ന്യൂഡല്‍ഹി : ഉപയോക്താക്കള്‍ കൈമാറുന്ന ബ്ലാക്ക്ബെറി സന്ദേശങ്ങള്‍ പരിശോധിക്കാന്‍ അവരുടെ പിന്‍ നമ്പരും കോഡും ഇന്ത്യന്‍ സര്‍ക്കാരിന് കൈമാറാന്‍ ബ്ലാക്ക്ബെറി കമ്പനി സമ്മതിച്ചു. യു.എ.ഇ. അടക്കമുള്ള പല രാഷ്ട്രങ്ങളും സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടും ഉപയോക്താക്കളുടെ സ്വകാര്യത ഉയര്‍ത്തി പിടിച്ചു ഇത്തരമൊരു ആവശ്യം അനുവദിക്കാതിരുന്ന കാനഡയിലെ റിസേര്‍ച് ഇന്‍ മോഷന്‍ (Research In Motion) കമ്പനിക്ക് ഇന്ത്യയിലെ വന്‍ പിപണിയെ അവഗണിക്കാന്‍ കഴിയില്ല എന്നതിന്റെ സൂചനയാണിത് എന്നാണു ഈ കാര്യത്തില്‍ വിദഗ്ദ്ധരുടെ നിരീക്ഷണം.
ഇന്ത്യക്ക് പുറമേ യു.എ.ഇ., സൗദി അറേബ്യ, ഇന്‍ഡോനേഷ്യ, ബഹറൈന്‍ എന്നീ രാജ്യങ്ങളും ഇതേ ആവശ്യം ബ്ലാക്ക്ബെറി കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. കമ്പനി വഴങ്ങാത്തതിനെ തുടര്‍ന്ന് സൗദി അറേബ്യ ബ്ലാക്ക്ബെറിയുടെ പ്രവര്‍ത്തനം ഇന്ന് മുതല്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം പിന്നീട് മാറ്റുകയും തിങ്കളാഴ്ച വരെ പ്രവര്‍ത്തനം തുടരാന്‍ കമ്പനിയെ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. യു.എ.ഇ. യാകട്ടെ ഒക്ടോബര്‍ 11 കഴിഞ്ഞാല്‍ രാജ്യത്ത് ബ്ലാക്ക്ബെറിയുടെ സേവനം ലഭ്യമാകില്ല എന്നാണു അറിയിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം വരെ തങ്ങളുടെ ഉപഭോക്താക്കളുടെ സ്വകാര്യതയില്‍ കടന്നു കയറാന്‍ ലോകത്തെ ഒരു സര്‍ക്കാരിനെയും അനുവദിക്കില്ല എന്നും ഇന്റര്‍നെറ്റ് എന്താണ് എന്ന് അറിവില്ലാത്തത് കൊണ്ടാണ് വിദേശ സര്‍ക്കാരുകള്‍ ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നത് എന്നൊക്കെയായിരുന്നു കമ്പനി പറഞ്ഞു കൊണ്ടിരുന്നത്.
കമ്പനി അധികൃതര്‍ ഇന്ന് ആഭ്യന്തര മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയിലാണ് കമ്പനി നിലപാട് മാറ്റി സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയത്.



രാജസ്ഥാന്‍ : ഇന്ത്യന്‍ അതിര്‍ത്തിയ്ക്ക് തൊട്ടടുത്തുള്ള പാക് പ്രദേശങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന മൊബൈല്‍ ഫോണ്‍ ടവറുകള്‍ വഴി പാക് മൊബൈല്‍ ശൃംഖല ഇന്ത്യന്‍ അതിര്‍ത്തി ഭേദിച്ച് ഇന്ത്യക്കകത്ത് പ്രവര്‍ത്തനം നടത്തുന്നതായി ഇന്റലിജന്‍സ് വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ത്യക്കകത്ത് പാക്കിസ്ഥാന്‍ ശൃംഖലയുടെ സിം കാര്‍ഡുകള്‍ ഉപയോഗിച്ച് വിവരങ്ങള്‍ കൈമാറാന്‍ ഇത് വഴി സാധിക്കും. ഈ സംഭാഷണങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പിടിച്ചെടുക്കാന്‍ കഴിയുമെങ്കിലും വിദേശ ശൃംഖലയുടേതായതിനാല്‍ എന്ക്രിപ്റ്റ് ചെയ്യപ്പെട്ട (രഹസ്യ കോഡ് ഉപയോഗിച്ച് തിരിച്ചറിയാനാവാത്ത വിധത്തിലാക്കിയത്) സിഗ്നലുകള്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് ഡിക്രിപറ്റ് (എന്ക്രിപ്റ്റ് ചെയ്യപ്പട്ട സിഗ്നലിനെ തിരകെ പൂര്‍വ രൂപത്തില്‍ ആക്കുക) ചെയ്യാനുമാവില്ല എന്നത് കൊണ്ട് ഇത് വലിയ ഒരു സുരക്ഷാ ഭീഷണി തന്നെയാണ് ഉയര്‍ത്തുന്നത്.
ഗാസയിലേക്ക് സഹായവുമായെത്തിയ “ഫ്ലോട്ടില്ല” യെ ഇസ്രയേലി കമാന്‍ഡോകള്‍ ആക്രമിച്ചു. ഇരുപതോളം പേര്‍ മരിച്ചതായാണ് വിവരം ലഭിച്ചിട്ടുള്ളത്. ആഗോള തലത്തില്‍ വന്‍ പ്രതിഷേധത്തിന് ഇത് ഇടയാക്കിയിട്ടുണ്ട്. ബ്രിട്ടന്‍, അയര്‍ലാന്‍ഡ്, അള്‍ജീരിയ, കുവൈറ്റ്, ഗ്രീസ്, ടര്‍ക്കി എന്നിവിടങ്ങളില്‍ നിന്നും എത്തിയ ആറു കപ്പലുകളുടെ ഒരു സംഘമാണ് ഫ്ലോട്ടില്ല എന്ന സഹായ സംരംഭത്തില്‍ ഉണ്ടായിരുന്നത്.
ന്യൂയോര്‍ക്ക് : ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ ഒപ്പ് വെയ്ക്കാന്‍ ഇന്ത്യയ്ക്കു മേല്‍ ഐക്യരാഷ്ട്ര സഭ സമ്മര്‍ദ്ദം ചെലുത്തുന്നു. കീഴ് വഴക്കങ്ങള്‍ക്കു വിരുദ്ധമായി ഇതാദ്യമായാണ് ഒരു രാജ്യത്തെ പേരെടുത്തു പറഞ്ഞു കൊണ്ട് ഐക്യ രാഷ്ട്ര സഭ ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നത്. ഇന്ത്യയ്ക്കു പുറമേ പാക്കിസ്ഥാനോടും ഇസ്രയേലിനോടും ഐക്യ രാഷ്ട്ര സഭ ഇനിയും വൈകിക്കാതെയും, മറ്റ് ഉപാധികളൊന്നും മുന്‍പോട്ടു വെയ്ക്കാതെയും ആണവ നിര്‍വ്യാപന ഉടമ്പടിയിലും (Non- Proliferation Treaty – NPT) സമഗ്ര പരീക്ഷണ നിരോധന ഉടമ്പടിയിലും (Comprehensive Test Ban Treaty – CTBT) ഒപ്പ് വെയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂഡല്‍ഹി : കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച ഒരു ആഗോള സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ചൈനയില്‍ പോയി ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയത്തിന്റെ ചൈനീസ് വിരുദ്ധ നിലപാടിനെ വിമര്‍ശിച്ച പരിസ്ഥിതി മന്ത്രി ജയറാം രമേഷിനെ പ്രധാന മന്ത്രി മന്മോഹന്‍ സിംഗും കോണ്ഗ്രസ് നേതൃത്വവും താക്കീത് ചെയ്തു. ചൈനീസ് ഉല്‍പ്പന്നങ്ങളെ പറ്റി ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ആശങ്കകള്‍ അനാവശ്യവും ഭ്രാന്തവും (paranoid) ആണെന്നാണ് മന്ത്രിയുടെ പരാമര്‍ശം. ചൈനീസ് നിക്ഷേപത്തെ കുറിച്ചും ഉപകരണങ്ങളെ കുറിച്ചും ഉള്ള ന്യൂ ഡല്‍ഹിയുടെ ഭയാശങ്കകള്‍ മാറ്റിയില്ലെങ്കില്‍ കോപ്പന്‍ ഹെഗന്‍ ഉച്ചകോടിയെ തുടര്‍ന്ന് നിലവില്‍ വന്ന ഇന്ത്യാ ചൈന സഹകരണത്തിന്റെ മനോഭാവം അധിക കാലം നില നില്‍ക്കില്ല എന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഡല്‍ഹി : പ്രധാന മന്ത്രിയുടെ ഓഫീസിലും ചൈന സൈബര്‍ ആക്രമണം നടത്തിയതായി സൂചന. എന്നാല്‍ ഇതിനായി ചൈനീസ് ഹാക്രമികള്‍ (ഹാക്ക് ചെയ്യുന്ന ആക്രമികള്‍) റഷ്യയിലെയും, ദക്ഷിണ അമേരിക്കയിലേയും, കാലിഫോര്‍ണിയയിലെയും ഗേറ്റ് വേകള്‍ ആണ് ഉപയോഗിച്ചത് എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പ്രധാന മന്ത്രിയുടെ ഓഫീസിലെ pmo@nic.in എന്ന ഈമെയില്‍ വായിക്കുവാനായി ഹാക്രമികള്‍ ശ്രമിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ ഉദ്യമം പരാജപ്പെട്ടു എന്നാണ് കരുതപ്പെടുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ചൈന നടത്തിയ ആക്രമണങ്ങളും അതിക്രമങ്ങളും ഇന്ത്യയെ ഗുരുതരമായ ആശയ കുഴപ്പത്തില്‍ ആക്കിയിരിക്കുന്നു. ഓഗസ്റ്റ് ആറിന് രണ്ട് ചൈനീസ് സുഖോയ് യുദ്ധ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് അരുണാചല്‍ പ്രദേശിലും സിക്കിമിലും പ്രവേശിച്ചതോടെയാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ തുടക്കം. വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന ആദ്യത്തെ ഇത്തരം അതിക്രമം ആയിരുന്നു അത്. ഇത് നടന്നത് ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കു ന്നതിനായുള്ള ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ ആരംഭിക്കുന്നതിന്റെ തലേ ദിവസം ആയിരുന്നു എന്നത് ശ്രദ്ധേയമായിരുന്നു. ചര്‍ച്ചകളില്‍ തങ്ങളുടെ ആധിപത്യം ഉറപ്പാക്കുന്നതിനുള്ള ചൈനീസ് തന്ത്രമായിരുന്നു അത്. ഇതിനു തൊട്ടു പിന്നാലെ അരുണാചല്‍ പ്രദേശില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും 40 കിലോമീറ്ററോളം അകത്തേയ്ക്ക് ചൈനീസ് പട്ടാളം കയറി ചെന്നു. ഈ മാസം ആദ്യ വാരം ചൈനീസ് കുതിര പട്ടാളം ഉത്തര്‍ഖണ്ഡില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകത്തേയ്ക്ക് പ്രവേശിച്ചു. ഇതിനു പുറമെ അസംഖ്യം തവണ ചൈനീസ് ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിക്കുകയും ചെയ്തു. അതിര്‍ത്തിയിലെ സംഘര്‍ഷം നിയന്ത്രണാ തീതമായതോടെ ഇന്ത്യന്‍ അധികൃതര്‍ അടിയന്തിരമായി വ്യാഴാഴ്‌ച്ച യോഗം ചേരുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം. കെ. നാരായണന്‍ വിളിച്ചു കൂട്ടിയ യോഗത്തില്‍ ചൈനാ സ്റ്റഡി ഗ്രൂപ്പും, കാബിനറ്റ് സെക്രട്ടറിയും, പ്രതിരോധ, ആഭ്യന്തര, വിദേശ മന്ത്രാലയ സെക്രട്ടറിമാരും പങ്കെടുക്കും. സൈനിക മേധാവികളുടെയും ഇന്റലിജന്‍സ് മേധാവികളുടെയും അഭിപ്രായവും കൂടി ആരാഞ്ഞാവും ചൈനീസ് ഭീഷണി നേരിടുന്നതിന് ആവശ്യമായ തന്ത്രങ്ങള്‍ ഇന്ത്യ രൂപീകരിക്കുക.
ഭരണ ഘടനയില്‍ മാറ്റം വരുത്തുവാന്‍ ഉള്ള നടപടികള്‍ പുരോഗമിക്കവെ ഇന്നലെ നടന്ന സൈനിക അട്ടിമറിയിലൂടെ ഹോണ്ടുറാസ് സൈന്യം പ്രസിഡണ്ട് മാനുവല്‍ സെലായയെ അറസ്റ്റ് ചെയ്തു. ഭരണ ഘടന പരിഷ്കരണത്തില്‍ വോട്ടെടുപ്പ് നടത്താന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് തീര്‍ത്തും അപ്രതീക്ഷിതമായ ഈ നീക്കം സൈന്യത്തില്‍ നിന്നും ഉണ്ടായത്.
ഇസ്രയേല്‍ ആയുധ നിര്‍മ്മാണ സ്ഥാപനം ആയ ഇസ്രയേല്‍ മിലിട്ടറി ഇന്‍ഡസ്ട്രീസ് ഉള്‍പ്പടെ ഇന്ത്യയുമായി ആയുധ വ്യാപാരം നടത്തുന്ന ഏഴു സ്ഥാപനങ്ങളെ പ്രതിരോധ വകുപ്പ് മന്ത്രി എ. കെ. ആന്റണിയുടെ നിര്‍ദ്ദേശ പ്രകാരം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. സി. ബി. ഐ. നടത്തിയ അന്വേഷണത്തില്‍ കൈക്കൂലി ഇടപാടുകളുടെ വ്യക്തമായ സൂചനകള്‍ ലഭിച്ചതിന്റെ വെളിച്ചത്തില്‍ ആണ് ഈ നടപടി. സി. ബി. ഐ. യുടെ കുറ്റ പത്രം ഇനിയും തയ്യാറായിട്ടില്ല. എന്നാല്‍ സ്വകാര്യ ബാങ്ക് അക്കൌണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്തത് ഉള്‍പ്പടെ വ്യക്തമായ തെളിവുകള്‍ ആണ് അന്വേഷണത്തില്‍ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോപണ വിധേയമായ കമ്പനികളുമായുള്ള ഇടപാടുകള്‍ ഉടനടി മരവിപ്പിക്കാന്‍ പ്രതിരോധ മന്ത്രി എ. കെ. ആന്റണി ഉത്തരവ് നല്‍കുക ആയിരുന്നു എന്ന് പ്രതിരോധ വകുപ്പ് വക്താവ് സിതാന്‍ശു കര്‍ അറിയിച്ചു.
























