മുംബൈ : അപ്രതീക്ഷിതമായി കൈവന്ന സൌഭാഗ്യം വിരല്‍ തുമ്പിലൂടെ നഷ്ടം വന്ന നിരാശയിലാണ് മുംബൈ ഗോരേഗാവിലെ യാചകിയായ ഇഷിക. കഴിഞ്ഞ ദിവസമാണ് ഇന്ത്യ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ വ്യവസായിയും മോഡലുമായ പാരിസ് ഹില്‍ട്ടന്‍ മുംബൈ തെരുവില്‍ വെച്ചു കണ്ട ഇഷികയ്ക്ക് 100 ഡോളര്‍ കറന്‍സി നോട്ട് നല്‍കിയത്. നോട്ട് പലരുടെയും കയ്യില്‍ രൂപയാക്കി മാറ്റാനായി കൊടുത്തുവെങ്കിലും മാറാനായില്ല എന്ന് ഇഷിക പറയുന്നു. അങ്ങനെയാണ് ഈ വിചിത്രമായ നോട്ടിന്റെ പേര് ഡോളര്‍ എന്നാണ് എന്ന് മനസിലാക്കുന്നത്. അവസാനം നോട്ട് വീട്ടില്‍ കൊണ്ട് പോയി ഭര്‍ത്താവിന്റെ സഹോദരനെ ഏല്‍പ്പിച്ചു. മറ്റ് കുടുംബാംഗങ്ങള്‍ വിവരം അറിഞ്ഞതോടെ എല്ലാവര്ക്കും ഈ നോട്ട് വേണമെന്നായി. അവസാനം കലഹമായി, അടിപിടിയായി. ഇഷികയ്ക്കും ഭര്‍തൃ സഹോദരനും അത്യാവശ്യം മര്‍ദ്ദനവും ഏറ്റു. പ്രശ്നം വഷളായതോടെ കുടുംബത്തിന്റെ സമാധാനം തന്നെ നഷ്ടപ്പെടുത്തിയ കറന്‍സി നോട്ട് ഭര്‍തൃ സഹോദരന്‍ പിച്ചിച്ചീന്തി വലിച്ചെറിഞ്ഞു. അതോടെ പ്രശ്നവും തീര്‍ന്നു. തനിക്ക് ലഭിക്കുമായിരുന്ന ഒട്ടേറെ അപ്രതീക്ഷിത സൌഭാഗ്യങ്ങള്‍ നഷ്ടപ്പെട്ട വിഷമത്തിലാണ് ഇപ്പോള്‍ ഇഷിക. താന്‍ ചീന്തിയ കറന്‍സി നോട്ടിന്റെ വില മനസിലാക്കിയ ഭര്‍തൃ സഹോദരന്‍ ഏറെ നഷ്ടബോധത്തിലുമാണ്.
വന്‍കിട പഞ്ചനക്ഷത്ര ഹോട്ടല്‍ ശൃംഖലയായ ഹില്‍ട്ടന്‍ ഹോട്ടല്‍ ഗ്രൂപ്പ് സ്ഥാപകനായ കോണ്‍റാഡ് ഹില്‍ട്ടന്‍റെ ചെറുമകളാണ് പാരീസ് ഹില്‍ട്ടന്‍.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ദുരന്തം, സാമ്പത്തികം, സ്ത്രീ