആറു സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ തെക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ നിമ്രോസില്‍ യാത്രാ ബസ് കുഴി ബോംബ് സ്‌ഫോടനത്തില്‍ തകര്‍ന്ന് സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ 20 പേര്‍ മരിച്ചു. കാണ്‌ഡഹാറിലേയ്‌ക്കുള്ള ദേശീയ പാതയിലാണ് സംഭവം. പ്രവിശ്യയിലെ ഖാഷ് റോഡ് ജില്ലയിലാണ് സിവിലിയന്‍മാര്‍ സഞ്ചരിച്ചിരുന്ന ബസ് കുഴി ബോംബ് സ്‌ഫോടനത്തില്‍ തകര്ന്നത്. ആക്രമണത്തിന്റെ പിന്നില്‍ താലിബാന്‍ തീവ്രവാദികളാണെന്ന് സുരക്ഷാ സേന പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്വം ഇതു വരെ താലിബാന്‍ ഏറ്റെടുത്തിട്ടില്ല.