ദുബായ് : കഴിഞ്ഞ ആഴ്ച ദുബായിലെ ഒരു ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ട ഹമാസ് കമാണ്ടര്‍ മഹ്മൂദ് അല്‍ മബ്ഹൂ വിന്റെ ഘാതകരെ ദുബായ് പോലീസ് കണ്ടെത്തി. പ്രൊഫഷണല്‍ കൊലയാളികള്‍ ആണ് കൊല ചെയ്തത് എങ്കിലും ഇവരെ തിരിച്ചറിയാന്‍ മതിയായ തെളിവുകള്‍ ഇവര്‍ അവശേഷിപ്പിച്ചിരുന്നു എന്ന് ദുബായ് പോലീസ് അധികൃതര്‍ പറഞ്ഞു. യൂറോപ്യന്‍ പാസ്പോര്‍ട്ടുകളുമായി ദുബായില്‍ നിന്നും കടന്നു കളഞ്ഞ ഇവരെ ഇന്റര്‍പോളിന്റെ സഹായത്താല്‍ പിടി കൂടാനുള്ള ശ്രമം നടക്കുന്നു.
ഇസ്രയേലി ഇന്റലിജന്‍സ് വിഭാഗമായ മൊസാദ് ആണ് കൊലക്ക് പിന്നില്‍ എന്ന് ഹമാസ് പറയുന്നു.
ജനുവരി 19ന് ഉച്ചയ്ക്ക് 03:15ന് ദുബായില്‍ എത്തിയ മഹമൂദിന്റെ മൃതദേഹം ജനുവരി 20 ന് ഉച്ചയ്ക്ക് ഹോട്ടല്‍ മുറിയില്‍ കാണപ്പെടുകയായിരുന്നു.കൊലയാളി സംഘം ഇയാളെ പിന്തുടര്‍ന്ന് വന്ന് കൊല നടത്തുകയായിരുന്നു എന്നാണ് നിഗമനം.
ഇതിനു മുന്‍പ് രണ്ടു തവണ ഇയാള ഇസ്രയേലി വധ ശ്രമങ്ങളെ അതിജീവിച്ചിട്ടുണ്ട്. ആറു മാസം മുന്‍പ് ബെയ്റൂട്ടില്‍ വെച്ച് വിഷം അകത്തു ചെന്ന നിലയില്‍ 30 മണിക്കൂറോളം ബോധരഹിതനായി കിടന്നിട്ടുണ്ട് ഇയാള്‍.
തലക്ക് വൈദ്യത പ്രഹരമേല്‍പ്പിച്ചാണ് കൊല നടത്തിയത് എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരിച്ചതിനു ശേഷം കഴുത്ത് ഞെരിക്കുകയും ചെയ്തു.
മറൊരു പേരിലാണ് മഹ്മൂദ് ദുബായില്‍ പ്രവേശിച്ചത്. എന്നാല്‍ യഥാര്‍ത്ഥ പേരില്‍ ഇയാള്‍ വന്നിരുന്നുവെങ്കില്‍ ഇയാള്‍ ആരാണെന്ന് തിരിച്ചറിയുകയും മതിയായ സുരക്ഷിതത്വം നല്‍കാന്‍ തങ്ങള്‍ക്ക് കഴിയുമായിരുന്നു എന്നും പോലീസ് അറിയിച്ചു.



ഡല്‍ഹി : പ്രധാന മന്ത്രിയുടെ ഓഫീസിലും ചൈന സൈബര്‍ ആക്രമണം നടത്തിയതായി സൂചന. എന്നാല്‍ ഇതിനായി ചൈനീസ് ഹാക്രമികള്‍ (ഹാക്ക് ചെയ്യുന്ന ആക്രമികള്‍) റഷ്യയിലെയും, ദക്ഷിണ അമേരിക്കയിലേയും, കാലിഫോര്‍ണിയയിലെയും ഗേറ്റ് വേകള്‍ ആണ് ഉപയോഗിച്ചത് എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പ്രധാന മന്ത്രിയുടെ ഓഫീസിലെ pmo@nic.in എന്ന ഈമെയില്‍ വായിക്കുവാനായി ഹാക്രമികള്‍ ശ്രമിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ ഉദ്യമം പരാജപ്പെട്ടു എന്നാണ് കരുതപ്പെടുന്നത്.
കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടയ്ക്ക് റഷ്യയില്‍ 17 മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഇതില്‍ ആകെ ഒരു കേസില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. ജനാധിപത്യ വ്യവസ്ഥിതി യിലേയ്ക്ക് മാറിയ ശക്തമായ ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം ഇത് തികച്ചും നാണക്കേട് ഉളവാക്കുന്ന കണക്കുകളാണ്. മാധ്യമ പ്രവര്‍ത്തകരുടെ സംരക്ഷണ സമിതി (കമ്മിറ്റി ടു പ്രൊട്ടെക്ട് ജേണലിസ്റ്റ്സ്) എന്ന സംഘടനയുടെ അന്വേഷണ റിപ്പോര്‍ട്ടാണ് ഈ ഞെട്ടിയ്ക്കുന്ന വസ്തുതകള്‍ പുറത്ത് കൊണ്ടു വന്നത്. മാധ്യമ പ്രവര്‍ത്തനത്തെ തുടര്‍ന്നുണ്ടായ ശത്രുതയാണ് ഈ കൊലപാത കങ്ങള്‍ക്ക് കാരണമായത് എന്ന് റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നു.
വംശീയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജന്‍ ഇക്രം ഹഖിനെ ആക്രമിച്ച ചെറുപ്പക്കാരുടെ സംഘത്തില്‍ പെണ്‍കുട്ടികളും ഉണ്ടായിരുന്നു എന്ന് പോലീസ് കണ്ടെത്തി. റമദാന്‍ ആയതിനാല്‍ തന്റെ ചെറുമകളുമായി പള്ളിയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെയാണ് ഒരു സംഘം ചെറുപ്പക്കാര്‍ ഇവരെ ആക്രമിച്ചത്. ഓഗസ്റ്റ് 31 ന് നടന്ന ആക്രമണത്തില്‍ തലക്ക് അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഇക്രം ഹഖ് പിന്നീട് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു എന്നാണ് കേസ്. ആക്രമണത്തെ തുടര്‍ന്ന് ഉണ്ടായ ഞെട്ടലില്‍ നിന്നും ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹം ഇനിയും മോചിതമായിട്ടില്ല. ഭയം മൂലം സംഭവം കണ്ടു നിന്ന ദൃക് സാക്ഷികള്‍ പോലും പോലീസിന് മൊഴി നല്‍കാന്‍ തയ്യാറായിട്ടില്ല എന്നത് കേസിനെ ദുര്‍ബലമാക്കുന്നു. പതിനഞ്ച് വയസിനു താഴെയുള്ള മൂന്ന് കുട്ടികള്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ഇവര്‍ കോടതിയില്‍ ഹാജരാകുകയും ചെയ്തിട്ടുണ്ട്. കൂടെ ഉണ്ടായിരുന്ന പെണ്‍കുട്ടികളെ പോലീസ് തിരയുകയാണ്.
നികുതി വെട്ടിപ്പ് നടത്തി പണം സ്വിസ്സ് ബാങ്കുകളില്‍ നിക്ഷേപിച്ച ഇന്ത്യാക്കാരുടെ വിവരങ്ങള്‍ തങ്ങള്‍ക്ക് കൈമാറണം എന്ന ഇന്ത്യാ സര്‍ക്കാരിന്റെ ആവശ്യം സ്വിസ്സ് ബാങ്കായ യു.ബി.എസ്. നിരാകരിച്ചു. അമേരിക്കയുടെ ആവശ്യ പ്രകാരം അമേരിക്കന്‍ ഇടപാടുകാരുടെ വിവരങ്ങള്‍ വെളിപ്പെടുത്താം എന്ന് യു.ബി.എസ്. സമ്മതിച്ചതിന് തൊട്ടു പുറകെയാണ് ഇന്ത്യയുടെ ആവശ്യം തള്ളിയത്. ഇത് സ്വിസ്സ് അധികൃതരുമായി ചര്‍ച്ച ചെയ്യും എന്ന് ധന മന്ത്രി പ്രണബ് മുഖര്‍ജി അറിയിച്ചു.
ഇസ്രയേല്‍ ആയുധ നിര്‍മ്മാണ സ്ഥാപനം ആയ ഇസ്രയേല്‍ മിലിട്ടറി ഇന്‍ഡസ്ട്രീസ് ഉള്‍പ്പടെ ഇന്ത്യയുമായി ആയുധ വ്യാപാരം നടത്തുന്ന ഏഴു സ്ഥാപനങ്ങളെ പ്രതിരോധ വകുപ്പ് മന്ത്രി എ. കെ. ആന്റണിയുടെ നിര്‍ദ്ദേശ പ്രകാരം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. സി. ബി. ഐ. നടത്തിയ അന്വേഷണത്തില്‍ കൈക്കൂലി ഇടപാടുകളുടെ വ്യക്തമായ സൂചനകള്‍ ലഭിച്ചതിന്റെ വെളിച്ചത്തില്‍ ആണ് ഈ നടപടി. സി. ബി. ഐ. യുടെ കുറ്റ പത്രം ഇനിയും തയ്യാറായിട്ടില്ല. എന്നാല്‍ സ്വകാര്യ ബാങ്ക് അക്കൌണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്തത് ഉള്‍പ്പടെ വ്യക്തമായ തെളിവുകള്‍ ആണ് അന്വേഷണത്തില്‍ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോപണ വിധേയമായ കമ്പനികളുമായുള്ള ഇടപാടുകള്‍ ഉടനടി മരവിപ്പിക്കാന്‍ പ്രതിരോധ മന്ത്രി എ. കെ. ആന്റണി ഉത്തരവ് നല്‍കുക ആയിരുന്നു എന്ന് പ്രതിരോധ വകുപ്പ് വക്താവ് സിതാന്‍ശു കര്‍ അറിയിച്ചു.
വംശീയ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ശ്രാവണ്‍ കുമാറിന്റെ നില അതീവ ഗുരുതരമായി തുടരുന്നതിന് ഇടയിലും ഓസ്ട്രേലിയയില്‍ ഇന്താക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടരുന്നു. ഇന്നലെ രാത്രി നടന്ന ഏറ്റവും അവസാനത്തെ സംഭവത്തില്‍ സിഡ്നിയിലെ ഹാരിസ് പാര്‍ക്കിലെ തന്റെ ഫ്ലാറ്റ് മുറിയില്‍ കട്ടിലില്‍ ഇരിക്കുകയായിരുന്ന രാജേഷ് കുമാര്‍ എന്ന ഇരുപത്തി അഞ്ചുകാരന്റെ നേരെ ഒരു അജ്ഞാതന്‍ പെട്രോള്‍ ബോംബ് എറിഞ്ഞു. ബോംബ് പൊട്ടിത്തെറിക്കുകയും തീ ആളി പടരുകയും ചെയ്തു. കത്തി പിടിച്ച തീയുമായി ഇയാള്‍ ഉറക്കെ നിലവിളിച്ചു കൊണ്ട് വീടിനു വെളിയിലേക്ക് ഓടിയതിനെ തുടര്‍ന്ന് ഇയാളുടെ അയല്‍ക്കാരന്‍ ഓടി എത്തുകയും ഒരു കരിമ്പടം കൊണ്ട് പുതപ്പിച്ച് തീ കെടുത്തുകയും ആയിരുന്നു. രാജേഷ് കുമാറിന്റെ ദേഹത്ത് 30 ശതമാനം പൊള്ളല്‍ ഏറ്റിട്ടുണ്ട്. 
പ്രേത ബാധ ഉണ്ടെന്ന സംശയത്തില്‍ മന്ത്ര വാദവും ബാധ ഒഴിപ്പിക്കലും നടത്തിയ കുടുംബത്തിന്റെ ദിവസങ്ങളോളം നീണ്ടു നിന്ന പീഢനത്തിന് ഒടുവില്‍ ഇരുപത്തി രണ്ടു കാരിയായ യുവതി കൊല്ലപ്പെട്ടു. കുടുംബാംഗങ്ങളായ ഒന്‍പത് പേരും ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ആണ്.
സോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ ബന്ദി ആക്കിയിരുന്ന അമേരിക്കന്‍ കപ്പിത്താനെ അമേരിക്കന്‍ നാവിക സേന രക്ഷപ്പെടുത്തി. കപ്പിത്താനെ ബന്ദി ആക്കിയിരുന്ന കൊള്ളക്കാരെ അമേരിക്കന്‍ സൈന്യം അകലെ നിന്നും വെടി വെച്ചിടുകയായിരുന്നു. കപ്പിത്താന്റെ ജീവന്‍ അപകടത്തില്‍ ആവുന്ന പക്ഷം കൊള്ളക്കാരെ ആക്രമിക്കാന്‍ നേരത്തെ അമേരിക്കന്‍ പ്രസിഡണ്ട് ബറക് ഒബാമ നാവിക സേനക്ക് അനുവാദം നല്‍കിയിരുന്നു. കൊള്ളക്കാരുമായും സോമാലിയയിലെ മുതിര്‍ന്നവരുമായും പലവട്ടം നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്നലെ കൊള്ളക്കാര്‍ തങ്ങളുടെ യന്ത്ര തോക്കുകള്‍ കപ്പിത്താന് നേരെ ചൂണ്ടിയതോടെ സൈന്യത്തിലെ വിദഗ്ദ്ധരായ തോക്കു ധാരികള്‍ കൊള്ളക്കാരെ ദൂരെ നിന്നു തന്നെ ഉന്നം വെച്ചു വീഴ്ത്തുകയായിരുന്നു.
























