ബാഗ്ദാദ് : ഒന്‍പതു വര്ഷം നീണ്ടു നിന്ന രക്ത രൂഷിതമായ ഇറാഖ് യുദ്ധം ഔപചാരികമായി ഇന്നലെ അവസാനിച്ചു. അധിനിവേശത്തിന്റെ ഭീതിദവും അസ്വസ്ഥവുമായ ഓര്‍മ്മപ്പെടുത്തലായിരുന്നു 45 മിനിറ്റ് മാത്രം നീണ്ടു നിന്ന ഏറെ ഒച്ചപ്പാടുകള്‍ ഒന്നുമില്ലാതെ നടത്തിയ ഔപചാരിക ചടങ്ങ്. ബാഗ്ദാദ് വിമാനത്താവളത്തിന്റെ ഒരു മൂലയില്‍ കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് ചടങ്ങ് നടന്നത്. ഇറാഖികളുടെ അഭാവം ചടങ്ങില്‍ പ്രകടമായിരുന്നു. ഒഴിഞ്ഞു കിടന്ന കസേരകളില്‍ അതില്‍ ഇരിക്കുവാനുള്ള ആളിന്റെ പേരിനു താഴെ ഒരു ആക്രമണം ഉണ്ടായാല്‍ രക്ഷപ്പെടാനായി ഓടി ഒളിക്കേണ്ട താവളത്തിന്റെ പേര് കൂടി നല്‍കിയിരുന്നത് അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുന്ന ഇറാഖില്‍ ഇപ്പോഴും നില നില്‍ക്കുന്ന അരക്ഷിതാവസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്നു.
പരസ്പരം പോരാടുന്ന വിഭാഗങ്ങളുടെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഒരു സുസ്ഥിരമായ ഭരണം നടത്തുവാന്‍ ഇറാഖ് സജ്ജമാണോ എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. യുദ്ധത്തില്‍ നഷ്ടപ്പെട്ട ജീവന്റെ കണക്കുകള്‍ യുദ്ധത്തിന്റെ സാമ്പത്തിക ശാസ്ത്ര വിലയിരുത്തലുകളെ അപ്രസക്തമാക്കുന്നു. ജോര്‍ജ് ബുഷ് ഇറാഖിന്റെ പക്കല്‍ ഉണ്ടെന്നു അവകാശപ്പെട്ട ഭീകരായുധങ്ങള്‍ (Weapons of Mass Destruction – WMD – വെപ്പണ്‍സ് ഓഫ് മാസ് ഡിസ്ട്രക്ഷന്‍) ഇറാഖില്‍ നിന്നും കണ്ടെത്താനായില്ല എന്ന പ്രഹേളികയും അവശേഷിക്കുന്നു.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം 4500 ഓളം അമേരിക്കന്‍ സൈനികര്‍ക്കും പതിനായിരക്കണക്കിന് ഇറാഖികള്‍ക്കും തങ്ങളുടെ ജീവന്‍ ഈ യുദ്ധത്തില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ മരണ സംഖ്യ ഇതിന്റെ പതിന്മടങ്ങാണ് എന്ന് 2003 ലെ ഇറാഖ് അധിനിവേശം മുതല്‍ അധിനിവേശത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സാധാരണ ജനങ്ങളുടെ കണക്ക് സൂക്ഷിക്കുന്ന ഇറാഖ് ബോഡി കൌണ്ട് എന്ന വെബ്സൈറ്റ് സാക്ഷ്യപ്പെടുത്തുന്നു.