വാഷിംഗ്ടൺ : ചൈന ഇന്റർനെറ്റ് വഴി നശീകരണ പ്രവർത്തനങ്ങൾ നടത്തുവാനും സൈബർ യുദ്ധം നടത്തുവാനുമുള്ള ശേഷി വികസിപ്പിച്ചു വരികയാണ് എന്ന് അമേരിക്കൻ സൈനിക കേന്ദ്രമായ പെന്റഗൺ അറിയിച്ചു. തങ്ങളുടെ കമ്പ്യൂട്ടർ ശൃംഖലകൾ പ്രതിരോധിക്കുവാനുള്ള ഗവേഷണത്തോടൊപ്പം തന്നെ ഇന്റർനെറ്റ് വഴി യുദ്ധം നടത്തുവാനുമുള്ള വഴികൾ ചൈനീസ് ഗവേഷകർ ആരായുകയും ഇതിനായി ചൈനീസ് അധികൃതർ വൻ തോതിൽ പണം ചിലവിടുകയും ചെയ്യുന്നു. കമ്പ്യൂട്ടർ ശൃംഖലകൾ അക്രമിച്ചു കീഴടക്കുവാനുള്ള ശ്രമങ്ങൾ വ്യാപകമായി ചൈനയിൽ നിന്നും ഉണ്ടാവുന്നതായി പെന്റഗൺ വ്യക്തമാക്കി. ഇത് തങ്ങൾക്ക് ഏറെ ഉൽക്കണ്ഠാജനകമാണ്. ഈകാര്യം അടുത്തയിടെ ബെയ്ജിംഗിൽ വെച്ച് നടന്ന ഒരു ഉന്നത തല സുരക്ഷാ സമ്മേളനത്തിൽ തങ്ങൾ ചൈനീസ് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു എന്നും പെന്റഗൺ വക്താവ് വെളിപ്പെടുത്തി.