ന്യൂയോർക്ക് : അലഹബാദിലെ ഹരീഷ് ചന്ദ്ര ഗവേഷണ കേന്ദ്രത്തിലെ ഭൌതിക ശാസ്ത്ര ഗവേഷകനായ പ്രൊഫ. ഡോക്ടർ അശോൿ സെൻ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള പാഠ്യ പുരസ്കാരമായ ഫണ്ടമെന്റൽ ഫിസിക്സ് പ്രൈസിന് അർഹനായി. ഇദ്ദേഹത്തോടൊപ്പം മറ്റ് 8 പേർക്ക് കൂടി ഈ പുരസ്കാരം ലഭിക്കും. എം. ഐ. ടി. യിൽ പ്രൊഫസറായ അലൻ എച്ച്. ഗുത്ത്, പ്രിൻസ്റ്റൺ ഇൻസ്റ്റിറ്റ്യൂട്ടിലെ നിമ അർക്കാനി ഹാമെദ്, യുവാൻ മാൽഡെസീന, നാതൻ സീബെർഗ്, എഡ്വാർഡ് വിറ്റെൻ, സ്റ്റാൻഫോർഡിലെ അൻഡ്രെ ലിന്ദെ, കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ടിലെ അലെക്സെ കിതെവ്, പാരീസ് ഇൻസ്റ്റിറ്റ്യൂട്ടിലെ മാക്സിം കോൺസെവിച്ച് എന്നിവരാണ് ഇവർ.
ഇന്റർനെറ്റ് നിക്ഷേപകനായ റഷ്യൻ ഭൌതിക ശാസ്ത്ര വിദ്യാർത്ഥി യൂറി മിൽനർ ഏർപ്പെടുത്തിയതാണ് ഈ പുരസ്കാരം.1989ൽ ഭൌതിക ശാസ്ത്ര പഠനം ഉപേക്ഷിച്ച് ഫേസ്ബുക്ക്, ഗ്രൂപ്പോൺ മുതലായ ഇന്റർനെറ്റ് കമ്പനികളിൽ പണം നിക്ഷേപിക്കുകയും ഇതു വഴി കോടീശ്വരൻ ആകുകയും ചെയ്ത യൂറി മിൽനർ ഭൌതിക ശാസ്ത്രത്തിന്റെ ഉള്ളറകളിലേക്കും പ്രപഞ്ചത്തിന്റെ നിഗൂഡതകളിലേക്കും മനുഷ്യനെ കൊണ്ടു ചെന്നെത്തിക്കുന്ന ഗവേഷണ ഉദ്യമങ്ങളെ അംഗീകരിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഈ പുരസ്കാരം നടപ്പിലാക്കിയത്. 30 ലക്ഷം ഡോളറാണ് സമ്മാനത്തുക. ഈ വർഷം മുതൽ നടപ്പിലാക്കിയ ഫണ്ടമെന്റൽ ഫിസിക്സ് പ്രൈസിന്റെ ആദ്യ വിജയികളെ മിൽനർ നേരിട്ടാണ് തെരഞ്ഞെടുത്തത്. അടുത്ത വർഷം മുതൽ നേരത്തേ സമ്മാനം ലഭിച്ചവരാവും പുതിയ ജേതാക്കളെ തെരഞ്ഞെടുക്കുക എന്ന് മിൽനർ അറിയിച്ചു.
യൂറി മിൽനർ
30 ലക്ഷം ഡോളർ ഓരോ സമ്മാന ജേതാവിനും ലഭിച്ചു എന്നുള്ള പ്രത്യേകതയും ഈ പുരസ്കാരത്തിനുണ്ട്. നൊബേൽ സമ്മാനം 12 ലക്ഷം ഡോളർ മാത്രമാണ്. ഇതു തന്നെ പലപ്പോഴും രണ്ടോ മൂന്നോ പേർക്ക് പങ്കിടേണ്ടതായും വരും.
ഈ സമ്മാനം ഫണ്ടമെന്റൽ ഫിസിക്സിന്റെ ഗവേഷണത്തിന് ഏറെ സ്വീകാര്യതയും പ്രോൽസാഹനവും നല്കുമെന്ന് പുരസ്കാര ജേതാക്കൾ പറഞ്ഞു. കൂടുതൽ വിദ്യാർത്ഥികൾ ഈ രംഗത്തേക്ക് കടന്നു വരുവാനും ഇത് പ്രചോദനം നല്കും. ഇന്ത്യയിലെ പല ഗവേഷണ കേന്ദ്രങ്ങളിലും ഗവേഷകരുടെ എണ്ണം അനുദിനം കുറഞ്ഞു വരികയാണ്. ചിലയിടങ്ങളിൽ വിദ്യാർത്ഥികൾ ഇല്ലാത്തതിനാൽ ചില വകുപ്പുകൾ തന്നെ നിർത്തലാക്കിയ ചരിത്രവുമുണ്ട്.