18 വയസുള്ള സ്വന്തം മകളെ തടവില്‍ വച്ചു 24 വര്‍ഷമായി പതിവായി ബലാത്സംഗം ചെയ്ത 73കാരനായ പിതാവിനെ Austria യില്‍ പോലീസ് പിടികൂടി. ഇതിനിടയില്‍ സ്വന്തം പിതാവായ ജോസഫ് ഫ്രിസ്ലിന്റെ ഏഴ് കുഞ്ഞുങ്ങള്‍ക്ക് മകള്‍ എലിസബെത് ജന്മം നല്‍കി. ജനിച്ച ഉടന്‍ മരിച്ച ഒരു കുഞ്ഞിനെ ഇയാള്‍ തീയിലിട്ട് നശിപ്പിച്ചു എന്നും പോലീസ് അറിയിച്ചു.
24 വര്‍ഷമായി സൂര്യപ്രകാശം കാണാത്ത വീടിനടിയിലുള്ള തടവറയിലാണ് എലിസബെത്തും മൂന്ന് മക്കളും കഴിഞ്ഞിരുന്നത്. മറ്റ് മൂന്ന് മക്കളെ ഇയാളും ഭാര്യയും നിയമപരമായി ദത്തെടുത്ത് ഇവരോടൊപ്പം ഇതേ തടവറയ്ക്ക് മുകളിലുള്ള വീട്ടില്‍ താമസിച്ച് വരികയായിരുന്നു. ഇയാളുടെ ഭാര്യക്കും മറ്റ് വീട്ടില്‍ വരാറുള്ള ബന്ധുക്കള്‍ക്കും ഇങ്ങനെ ഒരു കൊടും ക്രൂരത അവിടെ നടക്കുന്ന കാര്യത്തെ പറ്റി ഒരു സംശയവും തോന്നാത്ത വിധം സമര്‍ഥമായാണ് ഇയാള്‍ കാര്യങ്ങളെല്ലാം കൊണ്ട് നടന്നത്. സുസജ്ജമായ ഒരു സെക്യൂറിറ്റി സിസ്റ്റം ഘടിപ്പിച്ച ഈ തടവറ എഞ്ചിനിയറായ ഇദ്ദേഹത്തിന്റെ സൂക്ഷ്മമായ നിരീക്ഷണത്തിലായിരുന്നു ഇത്രയും കാലം. അതേ വീടിന്റെ മറ്റു ഭാഗങ്ങള്‍ ഇയാള്‍ വാടകക്കും നല്‍കിയിരുന്നുവെങ്കിലും വിശാലമായ പൂന്തോട്ടത്തിലും മറ്റും വേറെ ആര്‍ക്കും പ്രവേശനമില്ലയിരുന്നു. ഇവിടെ ഫോട്ടോ എടുക്കുന്നതില്‍ നിന്നും എല്ലാവരേയും വിലക്കിയിരുന്നു. വീടിനടിയിലെ തടവറയിലേക്ക് പുറകുവശത്തെ പൂന്തോട്ടത്തില്‍ നിന്നും പ്രവേശിക്കാം എന്നതായിരുന്നു ഇതിന് കാരണം.
ഇവര്‍ക്ക് വേണ്ട ഭക്ഷണവും വെള്ളവും മറ്റും ഇയാള്‍ രാത്രി സമയങ്ങളില്‍ രഹസ്യമായി വീടിന്റെ പിന്‍ ഗേറ്റിലൂടെ എത്തിക്കുന്നത് അയല്‍ക്കാര്‍ കണ്ടതായ് പോലീസിനോട് പറഞ്ഞു. എന്നാല്‍ സ്ഥലത്തെ മാന്യനായ ഒരു വീട്ടുടമസ്ഥനും, മൂന്ന് മക്കളുടെ സ്നേഹ സമ്പന്നനായ മുത്തഛനും ആയ ഇയാളെ ആരും സംശയിച്ചില്ല.
തങ്ങളുടെ മകള്‍ ഏതോ ഒരു പ്രാര്‍ഥനാ സംഘത്തില്‍ ചേരാന്‍ പോയി എന്നാണ് ഇയാള്‍ ഭാര്യയേയും മറ്റും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. മൂന്ന് മക്കളെ വീടിന്റെ പടിക്കല്‍ കൊണ്ട് വെച്ച് മകളുടെ ശബ്ദത്തില്‍ തന്റെ ഭാര്യക്ക് ഫോണ്‍ ചെയ്ത് തന്റെ മക്കളെ അമ്മ ഏറ്റെടുത്ത് വളര്‍ത്തണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. അങ്ങനെ ഈ മൂന്ന് മക്കളെ ഇവര്‍ നിയമപരമായി ദത്തെടുത്ത് തങ്ങളുടെ പേരമക്കളായി വളര്‍ത്തി വരികയായിരുന്നു.
നാസി അതിക്രമത്തിന്റെ ആദ്യത്തെ ഇരയായിരുന്നു Austria. 1938ല്‍ നാസികള്‍ Austria ആക്രമിക്കുമ്പോള്‍ ഫ്രിസ്ലര്‍ക്ക് 3 വയസായിരുന്നു. തന്റെ പട്ടണത്തെ സഖ്യ കക്ഷികള്‍ ബോംബിട്ട് നശിപ്പിച്ചത് നേരിട്ട് അനുഭവിച്ച ഇയാളുടെ മനസ്സിനെ രണ്ടാം ലോക മഹായുദ്ധത്തിന്റെ ആഘാതം ആഴത്തിലുണ്ടാവാം എന്ന് മനശ്ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും അടിച്ചമര്‍ത്തലുകളും നാസി കാലഘട്ടത്തില്‍ പ്രചരിച്ചിരുന്ന യുദ്ധ തന്ത്രം തന്നെയായിരുന്നു. ലക്ഷക്കണക്കിന് യഹൂദന്മാരെ വിഷവാതകമേല്‍പ്പിച്ച് കൊന്നൊടുക്കിയിരുന്നത് ഫ്രിസ്ലറുടെ പട്ടണത്തിന് വളരെ അടുത്തായിരുന്നു. തനിക്കെതിരെ എന്തെങ്കിലും ചെയ്താല്‍ തടവറയില്‍ വിഷ വാതകം നിറച്ച് എല്ലാവരെയും കൊന്ന് കളയും എന്ന് ഇയാള്‍ കൂടെ കൂടെ എലിസബെത്തിനെ ഭീഷണിപ്പെടുത്തുമായിരുന്നുവത്രെ.
കേസ്റ്റിന്‍ (19), സ്റ്റെഫാന്‍ (18), ഫെലിക്സ് (5) എന്ന മറ്റ് മൂന്ന് മക്കള്‍ പുറം ലോകം കാണാതെയാണ് ഇത്രയും നാള്‍ വളര്‍ന്നത്. മനുഷ്യരെ പോലെ സംസാരിക്കാന്‍ അറിയാത്ത അവര്‍ പരസ്പരം മൃഗങ്ങളെ പോലെ മുരളുകയും കൂവുകയും മറ്റും ചെയ്താണത്രെ ആശയവിനിമയം ചെയ്ത് വന്നത്.
ഇവരുടെ അമ്മ തന്നാല്‍ കഴിയുന്ന പോലെ ഇവരെ ഭാഷയും മറ്റും പഠിപ്പിക്കുവാന്‍ ശ്രമിച്ചിരുന്നു. എന്നാലും മറ്റ് മനുഷ്യരുമായുള്ള സമ്പര്‍ക്കമില്ലാതിരുന്ന ഈ കുട്ടികള്‍ക്ക് സംസാരിക്കുവാന്‍ നന്നേ പാട് പെടേണ്ടി വരുന്നതായ് ഡോക്ടര്‍മാര്‍ പറഞ്ഞു. താരതമ്യേന ഇവര്‍ക്ക് എളുപ്പമായ മുരള്‍ച്ച തന്നെയാണ് ഇവര്‍ പരസ്പരം ആശയ വിനിമയത്തിന് ഇപ്പോഴും ഉപയോഗിക്കുന്നത്.
കേവലം 1.68 മീറ്റര്‍ മാത്രം ഉയരമുള്ള ഈ തടവറയില്‍ വളര്‍ന്ന ഇവര്‍ കൂനിഞ്ഞാണ് നടപ്പ്. അഞ്ച് വയസുകാരന്‍ ഫെലിക്സിന് നിവര്‍ന്ന് നടക്കാനാവുമെങ്കിലും കൂടുതല്‍ സമയവും മുട്ടുകാലില്‍ ഇഴഞ്ഞാണ് ഈ കുഞ്ഞും നടക്കുന്നത്.
തങ്ങളെ തങ്ങളുടെ തന്നെ അച്ഛന്‍ തടവില്‍ ഇട്ടിരിക്കുകയാണെന്ന് അറിയിക്കാതെയാണ് എലിസബെത്ത് തന്റെ മൂന്ന് മക്കളെ വളര്‍ത്തിയത്. പുറം ലോകമെന്തെന്നറിയാത്ത തന്റെ മക്കളോട് ജീവിതം ഇങ്ങനെയാണെന്നും ഇത് തികച്ചും സാധാരണ ജീവിതമാണെന്നും ഉള്ള രീതിയിലാണ് അവര്‍ പെരുമാറിയത്. തന്നാലാവുന്ന വിധം സ്വസ്ഥവും സാധാരണവുമായ ഒരു ജീവിതം അവര്‍ക്ക് നല്‍കാന്‍ ആ അമ്മ എപ്പോഴും ശ്രമിച്ചിരുന്നു.