മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന അക്രമത്തിന് പ്രതികാരം എന്നവണ്ണം ഒരു കൂട്ടം ഇന്ത്യന്‍ ഹാക്കര്‍മാര്‍ ഓസ്ട്രേലിയക്കെതിരെ ഓണ്‍ ലൈന്‍ യുദ്ധത്തില്‍ ഏര്‍പ്പെടുന്നു എന്ന് സൂചന. ഹാക്കേഴ്സ് യൂണിയന്‍ ഓഫ് ഇന്ത്യ എന്ന സംഘമാണ് ഇതിനു പിന്നില്‍ എന്നാണ് സംശയം. ഇവരുടെ ആക്രമണത്തിന് ഇരയായ ഓസ്ട്രേലിയയിലെ മെല്‍ബണ്‍ നഗരത്തിലെ വ്യവസായ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത് എന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓസ്ട്രേലിയന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
രാവിലെ ജോലിക്ക് വന്ന ജീവനക്കാര്‍ തങ്ങളുടെ കമ്പ്യൂട്ടര്‍ സര്‍വര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള ആക്രമണം നിര്‍ത്തുന്നത് വരെ ഹാക്കിംഗ് തുടരുമെന്ന ഭീഷണിയും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.
ഓസ്ട്രേലിയക്കെതിരെ ഹാക്കിംഗ് യുദ്ധം ആരംഭിക്കാനുള്ള നിര്‍ദ്ദേശം ഹാക്കേഴ്സ് യൂണിയന്റെ വെബ്സൈറ്റില്‍
ഓണ്‍ ലൈന്‍ ആയാലും നേരിട്ടായാലും ആക്രമണം അനുവദനീയമല്ല എന്നാണ് ഓസ്ട്രേലിയന്‍ വിദ്യാര്‍ത്ഥി കളുടെ യൂണിയന്റെ പ്രതികരണം. ഓസ്ട്രേലിയന്‍ തെരുവുകളുടെ സുരക്ഷിതത്വം ഇല്ലായ്മയ്ക്ക് വ്യാപാര സ്ഥാപനങ്ങള്‍ വില കൊടുക്കേണ്ടി വരുന്നത് ശരിയല്ല എന്നും അതിനാല്‍ ഇത്തരക്കാര്‍ വ്യാപാര സ്ഥാപനങ്ങളുടെ നേരെയുള്ള ഓണ്‍ ലൈന്‍ ആക്രമണങ്ങള്‍ തുടരരുത് എന്നും വിദ്യാര്‍ത്ഥി നേതാവായ ഗൌതം ഗുപ്ത അറിയിച്ചു.
എന്നാല്‍ ആക്രമണത്തിന്റെ വാര്‍ത്ത പുറത്തായതോടെ ഹാക്കേഴ്സ് യൂണിയന്റെ വെബ്സൈറ്റ് താല്‍ക്കാലികമായി ലഭ്യമല്ലാതായി. ഈ വെബ് സൈറ്റില്‍ നേരത്തെ ഇതിലെ അംഗങ്ങളുടെ പേരും ഫോട്ടോയും ഈമെയില്‍ വിലാസങ്ങളും പരസ്യമായി പ്രദര്‍ശിപ്പിച്ചിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥരെ വഴി തെറ്റിക്കാനായി ഹാക്കേഴ്സ് യൂണിയന്‍ ഓഫ് ഇന്ത്യ എന്ന പേരില്‍ ഒരു പുതിയ വെബ് സൈറ്റും ഒരുക്കിയിട്ടുണ്ട്.




ലോക സഭാ തെരഞ്ഞെടുപ്പ് ചൂട് പിടിച്ച് കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ജനത്തിനു മുന്‍പില്‍ പഴയ വീഞ്ഞ് തന്നെ പുതിയ കുപ്പിയില്‍ ആക്കി പ്രകടന പത്രികകള്‍ പുറത്തിറക്കിയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്നിരിക്കുന്നത് എന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പുറത്തിറക്കിയ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ക്ക് എന്തു സംഭവിച്ചു എന്ന ചോദ്യം എല്ലാവരും മനഃപൂര്‍വ്വം വിസ്മരിക്കുകയും ചെയ്യുന്നു. സ്വന്തം ജീവനും, കുടുംബത്തിന്റെ സുരക്ഷിതത്വവും ചോദ്യ ചിഹ്നമായി മുന്‍പില്‍ നില്‍ക്കുന്ന ചിലരെങ്കിലും വഴി ഒന്നും കാണാതെ ആത്മഹത്യ തെരഞ്ഞെടുത്തതും തീവ്രവാദം തൊഴിലായി സ്വീകരിച്ചതും എല്ലാം അടുത്ത കാലത്ത് നാം കണ്ടു. ഇവര്‍ക്ക് യഥാര്‍ത്ഥത്തില്‍ ആവശ്യം രാമ ക്ഷേത്രമോ രണ്ട് രൂപയുടെ അരിയെന്ന നടക്കാത്ത സ്വപ്നമോ അല്ല.
കഴിഞ്ഞ വര്‍ഷം ഏറ്റവും അധികം കമ്പ്യൂട്ടറുകളെ ആക്രമിച്ച വയറസ് ആയ കോണ്‍ഫിക്കര്‍ ഏപ്രില്‍ ഒന്നിന് വന്‍ നാശം വിതക്കും എന്ന് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വരുമ്പോഴും ഏപ്രില്‍ ഒന്നിന് പ്രത്യേകിച്ച് ഒന്നും പ്രകടമാകില്ല എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ അറിയിക്കുന്നത്. ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ കമ്പ്യൂട്ടറുകളില്‍ കയറി പറ്റിയതോടെയാണ് അടുത്ത ദിവസങ്ങളില്‍ ഈ വൈറസ് ഇത്രയേറെ പ്രശസ്തമായത്. ഏറ്റവും ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ നിലവിലുള്ള ഈ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ പോലും കയറി പറ്റാന്‍ കഴിഞ്ഞത് ഇതിന്റെ നിര്‍മ്മാതാക്കളുടെ വിജയവുമായി. ഒപ്പം സുരക്ഷാ സംവിധാനങ്ങളെ കൂടുതല്‍ ജാഗ്രതയോടെ പരിപാലിക്കേണ്ടതിന്റെ ആവശ്യം എല്ലാവര്‍ക്കും ബോധ്യപ്പെടാന്‍ ഒരു അവസരവും.
ദേശീയ വിദ്യാഭ്യാസ മിഷന്‍, വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ഐ. ഐ. ടി. മദ്രാസ് എന്നിവരുടെ സംയുക്ത ശ്രമ ഫലമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ലോകത്തെ ഏറ്റവും വില കുറഞ്ഞ ലാപ്‌ടോപ് ഇന്ന് തിരുപ്പതിയില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കും. വിദ്യാഭ്യാസ രംഗത്തെ ശാപമായ, സമ്പന്നനും ദരിദ്രനും ഇടയില്‍ നില നില്‍ക്കുന്ന വിവര സാങ്കേതിക വിടവ്, ഇതോടെ നികത്താന്‍ ആവും എന്നാണ് പ്രതീക്ഷ. രണ്ട് ജി. ബി. റാം, വയര്‍ ലെസ്, ഈതര്‍ നെറ്റ് എന്നീ സൌകര്യങ്ങള്‍ ലഭ്യമായ ഈ ലാപ്‌ടോപ്പിന് ഇപ്പോള്‍ 1000 രൂപ ചെലവ് വരുന്നുണ്ടെങ്കിലും വ്യാവസായിക അടിസ്ഥാനത്തില്‍ വന്‍ തോതില്‍ ഉല്‍പ്പാദനം നടത്തുന്നതോടെ ഇതിന്റെ ചിലവ് 500 രൂപ ആവും എന്നാണ് ഇതിന്റെ ഉപജ്ഞാതാക്കളുടെ കണക്ക് കൂട്ടല്‍.

























