ന്യൂയോര്‍ക്ക് : ശ്രീലങ്കയില്‍ തമിഴ് പുലികള്‍ക്ക് നേരെ നടത്തിയ ആഭ്യന്തര യുദ്ധത്തിന്റെ അവസാന നാളുകളില്‍ വ്യാപകമായ യുദ്ധ കുറ്റകൃത്യങ്ങള്‍ നടന്നു എന്നതിന് പുതിയ തെളിവുകള്‍ ലഭിച്ചതായി ഹ്യൂമന്‍ റൈറ്റ്സ് വാച് എന്ന അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടന അറിയിച്ചു. തമിഴ് പുലികളുടെ രാഷ്ട്രീയ വിഭാഗം അംഗമായ ഒരാളെ ശ്രീലങ്കന്‍ സൈന്യം പിടിച്ചു കെട്ടി ചോദ്യം ചെയ്യുന്ന ഫോട്ടോകളാണ് പുറത്തു വന്നിരിക്കുന്നത്. ചോരയില്‍ കുളിച്ച്, ദേഹം ആസകലം മുറിവുകളുമായി ആദ്യ രണ്ടു ഫോട്ടോകളില്‍ കാണപ്പെടുന്ന ഇയാള്‍ പിന്നീടുള്ള ഫോട്ടോകളില്‍ മരിച്ച നിലയില്‍ കാണപ്പെടുന്നു. അവസാന ഫോട്ടോകളില്‍ ദേഹത്തും ശിരസ്സിലും കൂടുതല്‍ മുറിവുകളും കാണാം.
ബ്രസ്സല്‍സ് ആസ്ഥാനമായ ഇന്റര്‍നാഷനല്‍ ക്രൈസിസ് സെന്റര്‍ സമാനമായ ഒരു റിപ്പോര്‍ട്ട് പുറപ്പെടുവിച്ചതിന് തൊട്ടു പിന്നാലെയാണ് ഈ റിപ്പോര്‍ട്ട് വന്നിട്ടുള്ളത്. മുപ്പതു വര്‍ഷത്തോളം നീണ്ടു നിന്ന ആഭ്യന്തര യുദ്ധത്തിന്റെ അവസാന അഞ്ചു മാസങ്ങളില്‍ സ്ത്രീകളും കുട്ടികളും വൃദ്ധരും അടക്കം പതിനായിര ക്കണക്കിന് തമിഴ് വംശജരെ കൊന്നൊടുക്കി യതായ് ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ശ്രീലങ്കന്‍ സര്‍ക്കാരിലെ ഉന്നതര്‍ക്കും സൈന്യത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഈ കൂട്ടക്കൊലയില്‍ പങ്കുണ്ടെന്നും ഈ തെളിവുകള്‍ വിരല്‍ ചൂണ്ടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.



ദുബായ് : ഹമാസ് നേതാവ് മഹമൂദ് അല്‍ മബ്ഹൂവ് ദുബായില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് 11 പേരെ തിരിച്ചറിഞ്ഞി ട്ടുണ്ടെന്ന് ദുബായ് പോലീസ് മേധാവി ലെഫ്റ്റന്‍റ് ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം അറിയിച്ചു. ആറ് ബ്രിട്ടീഷുകാരും ഒരു ഫ്രഞ്ച് കാരനും ഒരു ജര്‍മന്‍ കാരനും ഒരു സ്ത്രീ ഉള്‍പ്പടെ മൂന്ന് ഐറിഷ്കാരുമാണ് കൊലപാതകത്തില്‍ പങ്കാളികളായത്. കൊലപാതകം നടത്തിയ ശേഷം ഇവര്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടക്കുകയായിരുന്നു. ഇവരെ പിടികൂടാനായി ഇന്‍റര്‍പോളിന്‍റെ സഹായം തേടിയിട്ടുണ്ടെന്നും ദാഹി ഖല്‍ഫാന്‍ അറിയിച്ചു.
മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന അക്രമത്തിന് പ്രതികാരം എന്നവണ്ണം ഒരു കൂട്ടം ഇന്ത്യന്‍ ഹാക്കര്‍മാര്‍ ഓസ്ട്രേലിയക്കെതിരെ ഓണ്‍ ലൈന്‍ യുദ്ധത്തില്‍ ഏര്‍പ്പെടുന്നു എന്ന് സൂചന. ഹാക്കേഴ്സ് യൂണിയന്‍ ഓഫ് ഇന്ത്യ എന്ന സംഘമാണ് ഇതിനു പിന്നില്‍ എന്നാണ് സംശയം. ഇവരുടെ ആക്രമണത്തിന് ഇരയായ ഓസ്ട്രേലിയയിലെ മെല്‍ബണ്‍ നഗരത്തിലെ വ്യവസായ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത് എന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓസ്ട്രേലിയന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

ദുബായ് : കഴിഞ്ഞ ആഴ്ച ദുബായിലെ ഒരു ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ട ഹമാസ് കമാണ്ടര്‍ മഹ്മൂദ് അല്‍ മബ്ഹൂ വിന്റെ ഘാതകരെ ദുബായ് പോലീസ് കണ്ടെത്തി. പ്രൊഫഷണല്‍ കൊലയാളികള്‍ ആണ് കൊല ചെയ്തത് എങ്കിലും ഇവരെ തിരിച്ചറിയാന്‍ മതിയായ തെളിവുകള്‍ ഇവര്‍ അവശേഷിപ്പിച്ചിരുന്നു എന്ന് ദുബായ് പോലീസ് അധികൃതര്‍ പറഞ്ഞു. യൂറോപ്യന്‍ പാസ്പോര്‍ട്ടുകളുമായി ദുബായില്‍ നിന്നും കടന്നു കളഞ്ഞ ഇവരെ ഇന്റര്‍പോളിന്റെ സഹായത്താല്‍ പിടി കൂടാനുള്ള ശ്രമം നടക്കുന്നു.
ഡല്‍ഹി : പ്രധാന മന്ത്രിയുടെ ഓഫീസിലും ചൈന സൈബര്‍ ആക്രമണം നടത്തിയതായി സൂചന. എന്നാല്‍ ഇതിനായി ചൈനീസ് ഹാക്രമികള്‍ (ഹാക്ക് ചെയ്യുന്ന ആക്രമികള്‍) റഷ്യയിലെയും, ദക്ഷിണ അമേരിക്കയിലേയും, കാലിഫോര്‍ണിയയിലെയും ഗേറ്റ് വേകള്‍ ആണ് ഉപയോഗിച്ചത് എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പ്രധാന മന്ത്രിയുടെ ഓഫീസിലെ pmo@nic.in എന്ന ഈമെയില്‍ വായിക്കുവാനായി ഹാക്രമികള്‍ ശ്രമിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ ഉദ്യമം പരാജപ്പെട്ടു എന്നാണ് കരുതപ്പെടുന്നത്.
കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടയ്ക്ക് റഷ്യയില്‍ 17 മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഇതില്‍ ആകെ ഒരു കേസില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. ജനാധിപത്യ വ്യവസ്ഥിതി യിലേയ്ക്ക് മാറിയ ശക്തമായ ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം ഇത് തികച്ചും നാണക്കേട് ഉളവാക്കുന്ന കണക്കുകളാണ്. മാധ്യമ പ്രവര്‍ത്തകരുടെ സംരക്ഷണ സമിതി (കമ്മിറ്റി ടു പ്രൊട്ടെക്ട് ജേണലിസ്റ്റ്സ്) എന്ന സംഘടനയുടെ അന്വേഷണ റിപ്പോര്‍ട്ടാണ് ഈ ഞെട്ടിയ്ക്കുന്ന വസ്തുതകള്‍ പുറത്ത് കൊണ്ടു വന്നത്. മാധ്യമ പ്രവര്‍ത്തനത്തെ തുടര്‍ന്നുണ്ടായ ശത്രുതയാണ് ഈ കൊലപാത കങ്ങള്‍ക്ക് കാരണമായത് എന്ന് റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നു.
വംശീയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജന്‍ ഇക്രം ഹഖിനെ ആക്രമിച്ച ചെറുപ്പക്കാരുടെ സംഘത്തില്‍ പെണ്‍കുട്ടികളും ഉണ്ടായിരുന്നു എന്ന് പോലീസ് കണ്ടെത്തി. റമദാന്‍ ആയതിനാല്‍ തന്റെ ചെറുമകളുമായി പള്ളിയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെയാണ് ഒരു സംഘം ചെറുപ്പക്കാര്‍ ഇവരെ ആക്രമിച്ചത്. ഓഗസ്റ്റ് 31 ന് നടന്ന ആക്രമണത്തില്‍ തലക്ക് അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഇക്രം ഹഖ് പിന്നീട് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു എന്നാണ് കേസ്. ആക്രമണത്തെ തുടര്‍ന്ന് ഉണ്ടായ ഞെട്ടലില്‍ നിന്നും ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹം ഇനിയും മോചിതമായിട്ടില്ല. ഭയം മൂലം സംഭവം കണ്ടു നിന്ന ദൃക് സാക്ഷികള്‍ പോലും പോലീസിന് മൊഴി നല്‍കാന്‍ തയ്യാറായിട്ടില്ല എന്നത് കേസിനെ ദുര്‍ബലമാക്കുന്നു. പതിനഞ്ച് വയസിനു താഴെയുള്ള മൂന്ന് കുട്ടികള്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ഇവര്‍ കോടതിയില്‍ ഹാജരാകുകയും ചെയ്തിട്ടുണ്ട്. കൂടെ ഉണ്ടായിരുന്ന പെണ്‍കുട്ടികളെ പോലീസ് തിരയുകയാണ്.
നികുതി വെട്ടിപ്പ് നടത്തി പണം സ്വിസ്സ് ബാങ്കുകളില്‍ നിക്ഷേപിച്ച ഇന്ത്യാക്കാരുടെ വിവരങ്ങള്‍ തങ്ങള്‍ക്ക് കൈമാറണം എന്ന ഇന്ത്യാ സര്‍ക്കാരിന്റെ ആവശ്യം സ്വിസ്സ് ബാങ്കായ യു.ബി.എസ്. നിരാകരിച്ചു. അമേരിക്കയുടെ ആവശ്യ പ്രകാരം അമേരിക്കന്‍ ഇടപാടുകാരുടെ വിവരങ്ങള്‍ വെളിപ്പെടുത്താം എന്ന് യു.ബി.എസ്. സമ്മതിച്ചതിന് തൊട്ടു പുറകെയാണ് ഇന്ത്യയുടെ ആവശ്യം തള്ളിയത്. ഇത് സ്വിസ്സ് അധികൃതരുമായി ചര്‍ച്ച ചെയ്യും എന്ന് ധന മന്ത്രി പ്രണബ് മുഖര്‍ജി അറിയിച്ചു.

























