ട്രിപ്പോളി: ഇന്ന് അര്‍ദ്ധരാത്രിയോടു കൂടി ലിബിയയില്‍ നാറ്റോയുടെ ദൌത്യം അവസാനിക്കുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ആന്‍ഡേഴ്സ് ഫോഗ് റാസ്മുസന്‍ അറിയിച്ചു. ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ സന്ദര്‍ശിച്ച അദ്ദേഹം നാറ്റോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ലിബിയയിലേതെന്ന് പറഞ്ഞു. നാറ്റോയുടെ സേവനം ഈവര്‍ഷാവസാനം വരെ തുടരണമെന്ന ലിബിയയിലെ പുതിയ സര്‍ക്കാറിന്റെ അഭ്യര്‍ഥന തള്ളിയാണ് യു. എന്‍. രക്ഷാസമിതി ദൌത്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം പാസാക്കിയത്. കഴിഞ്ഞയാഴ്ചയാണ് ഇതുസംബന്ധിച്ച പ്രമേയം രക്ഷാസമിതി ഏകകണ്ഠേന പാസാക്കിയത്. ഏഴു മാസം നീണ്ട ദൌത്യത്തിനു ശേഷമാണ് നാറ്റോ ലിബിയ വിടുന്നത്. ലിബിയയിലെ സാധാരണക്കാര്‍ക്ക് നേരേ ഗദ്ദാഫി ഭരണകൂടം അഴിച്ചുവിട്ട അതിക്രമത്തെ നേരിടുന്നതിനും അധികാരമേറ്റെടുക്കുന്നതിന് വിമതസേനയെ സഹായിക്കുന്നതിനുമായാണ് നാറ്റോ ഇടപെടലിന് യു. എന്‍. അംഗീകാരം നല്‍കിയത്. നാറ്റോ ദൌത്യം അവസാനിപ്പിക്കുന്നതിനുള്ള പ്രമേയം ബ്രിട്ടനാണ് 15 അംഗ രക്ഷാസമിതിയില്‍ അവതരിപ്പിച്ചത്. അതേ സമയം, ലിബിയയിലെ സാധാരണക്കാര്‍ക്കിടയില്‍ വ്യാപകമായി വിതരണം ചെയ്യപ്പെട്ട പ്രഹരശേഷി കൂടിയ ആയുധങ്ങളും തോക്കുകളും തിരികെവാങ്ങി ജനങ്ങളെ നിരായുധീകരിക്കുകയെന്ന റഷ്യയുടെ പ്രമേയത്തില്‍ യു. എന്‍ തീരുമാനമായിട്ടില്ല.