ശ്രീലങ്കന്‍ സര്‍ക്കാരുമായി കഴിഞ്ഞ 25 വര്‍ഷമായി നടത്തി വന്ന യുദ്ധം എല്‍.ടി.ടി.ഇ. അവസാനിപ്പിച്ചു. ആസന്നമായ മരണത്തില്‍ നിന്നും ആയിരക്കണക്കിന് തമിഴ് വംശജരെ രക്ഷിക്കാന്‍ തങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തോട് അപേക്ഷിച്ചു എങ്കിലും അന്താരാഷ്ട്ര സമൂഹം തങ്ങളുടെ മൌനം കൊണ്ടും നിഷ്ക്രിയത്വം കൊണ്ടും ശ്രീലങ്കന്‍ സൈന്യത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഉണ്ടായത് എന്ന് വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു കോണ്ട് എല്‍. ടി. ടി. ഇ. യുടെ അന്താരാഷ്ട്ര നയതന്ത്ര വിഭാഗം തലവന്‍ സെല്‍വരാസ പത്മനാതന്‍ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൂവായിരത്തോളം ജനമാണ് തെരുവുകളില്‍ മരിച്ചു വീണത്. 25,000 പേര്‍ മാരകമായി പരിക്കേറ്റ് ചികിത്സ ലഭിക്കാതെ കിടക്കുന്നുമുണ്ട്. ഇവരുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് ഇപ്പോഴത്തെ പരമ പ്രധാനമായ ആവശ്യം. തങ്ങളുടെ ജനത്തിന്റെ ജീവന്‍ രക്ഷിക്കുന്നതിനു വേണ്ടി തങ്ങള്‍ തങ്ങളുടെ തോക്കുകള്‍ നിശബ്ദം ആക്കുന്നതായി ലോകത്തെ അറിയിക്കുന്നു എന്ന് ഇന്നലെ തമിഴ് പുലികളുടെ വെബ് സൈറ്റ് ആയ തമിള്‍നെറ്റില്‍ പുറത്തിറക്കിയ അറിയിപ്പില്‍ പത്മനാതന്‍ അറിയിച്ചു.



പാക്കിസ്ഥാന്‍ താലിബാന് എതിരെ നടത്തുന്ന ഏറ്റുമുട്ടലുകള്‍ വെറും പ്രഹസനം മാത്രം ആണെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. പാക്കിസ്ഥാന്‍ സൈന്യം ദിവസേന പുറത്തു വിടുന്ന റിപ്പോര്‍ട്ടുകള്‍ വിശ്വസനീയം അല്ല എന്നാണ് യുദ്ധം വളരെ അടുത്തു നിന്നും നിരീക്ഷിക്കുന്ന അമേരിക്കന്‍ സൈനിക നിരീക്ഷകരും ഇന്റലിജന്‍സ് വൃത്തങ്ങളും പറയുന്നത്. നൂറ് കണക്കിന് താലിബാന്‍ ഭീകരര്‍ ദിവസേന കൊല്ലപ്പെടുന്നു എന്നൊക്കെ പാക്കിസ്ഥാന്‍ സൈന്യം പറയുന്നത് ഊതി വീര്‍പ്പിച്ച കണക്കുകള്‍ ആണെന്ന് ഇവര്‍ വെളിപ്പെടുത്തി. താലിബാന് എതിരെ തങ്ങള്‍ ഫലപ്രദം ആയി വിജയം കൊയ്യുന്നു എന്ന് ലോകത്തെ ധരിപ്പിക്കാന്‍ ഉള്ള അടവ് മാത്രം ആണിത്. പരമാവധി 7000 ഭീകരര്‍ സ്വാത് താഴ്വരയില്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഇവരെ നേരിടാന്‍ സര്‍വ്വ വിധ സന്നാഹങ്ങളോടും കൂടെ 15000 പാക് സൈനികരാണ് ഇത്രയും നാള്‍ ഏറ്റുമുട്ടുന്നത്. എന്നാല്‍ സ്വാത് താഴ്വര ഇപ്പോഴും ഭീകരരുടെ കയ്യില്‍ തന്നെയാണ് എന്നത് പാക്കിസ്ഥാന്റെ അവകാശ വാദങ്ങള്‍ സത്യമല്ല എന്നാണ് കാണിക്കുന്നത് എന്ന് വിദഗ്ദ്ധര്‍ പറയുന്നു.
പുലി വേട്ടക്കിടെ നൂറ് കണക്കിന് സാധാരണ ജനത്തെ കൊന്നൊടുക്കി മുന്നേറുന്ന ശ്രീലങ്കന്‍ സൈന്യം ശ്രീലങ്കയില്‍ ചോര പുഴ ഒഴുക്കുന്നു എന്ന് ഐക്യ രാഷ്ട്ര സഭ അറിയിച്ചു. ഇത്തരം ഒരു രക്ത രൂഷിത പോരാട്ടം ഒഴിവാക്കുന്നതിനു വേണ്ടി ആയിരുന്നു ഇത്രയും നാള്‍ ലോക രാഷ്ട്രങ്ങള്‍ ശ്രീലങ്കന്‍ സര്‍ക്കാരിനോട് യുദ്ധ ഭൂമിയില്‍ കുടുങ്ങി കിടക്കുന്ന ജനത്തെ ഒഴിപ്പിക്കണം എന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം ശ്രീലങ്ക ചെവി കൊണ്ടില്ല. തമിഴ് പുലികളിടെ നിയന്ത്രണത്തില്‍ അവശേഷിക്കുന്ന രണ്ടര ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള കടപ്പുറവും കാടും തിരിച്ചു പിടിക്കാനുള്ള സൈന്യത്തിന്റെ ശ്രമത്തിനിടയില്‍ 380 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്ന് രക്ഷാ പ്രവര്‍ത്തകര്‍ പറയുന്നു. നൂറ് കണക്കിന് കുട്ടികള്‍ കഴിഞ്ഞ ദിവസം ഇവിടെ കൊല്ലപ്പെട്ടു എന്ന് ഐക്യ രാഷ്ട്ര സഭാ വക്താവ് കൊളംബോയില്‍ അറിയിച്ചു.
അമേരിക്കയില്‍ നടത്തിയ ഒരു അഭിപ്രായ വോട്ടെടുപ്പില്‍ 49% പേര്‍ ഇറാനെതിരെ തങ്ങളുടെ നിലപാട് വ്യക്തമാക്കി. ഇസ്രയേല്‍ ഇറാനെ ആക്രമിക്കുന്ന വേളയില്‍ അമേരിക്ക കൂടെ ഇസ്രയേലിനൊപ്പം ചേര്‍ന്ന് ഇറാനെതിരെ യുദ്ധം ചെയ്യണം എന്നാണ് ഈ അഭിപ്രായ വോട്ടെടുപ്പില്‍ 49% അമേരിക്കക്കാര്‍ അഭിപ്രായം രേഖപ്പെടുത്തിയത്. 37% പേര്‍ പറഞ്ഞത് ഇത്തരം ഒരു യുദ്ധം ഉണ്ടായാല്‍ അമേരിക്ക അതില്‍ ഇടപെടാതെ മാറി നില്‍ക്കണം എന്നാണ്. എന്നാല്‍ രണ്ട് ശതമാനം പേരെങ്കിലും യുദ്ധത്തില്‍ അമേരിക്ക ഇറാനെ സഹായിക്കണം എന്ന് അഭിപ്രായപ്പെട്ടു.
തമിഴ് ശ്രീലങ്കന്‍ പ്രശ്നത്തില്‍ അടിയന്തിരമായി ഇടപെട്ട് വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ സഹായിക്കണം എന്ന് തമിഴ് പുലികള്‍ തങ്ങളുടെ സ്ഥാപകനായ രവി ശങ്കറിനോട് അഭ്യര്‍ത്ഥിച്ചു എന്ന് ആര്‍ട്ട് ഓഫ് ലിവിങ് പ്രസ്ഥാനത്തിന്റെ ബാംഗളൂര്‍ ആസ്ഥാനത്തില്‍ നിന്നും അറിയിച്ചു. എല്‍. ടി. ടി. ഇ. യുടെ രാഷ്ട്രീയ കാര്യ മേധാവി ബി. നടേശന്‍ ടെലിഫോണിലൂടെ ആണ് ഈ അഭ്യര്‍ത്ഥന തങ്ങളുടെ ആധ്യാത്മിക ഗുരുവിനോട് നടത്തിയത് എന്നും പ്രസ്താവനയില്‍ പറയുന്നു. രവി ശങ്കറിന്റെ വ്യക്തി പ്രഭാവവും സ്വാധീനവും ഉപയോഗിച്ച് എത്രയും പെട്ടെന്ന് ഒരു വെടി നിര്‍ത്തല്‍ തരപ്പെടുത്തി തരണം എന്നാണ് പുലികളുടെ ആവശ്യം.
ശ്രീലങ്കയില്‍ തമിഴ് വംശജര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് മൂന്ന് ആഴ്ച്ചയായി ലണ്ടനിലെ പാര്‍ലമെന്റ് സ്ക്വയറില്‍ തമിഴ് വിദ്യാര്‍ത്ഥിയായ പരമേശ്വരന്‍ സുബ്രമണ്യം നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. ബ്രിട്ടീഷ് വിദേശ കാര്യ സെക്രട്ടറി മിലിബാന്‍ഡ് ഈ പ്രശ്നത്തില്‍ തങ്ങള്‍ ഇടപെടു ന്നുണ്ടെന്ന് കാണിച്ച് ഇദ്ദേഹത്തിന് എഴുതിയ കത്തിനെ തുടര്‍ന്നാണ് നിരാഹാരം അവസാനിപ്പിച്ചത്. 28 കാരനായ പരമേശ്വരത്തിന്റെ പത്തോളം കുടുംബാംഗങ്ങള്‍ ശ്രീലങ്കന്‍ സൈന്യത്തിന്റെ കൈകളാല്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
അവസാന ഘട്ട ആക്രമണത്തിന് ശ്രീലങ്കന്‍ സൈന്യം ഒരുങ്ങുന്നതിനിടയില്‍ ഇന്നലെ രണ്ട് പ്രമുഖ പുലി നേതാക്കള്‍ കൂടി പിടിയില്‍ ആയി. ഇവര്‍ കീഴടങ്ങിയതാണ് എന്ന് ശ്രീലങ്കന്‍ സൈന്യം പറയുന്നുണ്ടെങ്കിലും ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഇവരെ അവിടെ വെച്ച് അറസ്റ്റ് ചെയ്യുക ആയിരുന്നു എന്ന് പുലികള്‍ അറിയിച്ചു. പിടിയില്‍ ആവുമെന്ന് ഉറപ്പായാല്‍ പുലികള്‍ കഴുത്തില്‍ അണിയുന്ന സയനൈഡ് കാപ്സ്യൂള്‍ കഴിച്ച് സ്വയം മരണം വരിക്കുകയാണ് പതിവ്.
അമേരിക്ക പാശ്ചാത്യ സഖ്യ കക്ഷികളുടെ സഹകരണത്തോടെ യൂറോപ്പില്‍ നടപ്പിലാക്കുന്ന മിസൈല്‍ പദ്ധതിക്കെതിരെ റഷ്യ ശക്തമായ താക്കീത് നല്‍കി. പരിപാടിയുടെ മൂന്നാം ഘട്ടം യൂറോപ്പില്‍ സ്ഥാപിക്കുന്ന പക്ഷം തങ്ങളുടെ “ഇസ്കന്ദര്‍” മിസൈലുകള്‍ പോളണ്ടിനും ലിത്വാനിയക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന കലിന്‍ഗ്രാഡ് പ്രദേശത്ത് സ്ഥാപിക്കും എന്ന് റഷ്യ മുന്നറിയിപ്പു നല്‍കി. ഇത് ചെയ്യണം എന്ന് തങ്ങള്‍ക്ക് ഒട്ടും താല്പര്യമില്ല. എന്നാല്‍ അമേരിക്കന്‍ ആയുധ ഭീഷണി നേരിടാന്‍ തങ്ങള്‍ക്ക് ഇത്തരം ഒരു നടപടി സ്വീകരിക്കേണ്ടി വന്നാല്‍ തങ്ങള്‍ ഇത് ചെയ്യാന്‍ മടിക്കില്ല എന്നും റഷ്യ അറിയിച്ചു. മിസൈല്‍ വേധ സംവിധാനം പോളണ്ടിലും ചെക്കോസ്ലോവാക്യയിലും സ്ഥാപിക്കുന്നത് ഇറാന്റെ ഭീഷണിയെ ചെറുക്കാന്‍ ആണെന്നാണ് അമേരിക്കയുടെ പക്ഷം. റഷ്യക്ക് ഇത് ഒരു ഭീഷണിയാവില്ല എന്നും വാഷിങ്ടണ്‍ ആവര്‍ത്തിക്കുന്നു. ജോര്‍ജ്ജ് ബുഷ് തുടങ്ങി വെച്ച ഈ ആയുധ പന്തയം ഒബാമ ഭരണകൂടം തുടരില്ല എന്നായിരുന്നു പ്രതീക്ഷ. ഈ പദ്ധതി മുന്നോട്ട് കൊണ്ടു പോകുന്നതിന് മുന്‍പ് സാധ്യതാ പഠനം നടത്തും എന്നും മറ്റും പുതിയ അമേരിക്കന്‍ ഭരണകൂടം പറഞ്ഞിരുന്നതുമാണ്. എന്നാല്‍ ഈ മാസം ആദ്യം തന്റെ പ്രേഗ് സന്ദര്‍ശന വേളയില്‍ പദ്ധതിക്ക് അനുകൂലം ആയി ഒബാമ സംസാരിച്ചത് ആണ് റഷ്യക്ക് വീണ്ടും തലവേദന ഉണ്ടാക്കിയിരിക്കുന്നത്.
ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചു നശിപ്പിക്കാന്‍ ഇസ്രയേല്‍ സൈന്യം സന്നദ്ധം ആണെന്ന് റിപ്പോര്‍ട്ടുകള്‍. പുതുതായി ചുമതല ഏറ്റ സര്‍ക്കാര്‍ ആക്രമണ അനുമതി നല്‍കിയാല്‍ മണിക്കൂറുകള്‍ക്കകം ഈ ആക്രമണം ഇസ്രയേല്‍ സൈന്യം നടത്തും എന്നാണ് സൂചന. ഇത്തരം ഒരു ആക്രമണം അപകടകരമാണ് എന്ന് നിരീക്ഷകര്‍ കരുതുന്നു. ആക്രമണം കൃത്യമായി ലക്ഷ്യം കണ്ടെത്തണം എന്നത് തന്നെ കാരണം. എന്നാല്‍ ഇതിനായി ഇസ്രയേല്‍ കഴിഞ്ഞ് നാളുകളിലായി ഒട്ടേറെ പരിശീലനവും ഒരുക്കങ്ങളും പൂര്‍ത്തി ആക്കുകയുണ്ടായി.
യുദ്ധ ഭൂമിയില്‍ കുടുങ്ങി പോയ ജനത്തിന് അവിടെ നിന്നും ഒഴിഞ്ഞു പോകുവാന്‍ സമയം അനുവദിച്ച് കൊണ്ട് ശ്രീലങ്കന്‍ സര്‍ക്കാര്‍ രണ്ട് ദിവസത്തെ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഇതിനിടയില്‍ ഇവിടെ നിന്നും ജനത്തിനെ ഒഴിഞ്ഞു പോകുവാന്‍ അനുവദിക്കും എന്ന് പുലി തലവന്‍ പ്രഭാകരന്‍ അറിയിച്ചു. പുതുകുടിയിരുപ്പ് പ്രദേശത്തെ തമിഴ് പുലികളുടെ നേതാക്കള്‍ എല്ലാം കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇവിടത്തെ യുദ്ധം മുന്നോട്ട് കൊണ്ട് പോവുന്നത് പ്രായോഗികമല്ല എന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് പ്രഭാകരന്‍ ഇത്തരം ഒരു തീരുമാനം എടുത്തത് എന്നാണ് സൂചന. ഇന്നലെ അര്‍ധ രാത്രിയോടെ വെടി നിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു. 48 മണിക്കൂര്‍ നേരത്തേക്കാവും വെടി നിര്‍ത്തല്‍. ശ്രീലങ്കയിലെ പുതു വത്സരം പ്രമാണിച്ചാണ് ഇന്നലെ തന്നെ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചത് എന്ന് അധികൃതര്‍ പറഞ്ഞു.
























