വാഷിംഗ്ടൺ : പാക്കിസ്ഥാന്റെ ആണവ ആയുധ ശേഖരം ക്രമാതീതമായി വളരുന്നതായി അമേരിക്കൻ സൈനിക വിദഗ്ദ്ധൻ മുന്നറിയിപ്പ് നൽകി. പാക്കിസ്ഥാൻ ജനത ആണവ ആയുധങ്ങളെ തങ്ങളുടെ രാഷ്ട്രത്തിന്റെ വിജയത്തിന്റെ അളവുകോലായി കാണുന്നതും ആണവ ആയുധങ്ങളെ സംബന്ധിക്കുന്ന തീരുമാനങ്ങൾ ഏതാനും സൈനിക മേധാവികൾ മാത്രം തീരുമാനിക്കുന്നതാണ് ഇതിന്റെ കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ പാക്കിസ്ഥാനിലെ ആയുധ വളർച്ച ഇന്ത്യയിലും സമാനമായൊരു സ്ഥിതിവിശേഷം ഉടലെടുക്കാൻ കാരണമാവും എന്നും അദ്ദേഹം പറയുന്നു. ഇന്ത്യയുടെ ആണവായുധ ശേഖരം കഴിഞ്ഞ 10 വർഷം കൊണ്ട് ഇരട്ടിയായതായും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ ആണവായുധങ്ങളെ രാഷ്ട്രീയ സന്ദേശമായി ഉപയോഗിക്കുന്നതാണ് ഇന്ത്യൻ രാഷ്ട്രീയ നേതൃത്വത്തിന്റെ രീതി. ഇതിന് വിപരീതമായി ആണവ ആയുധങ്ങളെ സൈനിക ബല പ്രദർശനത്തിനായി ഉപയോഗിക്കുന്ന പാക്കിസ്ഥാൻ പ്രദേശത്തെ അപകടകരമായ സൈനിക സാഹചര്യത്തിലേക്ക് വഴിതെളിക്കുന്നതായും അദ്ദേഹം വിലയിരുത്തുന്നു.
അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി നില കൊള്ളുന്ന വാഷിംഗ്ടണിലെ സ്റ്റിംസൺ സെന്റർ എന്ന സംഘടന പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ വിശകലനങ്ങൾ പ്രസിദ്ധപ്പെടുത്തിയത്.