കഴിഞ്ഞ വര്‍ഷം ഏറ്റവും അധികം കമ്പ്യൂട്ടറുകളെ ആക്രമിച്ച വയറസ് ആയ കോണ്‍ഫിക്കര്‍ ഏപ്രില്‍ ഒന്നിന് വന്‍ നാശം വിതക്കും എന്ന് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വരുമ്പോഴും ഏപ്രില്‍ ഒന്നിന് പ്രത്യേകിച്ച് ഒന്നും പ്രകടമാകില്ല എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ അറിയിക്കുന്നത്. ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ കമ്പ്യൂട്ടറുകളില്‍ കയറി പറ്റിയതോടെയാണ് അടുത്ത ദിവസങ്ങളില്‍ ഈ വൈറസ് ഇത്രയേറെ പ്രശസ്തമായത്. ഏറ്റവും ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ നിലവിലുള്ള ഈ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ പോലും കയറി പറ്റാന്‍ കഴിഞ്ഞത് ഇതിന്റെ നിര്‍മ്മാതാക്കളുടെ വിജയവുമായി. ഒപ്പം സുരക്ഷാ സംവിധാനങ്ങളെ കൂടുതല്‍ ജാഗ്രതയോടെ പരിപാലിക്കേണ്ടതിന്റെ ആവശ്യം എല്ലാവര്‍ക്കും ബോധ്യപ്പെടാന്‍ ഒരു അവസരവും.
ആന്റി വയറസ് പ്രോഗ്രാമുകളുടെ ശ്രദ്ധയില്‍ പെടാതെ ഈ വയറസിന് ഒരു യു.എസ്.ബി. ഫ്ലാഷ് ഡ്രൈവില്‍ നിന്നും നേരിട്ട് കമ്പ്യൂട്ടര്‍ ശൃംഖലയിലേക്ക് കയറി പറ്റാന്‍ ആവുന്നു എന്നുള്ളതാണ് ഇതിന്റെ ഒരു പ്രത്യേകത. കൊണ്ടു നടക്കുവാന്‍ എളുപ്പവും ധാരാളം ശേഖരണ ശേഷിയുമുള്ള യു.എസ്.ബി. ഫ്ലാഷ് ഡ്രൈവുകള്‍ വഴിയാണ് ഈ വയറസ് കമ്പ്യൂട്ടറുകളെ ഏറ്റവും എളുപ്പം പകര്‍ന്ന് പിടിച്ചതും. മറ്റൊരു ശ്രദ്ധേയമായ വസ്തുത അനധികൃതമായ വിന്‍ഡോസ് ഉപയോക്താക്കളെയാണ് ഇത് ഏറ്റവും അധികം ബാധിച്ചത് എന്നതാണ്. സോഫ്റ്റ്വെയര്‍ കൊള്ള (piracy) തടയാന്‍ മൈക്രോസോഫ്റ്റ് ഇത്തരം അനധികൃത പകര്‍പ്പുകളെ ഏറ്റവും പുതിയ സുരക്ഷാ കൂട്ടിച്ചേര്‍ക്കലുകള്‍ (security patches) സ്വീകരിക്കുന്നതില്‍ നിന്നും തടഞ്ഞത് മൂലമാണ് ഇത്. സ്വന്തം കമ്പ്യൂട്ടറുകള്‍ ശരിയായ വിധം അപ്ഡേറ്റ് ചെയ്യാത്തവര്‍ക്കും ഇത് വിനയായി. അത്തരം കമ്പ്യൂട്ടറുകളെയാണ് ഈ വയറസ് ഏറ്റവും അധികം ബാധിച്ചത്.
ലോകമാകമാനം 12 മില്ല്യണിലേറെ കമ്പ്യൂട്ടറുകളെ ഇതിനോടകം ബാധിച്ചു കഴിഞ്ഞ ഈ വയറസിനെ നമുക്ക് തള്ളി കളയാന്‍ ആവില്ല. ഇതിന്റെ നാശം വിതക്കാന്‍ ഉള്ള കഴിവും അപാരമാണ്. എന്നാല്‍ ഇപ്പോള്‍ തന്നെ ഇത് ചെയ്യുവാന്‍ ഉള്ള കഴിവ് ഈ വയറസിന്റെ നിര്‍മ്മാതാക്കള്‍ക്ക് ഉണ്ട്. അത് കൊണ്ട് തന്നെ ഏപ്രില്‍ ഒന്നിന് ഇതിന്റെ സ്വഭാവത്തില്‍ വരുന്ന മാറ്റങ്ങള്‍ ഇതിനെ കൂടുതല്‍ നശീകരണത്തിന് പ്രാപ്തമാക്കില്ല എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇതിനെ തടയുവാന്‍ ഉള്ള ശ്രമങ്ങളെ ചെറുക്കുവാന്‍ മാത്രമെ ഈ വയറസിന് വരുന്ന മാറ്റങ്ങള്‍ ഉതകൂ. ഇത് വരുത്തുന്ന നാശം എപ്പോള്‍ വേണമെങ്കിലും ഇതിന്റെ നിര്‍മ്മാതാക്കള്‍ക്ക് കൂട്ടുകയോ അതിന്റെ ആക്രമണ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യാനാവും.
നിങ്ങളുടെ കമ്പ്യൂട്ടറില്‍ വയറസ് ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് മൈക്രോസോഫ്റ്റിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കാന്‍ കഴിയില്ല. അത് പോലെ തന്നെ മറ്റ് അനേകം ആന്റി വയറസ് സൈറ്റുകളിലേക്കും ഉള്ള പ്രവേശനം ഈ വയറസ് മുടക്കും. ഈ വയറസിനെ നശിപ്പിക്കാനും നിങ്ങളുടെ കമ്പ്യൂട്ടര്‍ വയറസ് വിമുക്തമാക്കാനും ഉള്ള നിര്‍ദ്ദേശങ്ങള്‍ ഇവിടെ ലഭ്യമാണ്.
എന്നാല്‍ ഈ സൈറ്റിലേക്കുള്ള പ്രവേശനവും വയറസ് നിരോധിച്ചിട്ടുണ്ട്. ഈ സൈറ്റ് നിങ്ങള്‍ക്ക് സന്ദര്‍ശിക്കാന്‍ ആവുന്നുണ്ടെങ്കില്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ വയറസ് ഇല്ല എന്ന് നിങ്ങള്‍ക്ക് മിക്കവാറും ഉറപ്പിക്കാം
മൈക്രോസോഫ്റ്റിന്റെ സൈറ്റില്‍ ലഭ്യമായ ഈ പ്രോഗ്രാം ഉപയോഗിച്ച് നിങ്ങള്‍ക്ക് നിങ്ങളുടെ കമ്പ്യൂട്ടറിലുള്ള കോണ്‍ഫിക്കറിനെ നശിപ്പിക്കാം.
ഈ വയറസിനെതിരെ ലഭ്യമായ മറ്റ് രണ്ട് പ്രോഗ്രാമുകള്‍ ഇവിടെയും ഇവിടെയും ഉണ്ട്.
ഈ വയറസിന്റെ പ്രവര്‍ത്തനത്തെ സൂക്ഷ്മമായി പഠിച്ച ഒരു വിയറ്റ്നാം സുരക്ഷാ കമ്പനി ഇതിന്റെ ഉല്‍ഭവം ചൈനയില്‍ നിന്നാണ് എന്ന് അറിയിക്കുന്നു. അവര്‍ സൌജന്യമായി ലഭ്യമാക്കിയ ആന്റിവയറസ് പ്രോഗ്രാം ഇവിടെ ലഭ്യമാണ്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്റര്‍നെറ്റ്, കുറ്റകൃത്യം