പ്രബുദ്ധരായ കേരളീയര്‍ ആട്, മാഞ്ചിയം, തേക്ക്, മണീചെയ്യിന്‍ തുടങ്ങി വ്യത്യസ്തമായ രൂപങ്ങളില്‍ പല കാലങ്ങളിലായി നിരവധി തട്ടിപ്പുകള്‍ക്ക് ഇരയായിട്ടുള്ളവരാണ് . വീട് എന്ന സങ്കല്‍പ്പത്തെ എന്നും മനസ്സില്‍ കാത്തു സൂക്ഷിക്കുന്ന പ്രവാസികളെ വലയിലാക്കാനായി ചില വിരുതന്മാര്‍ ഗള്‍ഫിലേക്കും കയറി വരാറുണ്ട്. വീട് തട്ടിപ്പ് എന്ന ആശയം കൈമുതലാക്കിയ ഇവര്‍ പ്രവാസികളുടെ മനസ്സിലെ ആഗ്രഹത്തെ മുതലെടുക്കുന്നു. പലരും ഈ മോഹന വാക്കുകളില്‍ അടി പതറി വീണിട്ടുണ്ട് . ഇപ്പോള്‍ ഫ്ലാറ്റ്/വില്ലകളുടെ രൂപത്തില്‍ മറ്റൊരു തട്ടിപ്പ് പ്രവാസിയെ തേടിയെത്തിയിരിക്കുന്നു. നാട്ടില്‍ സെറ്റില്‍ ചെയ്യുവാനായി വില്ലാപോജക്ടുകളിലും ഫ്ലാറ്റുകളിലും നിക്ഷേപിക്കുന്നവര്‍ കരുതിയിരിക്കുക. വില്ലയും ഫ്ലാറ്റും നിര്‍മ്മിച്ചു വില്‍ക്കുന്നവര്‍ പ്രധാനമായും ലക്ഷ്യമിടുന്ന പ്രവാസികളെയാണ്. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കൊപ്പം വ്യാജന്മാരും ഈ മേഖലയില്‍ കടന്നു കൂടിയിട്ടുണ്ട്. വലിയ പരസ്യങ്ങളുടേയും ഓഫറുകളുടേയും അകമ്പടിയോടെ ഇത്തരക്കാര്‍ രംഗത്തിറങ്ങും. ഇതില്‍ ആകര്‍ഷിക്കപ്പെട്ട് പലരും കയ്യിലുള്ളതോ ലോണെടുത്തോ അഡ്വാന്‍സ് നല്‍കും. എന്നാല്‍ തട്ടിപ്പിനായി രംഗത്തിറങ്ങുന്നവര്‍ പറയുന്ന സമയത്ത് ഗുണനിലവാരത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി നല്‍കുകയില്ല. ഇത്തരം തട്ടിപ്പുകാരുടെ കയ്യില്‍ പണം കുടുങ്ങിയവര്‍ അതൊടെ വെട്ടിലാകുകയും ചെയ്യും. പ്രവാസികളെ സംബന്ധിച്ച് ഇതിന്റെ പുറകെ കേസും മറ്റുമായി പോകുവാന്‍ പലവിധ പരിമിതികളും ഉണ്ടുതാനും. ഈ പരിമിതിയെ ആണ് ഇവര്‍ ചൂഷണം ചെയ്യുന്നതും. തട്ടിപ്പുകള്‍ പുറത്തു വരുമ്പോള്‍ പോലീസ് നിയമനടപടികള്‍ ആരംഭിക്കും എന്നാല്‍ ഉപഭോക്താക്കളെ സംബന്ധിച്ചുണ്ടാകുന്ന സമയത്തിന്റേയും ധനത്തിന്റേയും നഷ്ടം വലിയതാണ്.
ഇത്തരം ഒരു തട്ടിപ്പിന്റെ കഥയാണ് ആപ്പിള്‍ ഫ്ലാറ്റ് സംഭവത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. വന്‍തോതിലുള്ള പരസ്യങ്ങളുടേയും മാര്‍ക്കറ്റിങ്ങിന്റേയും പിന്‍ബലത്തോടെ ആയിരുന്നു ആപ്പിള്‍ എ പ്രോപ്പര്‍ട്ടീസ് ഉപഭോക്താക്കളുടെ ഇടയിലേക്ക് ഇറങ്ങിയത്. ആപ്പിള്‍ എ ഡേയെ പറ്റി പറയുവാന്‍ പരസ്യങ്ങളില്‍ പ്രമുഖര്‍ തന്നെ അണി നിരന്നു. പരസ്യവാചകങ്ങളില്‍ വിശ്വസിച്ച് ആപ്പിള്‍.കോം, നാനോ, ബിഗ് ആപ്പീള്‍ തുടങ്ങിയ പ്രോജക്ടുകളിലേക്ക് പ്രവാസികളടക്കം നിരവധി പേര്‍ ലക്ഷങ്ങളാണ് നല്‍കിയത്. ഇടപാടുകാരില്‍ നിന്നും കോടികള്‍ പിരിച്ചെടുത്തെങ്കിലും സമയത്തിനു ഫ്ലാറ്റുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈമാറുവാന്‍ കമ്പനി തയ്യാറായില്ല. ഫ്ലാറ്റിനായി പണം നല്‍കിയവര്‍ കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ പലതരത്തിലുള്ള ഒഴിവുകഴിവുകള്‍ പറയുവാന്‍ തുടങ്ങി. അധികം താമസിയാതെ തങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് അവര്‍ക്ക് ബോധ്യം വന്നു. ഇടപാടുകാരില്‍ നിന്നുമുള്ള സമ്മര്‍ദ്ദം ശക്തമായപ്പോള്‍ ഉടംകള്‍ ഒളിവില്‍ പോയി. മാനേജിങ്ങ് ഡയറക്ട സാജു കടവില്‍, ഡയറക്ടര്‍ രാജീവ് എന്നിവര്‍ക്കെതിരെ ഇടപാടുകാര്‍ ബിഗ് ആപ്പിള്‍ ബയേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പോലീസില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് ആപ്പിള്‍ എ ഡേയുടെ ആസ്ഥാനത്ത് പോലീസ് റെയ്ഡും നടന്നു. പ്രതികള്‍ക്കെതിരെ പോലീസ് ലുക്കൌട്ട് നോട്ടീസ് നല്‍കിയിരുന്നു.
കേരളത്തില്‍ കഴിഞ്ഞ പത്തുവര്‍ഷമായി റിയല്‍ എസ്റ്റേറ്റ് രംഗത്ത് വലിയ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ചെറിയ പട്ടണങ്ങളില്‍ പോലും ഫ്ലാറ്റുകള്‍ ഉയരുവാന്‍ തുടങ്ങി. നാട്ടില്‍ സ്വന്തമായി വീട് നിര്‍മ്മിക്കുവാന്‍ സാധിക്കാത്തവരും ചെറിയ നിക്ഷേപത്തില്‍ ടൌണില്‍ താമസിക്കുവാന്‍ ആഗ്രഹിക്കുന്നവരുമാണ് റെഡിമേയ്ഡ് വില്ലാ പ്രോജക്ടുകളേയും ഫ്ലാറ്റുകളെയും ആശ്രയിക്കുന്നത്. മികച്ച ബില്‍ഡര്‍മാര്‍ തങ്ങളുടെ ക്വാളിറ്റി കാത്തു സൂക്ഷിക്കുക തന്നെ ചെയ്യും. എന്നാല്‍ തട്ടിപ്പുകാരാകട്ടെ പലപ്പോഴും നിര്‍മ്മാതാക്കള്‍ നല്‍കുന്ന ബ്രോഷറിന്റേയും യഥാര്‍ത്ഥ കെട്ടിടത്തിന്റേയും അവസ്ഥകള്‍ ഒന്നായിരിക്കില്ല. ഭഗവാന്റെ തിരുമുമ്പില്‍ എന്ന് തെറ്റിദ്ധരിക്കും വിധത്തില്‍ ആയിരിക്കും പരസ്യത്തില്‍ പറയുക എന്നാല്‍ വില്ല ചിലപ്പോള്‍ നാലോ അഞ്ചോ കിലോമീറ്റര്‍ അകലെയായിരിക്കുകയും.
ഇത്തരം കാര്യങ്ങളില്‍ ഉപഭോക്താക്കള്‍ ആണ് ജാഗ്രത പുലര്‍ത്തേണ്ടത്. തങ്ങള്‍ വാങ്ങാന്‍ പോകുന്ന പോജക്ടിന്റെ ഡിസൈനിങ്ങിനെ കുറിച്ചും ബില്‍ഡറെ കുറിച്ചും വ്യക്തമായി അന്വേഷിച്ചറിയണം. പ്രോജക്ടിനു സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും അനുമതിയുണ്ടോ ഏതെങ്കിലും വിധത്തിലുള്ള നിയമ കുരുക്കുകള്‍ ഉണ്ടോ എന്നെല്ലാം മുന്‍ കൂട്ടി അറിയാതെ വലിയ തുക നിക്ഷേപിക്കുന്നത് പിന്നീട് അബദ്ധമായി മാറും. കേരളത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ നിരവധി ഫ്ലാറ്റുകള്‍ ഇനിയും വില്‍ക്കപ്പെടാതെ കിടക്കുമ്പോള്‍ ഭാവിയില്‍ വരാന്‍ പോകുന്ന പ്രോജക്ടില്‍ നിക്ഷേപിക്കുമ്പോള്‍ ഒരു വട്ടം കൂടെ ആലോചിക്കുന്നത് നന്നായിരിക്കും. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട പഴമൊഴി ഓര്‍ക്കുന്നത് നന്നായിരിക്കും
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കോടതി, തട്ടിപ്പ്, പോലീസ്